ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികൾ
ജനനം1853 ഓഗസ്റ്റ് 25
കൊല്ലൂർ, തിരുവനന്തപുരം
മരണം1924 മേയ് 5
പന്മന ആശ്രമം പന്മന,കൊല്ലം
ഉദ്ധരണി"അനുകമ്പയാകുന്ന തേൻ കൊണ്ട് നിറഞ്ഞതാകണം മനുഷ്യമനസ്സ്"
ആറ്റുകാൽ ക്ഷേത്രത്തിലെ സ്വാമികളുടെ വിഗ്രഹപ്രതിഷ്ഠ

ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.


ജനനവും ബാല്യവും

[തിരുത്തുക]

തിരുവനന്തപുരത്തുള്ള കണ്ണൻമൂലയിലെ 'ഉള്ളൂർക്കോട് വീട്" എന്ന ഒരു ദരിദ്ര നായർ കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്കാദേവി . അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. [1]

സാമൂഹികവും സാമ്പത്തികവും ആയ നീചത്വങ്ങളോടു് കുട്ടിക്കാലം മുതൽ തന്നെ സ്വാമിക്കു് ശക്തമായ എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്വാമിയുടെ അമ്മ ഒരു നമ്പൂതിരി ഭവനത്തിൽ (കൊല്ലൂർ മഠം) വീട്ടുജോലിക്കു് പോയാണു് കുടുംബം പുലർത്തിയിരുന്നതു്. അച്ഛൻ ഒരു കൊച്ചു ക്ഷേത്രത്തിലെ പൂജാരിയായ ബ്രാഹ്മണനായിരുന്നു. ഇദ്ദേഹവും ദരിദ്രൻ ആയിരുന്നു. സംബന്ധരീതിയിലെ വിവാഹമായതിനാൽ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്തതും, ഉയർന്ന ജാതിയിൽ നിന്നുമായതിനാൽ മക്കൾക്കു് തൊട്ടു തീണ്ടാൻ പാടില്ലാത്തതുമായ പിതാവ് തന്നെ, ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾക്കെതിരായ ഒരു മാനസികാവസ്ഥ കുട്ടിക്കാലം മുതൽ സ്വാമിയിലുണ്ടാക്കാൻ കാരണമായതായി പറയപ്പെടുന്നു.[2] എന്നാൽ ഈ പുത്തൻ വാദത്തിന് എതിരായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, ഇദ്ദേഹത്തിന്റെ അച്ഛൻ വാസുദേവ ശർമ തന്നെയാണ് ഇദ്ദേഹത്തെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത് എന്നതാണ്.[3]സ്വാമിയുടെ ബാല്യകാല സുഹൃത്തുക്കളിൽ പലരും താഴ്ന്ന ജാതികളിൽ ഉള്ളവരും ദരിദ്രരുമായിരുന്നു. അവരുടെ ദൈന്യസ്ഥിതിയും സ്വാമിയുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടു്[2]. സ്വാമിജി സംസ്കൃതം പഠിച്ചത് കൊല്ലൂർ മഠത്തിലെ ബ്രാഹ്മണരിൽ നിന്നും ആണ്.

വിദ്യാഭ്യാസം

[തിരുത്തുക]

വളരെ ദരിദ്ര കുടുംബ സാഹചര്യമായതിനാൽ സ്വാമിക്കു ഔപചാരിക വിദ്യാഭ്യാസം ലഭിക്കാനുള്ള മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല. അച്ഛന്റെയും അയൽവീടുകളിലെ കുട്ടികളുടെയും സഹായത്തോടെ സ്വാമി അക്ഷരാഭ്യാസം നടത്തി. സംസ്കൃതത്തിലേയും തമിഴിലേയും മലയാളത്തിലേയും പ്രാഥമിക പാഠങ്ങൾ ഹൃദിസ്ഥമാക്കി. കുറച്ചു കാലത്തിനുശേഷം വടിവീശ്വരം വേലുപ്പിള്ള ആശാനിൽനിന്നു കണക്കും വായനയും പഠിച്ചു. വീടിനു സമീപമുള്ള കൊല്ലൂർ മഠത്തിലെ ശാസ്ത്രികൾ കുഞ്ഞനു പഠിക്കാനുള്ള താല്പര്യം തിരിച്ചറിഞ്ഞ് അമരകോശം, സിദ്ധരൂപം, ലഘുകാവ്യങ്ങൾ എന്നിവ അഭ്യസിപ്പിച്ചു. പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. 'ചട്ടമ്പി' എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നേ അർത്ഥമുള്ളൂ. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും 'ചട്ടമ്പി' എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി.

പ്രാരബ്ദങ്ങൾക്കിടയിൽ

[തിരുത്തുക]

പഠിത്തം അധികം നാൾ തുടരാൻ കുഞ്ഞനു കഴിഞ്ഞില്ല. വീട്ടീലെ ദാരിദ്ര്യം കാരണം പഠിത്തം നിർത്തേണ്ടി വരികയും മാതാവിനും സഹോദരങ്ങൾക്കും ചിലവിനു വേണ്ട വക കണ്ടെത്താൻ ജോലി ആവശ്യമായി വന്നു. ഒരു ജോലിയോടും പുച്ഛമോ വെറുപ്പോ ഉണ്ടായിരുന്നില്ല. സർ ടി. മാധവറാവു ദിവാനായിരുന്നകാലത്തു് സെക്രട്ടറിയറ്റ് നിർമ്മാണത്തിനു് ഇഷ്ടികയും മണലും മണ്ണും മറ്റും ചുമക്കുവാനുളള ഭാഗ്യം തനിക്ക് ഉണ്ടായെന്നും അതുകൊണ്ട് ഈ സംഭവം ഭരണസൌധത്തിനെ്റ നിർമ്മാണ പ്രക്രിയയിൽ മോശമില്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് വരുന്നു എന്ന അഭിപ്രായം [4]. അതിനുശേഷം കൊല്ലൂർ മഠക്കാരുടെ കണക്കുകൾ എഴുതുന്ന ജോലി ചെയ്തു. ഒരു വക്കീൽ ഗുമസ്തനായും കുറച്ചു നാൾ ജോലി നോക്കി. പിന്നീടു് നെയ്യാറ്റിൻകരയിൽ ആധാരമെഴുത്തുകാരനായി കുറേക്കാലം കൂടി. മതം, തത്ത്വശാസ്ത്രം, ചരിത്രം തുടങ്ങിയ പലതിലും അവനുള്ള താല്പര്യം അറിയാനിടയായ തദ്ദേശസവാസികൾ തങ്ങളുടെ സംശയങ്ങൾ തീർക്കാൻ ആ യുവാവിനെ സമീപിച്ചു തുടങ്ങി. നീണ്ട താടി, മുടങ്ങാത്ത യോഗപരിശീലനം, ധ്യാനം, ലളിതജീവിതം എല്ലാം ജനങ്ങൾ ബഹുമാനത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ അവർ അവിടെ കുഞ്ഞൻപിള്ള സ്വാമി എന്നറിയപ്പെട്ടു. പല എഴുത്തുകാരും വളരെ ദരിദ്രകുടുംബങ്ങളിൽ നിന്നു വന്നവരായിരുന്നു. അവർക്കെല്ലാം എന്നും ജോലി കിട്ടിയെന്നുവരില്ല. അതു മനസ്സിലാക്കിയ കുഞ്ഞൻപിള്ള തനിക്കു കിട്ടുന്നതിൽ ഒരു പങ്ക് ഒന്നും കിട്ടാത്തവർക്കു വീതിച്ചുകൊടുത്തു [5]ആ യുവാവിനു് എല്ലാവരോടും ഒരേപോലെ സ്നേഹമായിരുന്നു. പിന്നീടു ജോലി ഭൂതപ്പാണ്ടിയിലേക്കു മാറ്റി. ഈ പ്രദേശം ദക്ഷിണേന്ത്യൻ തത്ത്വശാസ്ത്രം, സംസ്കാരം, ശാസ്ത്രങ്ങൾ ഇവയുടെ തട്ടകമാണു്. ഇവിടവും ചുറ്റുവട്ടത്തുള്ള വീടുകളും ക്ഷേത്രങ്ങളും ശൈവസിദ്ധാന്ത സമ്പ്രദായത്തെയും സിദ്ധവൈദ്യത്തെയും പറ്റി മനസ്സിലാക്കാനുതകുന്ന നല്ല വിദ്യാകേന്ദ്രങ്ങളായിരുന്നു. ഇവിടെ വച്ചു് കുഞ്ഞൻ തമിഴിലുള്ള തന്റെ അറിവു് കൂടുതൽ മെച്ചപ്പെടുത്തി. മതം, തത്ത്വശാസ്ത്രം, ചരിത്രം, വൈദ്യം ഇവയെ സംബന്ധിച്ചു തമിഴിലുള്ള ചില പഴയ കൈയെഴുത്തു പ്രതികളും താളിയോലകളും പരിശോധിക്കാനുള്ള സുവർണ്ണാവസരം കിട്ടി. എന്നാൽ ഏറെ താമസിയാതെ ജോലിവേണ്ടെന്നുവച്ചു തിരുവനന്തപുരത്തിനു മടങ്ങി. സെക്രട്ടറിയറ്റിലേക്കു് ഗുമസ്തന്മാരെ നിയമിക്കാൻ ദിവാൻ സർ ടി. മാധവറാവു നടത്തിയ പരീക്ഷ ജയിച്ചു അവിടെ കണക്കപ്പിള്ളയായി. എന്നാൽ കുഞ്ഞൻപിള്ള സർക്കാർ ജീവനക്കാരനായി അധികനാൾ തുടർന്നില്ല.

ജ്ഞാന പ്രജാഗരം

[തിരുത്തുക]

സർക്കാർ ജീവനം ഉപേക്ഷിച്ച കുഞ്ഞൻ പിള്ള, രാമൻപിള്ള ആശാന്റെ നേതൃത്വത്തിലുള്ള 'ജ്ഞാന പ്രജാഗരം' എന്ന സാംസ്കാരിക സംഘത്തിലെ സജീവ അംഗമായി.[6]. അതു് മനോന്മണീയം സുന്ദരംപിള്ള, തൈക്കാട്‌ അയ്യാസ്വാമി, സ്വാമിനാഥ ദേശികൻ തുടങ്ങിയ മഹാപണ്ഡിതന്മാരുടെ പരിചയം നേടിക്കൊടുത്തു [2]. പണ്ഡിതന്മാരുമായും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുമായും ബന്ധപ്പെടാനും തന്റെ അറിവു് വിപുലമാക്കാനും അങ്ങനെ അദ്ദേഹത്തിനു് അവസരം കിട്ടി. മനോന്മണീയം സുന്ദരംപിള്ളയുമായുള്ള സൗഹൃദം പാശ്ചാത്യ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങൾ മനസ്സിലാക്കാനും, ബൈബിൾ പഠനത്തിലും സഹായകമായി. സംസ്കൃതവ്യകരണ പഠനത്തിനായി ഇലത്തൂർ രാമശാസ്ത്രികളുടെ അടുക്കൽ ചെന്നു[2]. തിരുവനന്തപുരം മഹാരാജാസു് കോളജിൽ തമിഴു് പ്രൊഫസറായിരുന്ന സ്വാമിനാഥ ദേശികൻ തമിഴു് വ്യാകരണം പഠിപ്പിച്ചു. തൈക്കാട്‌ അയ്യാ സ്വാമി യുമായുള്ള പരിചയം കുഞ്ഞൻപിള്ളയ്ക്ക് തമിഴു് പ്രമാണ ഗ്രന്ഥങ്ങളനുസരിച്ചുള്ള വേദാന്ത ചിന്തകളിലേക്കു്, പ്രത്യേകിച്ചും, ദക്ഷിണദേശത്തെ ശൈവമാർഗ്ഗാവലംബികളുടെ പരമ്പരാഗത ചിന്താ സമ്പ്രദായങ്ങളിലേക്കുള്ള പ്രവേശനകവാടം തുറന്നുകൊടുത്തു [7].

സുബ്ബാജടാവല്ലഭരുടെ കീഴിൽ ഉപരിപഠനം

[തിരുത്തുക]

തിരുനെൽവേലി ജില്ലയിലെ കല്ലടക്കുറിച്ചിഗ്രാമത്തിൽ സുബ്ബാ ജടാപാഠി എന്ന സുബ്ബാജടവല്ലഭരുടെ ജ്ഞാനക്ഷേത്രത്തിലെ വിദ്യാഭ്യാസമാണു് കുഞ്ഞൻപിള്ളയുടെ വീക്ഷണത്തെയും, ആദ്ധ്യാത്മികതയിലൂടെയുള്ള മുന്നേറ്റത്തെയും പൂർണ്ണതയിലെത്തിച്ചതു് [2]. സുബ്ബാജടവല്ലഭർ ദക്ഷിണ ഭാരതം മുഴുവൻ അറിയപ്പെടുന്ന ആചാര്യനായിരുന്നു. തർക്കശാസ്ത്രം, വ്യാകരണം, മീമാംസ, ഭാരതീയ അദ്ധ്യാത്മിക നിശൂഢശാസ്ത്രം, വേദങ്ങൾ, വേദാന്തം ഇവയിൽ അദ്ദേഹത്തിനു തുല്യനായി മറ്റൊരാളില്ലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം വേണാട്ടു രാജാക്കന്മാരുമായി ഗാഢബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റ ഭവനത്തിൽ നടന്ന വിവിധവിഷയങ്ങളിലുള്ള ശില്പശാലകളിലും സംവാദങ്ങളിലും ഭാഗഭാക്കുകളാകുന്നതിനുവേണ്ടി, നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പണ്ഡിതന്മാർ എത്തിയിരുന്നു. കുഞ്ഞൻപിള്ളയ്ക്ക് അതിലൊക്കെ പങ്കെടുക്കാനുള്ള അസുലഭാവസരം കിട്ടി. അതിപ്രാചീനങ്ങളായ കൈയെഴുത്തു പ്രതികൾ കൊണ്ടും സമ്പന്നവും, പണ്ഡിതോചിത ചർച്ചാ -സംവാദാദികൾ കൊണ്ടു മുഖരിതവും, വിവിധ വിഷയങ്ങളിലുള്ള പഠനമനനങ്ങൾ നിരന്തരം നടന്നിരുന്നതുമായ ആ ഗുരുകുലത്തിൽ നിന്നാണു് മതം, സമൂഹം ഇവയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്കു കുഞ്ഞൻപിള്ള തുടക്കം കുറിച്ചതു് [2]. ആ ജ്ഞാനക്ഷേത്രത്തിൽ നിന്നു തന്നെയാണ് ആ യുവാവു് തമിഴു്‌ സംസ്കൃതഭാഷകളിലുളള ശാസ്ത്രങ്ങളിൽ ആഴവും പരപ്പുമുള്ള ജ്ഞാനവല്ലഭത്വം നേടിയതും. അവിടുത്തെ ജീവിതത്തിനിടയ്ക്കു് ആ ജ്ഞാനഭിക്ഷു വേദങ്ങൾ, തർക്കം, വ്യാകരണം, കാവ്യമീമാംസ, മന്ത്രശാസ്ത്രം എല്ലാം പഠിച്ചു. കുഞ്ഞൻപിള്ളയുടെ ഓർമ്മ ശക്തി അപാരമായിരുന്നു. ഒരിക്കൽ കേട്ടതോ വായിച്ചതോ ഒരിക്കലും മറന്നില്ല. ഇതെല്ലാംകൊണ്ടു് ഋഷി തുല്യനായ ഗുരു ആ ശിഷ്യനെ മറ്റെന്തിനെക്കാളും സ്നേഹിച്ചു. ഗുരുവുമൊത്തുള്ള യാത്രകളും മറ്റും ആ യുവശിഷ്യനു് ശൈവമതാചാര്യന്മാരുമായും, സന്ന്യാസിമാരുമായും, സിദ്ധ്യവൈദ്യവിശാരദന്മാരുമായും, ഉപകരണ വാദനവിദഗ്ദ്ധരുമായും പരിചയപ്പെടാനും ഇടപഴകാനുമുള്ള സുവർണ്ണാവസരം പ്രദാനം ചെയ്തു. ആ ഗ്രാമത്തിലെ ഒരു മഹായോഗിയിൽ നിന്നു് തമിഴകത്തു നിലവിലിരുന്ന യോഗ സമ്പ്രദായത്തിന്റെ ഉപരി മുറകൾ വശമാക്കി. പാരമ്പര്യമായി സിദ്ധവൈദ്യ സമ്പ്രദായത്തിൽ ചികിത്സ നടത്തുന്ന ഒരു കുടുംബത്തിൽനിന്നും ആ വൈദ്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ പഠിച്ചു. പശ്ചിമ പർവത നിരകളുടെ തെക്കേ അറ്റത്തുള്ള ആ പ്രദേശത്തു് കാണപ്പെട്ടിരുന്ന നിരവധി ഔഷധസസ്യങ്ങൾ ഏതൊക്കെയെന്നും, അവയുടെ പ്രായോഗവിധികൾ എന്തൊക്കെയെന്നും പഠിച്ചു. കല്ലടക്കുറിച്ചി വിടുന്നതിനുമുമ്പു് സിദ്ധവൈദ്യത്തിലെ മിക്കവാറും എല്ലാ പ്രമാണ ഗ്രന്ഥങ്ങളും വായിച്ചു പഠിച്ചു. ജടാവല്ലഭരുടെ ഗുരുകുലത്തിൽ സംഗീത സദസ്സുകൾ നിത്യേനയെന്നോണം അരങ്ങേറിയിരുന്നു. കലാകാരന്മാരുമായി പരിചയപ്പെടാനും, ആ വാദ്യോപകരണങ്ങളുടെ പ്രയോഗരീതികൾ മനസ്സിലാക്കാനുമുള്ള അവസരം പ്രയോജനപ്പെടുത്തി. ആ യുവാവിന്റെ നീണ്ടു കറുത്ത താടി, നെറ്റിയിലെ ഭസ്മക്കുറി, ലളിതമായ വെളുത്ത വസ്ത്രം, ശരീരശുദ്ധി, സംഗീതത്തിലുള്ള താല്പര്യം, വിവിധ ശാസ്ത്രങ്ങളിലുള്ള ജ്ഞാനം, എല്ലാംകൂടി ഒരു സന്ന്യാസിയാണെന്നു തോന്നിച്ചു. ജടാവല്ലഭരുമായുള്ള ബന്ധം സ്വതന്ത്രമായി ചുറ്റുപാടും സഞ്ചരിക്കുന്നതിനും സഹായകമായി. ഇതിലൊക്കെ പ്രധാനം സന്ന്യാസിമാർക്കു് അവിടെ ജാതിപരമായ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നതാണു്. ശൈവരും അക്കാര്യത്തിൽ കടുംപിടിത്തക്കാരായിരുന്നില്ല. ഇതെല്ലാം കൂടി കുഞ്ഞൻപിള്ളയ്ക്ക് കല്ലടക്കുറിച്ചിയിൽ വച്ചു് തന്റെ കഴിവുകളും അറിവുകളും വികസിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചു. സമയം കിട്ടുമ്പോഴെല്ലാം പ്രാചീന ശൈവസിദ്ധാന്ത ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ചുകൊണ്ടിരുന്നു. അവിടുത്തെ അലൗകികവും ശാന്തവുമായ അന്തരീക്ഷം, പരിണത പ്രജനരായ ആചാര്യന്മാർ പകർന്നു നൽകിയ ശ്രദ്ധയും സ്നേഹവും, അനവസാനമായ ജ്ഞാനദാഹം, ഒക്കെയാണു് ആ യുവാവിനെ വിദ്യധിരാജനായി ഉയർത്തിയതു്. തന്റെ കൃതികളായ പ്രാചീന മലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയവ രചിക്കാനുള്ള കഴിവും പ്രചോദനവും കുഞ്ഞൻപിള്ളയ്ക്കു കൈവന്നതു് കല്ലടക്കുറിച്ചിയിലെ ഗുരുകുലത്തിൽ പിന്നിട്ട ദിവസങ്ങളിൽ നിന്നായിരുന്നു[2]. അദ്ദേഹം അവിടെ 4 മുതൽ 6 വർഷം വരെ ജീവിച്ചു. കല്ലടക്കുറിച്ചിയിലെ കാലമാണു് അദ്ദേഹത്തിന്റെ ഭാവി മഹത്ത്വത്തിനു് അടിസ്ഥാനമിട്ടതു്.

ക്രൈസ്തവ ഇസ്ലാമിക സൂഫി പഠനം

[തിരുത്തുക]

കല്ലടക്കുറിച്ചിവിട്ടശേഷം നാടാർ സമുദായത്തിൽപ്പെട്ട, കുമാരവേലു എന്നും ആത്മനന്ദസ്വാമികൾ എന്നും വിളിക്കുന്ന സിദ്ധനിൽ നിന്നും മർമ്മവിദ്യ എന്ന ആയോധനകലയിലെ മർമ്മസ്ഥാനങ്ങളെയും നാഡീകേന്ദ്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ശരീരമർമ്മശാസ്ത്രവും അഗസ്ത്യമഹർഷിയുടെ യോഗവിദ്യയും പഠിച്ചു [2]. തെക്കൻ തമിഴു്‌നാട്ടിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ പുരോഹിതനുമൊത്തു് കുറെക്കാലം കഴിയുകയും, ബൈബിളും ക്രിസ്തുമതസിദ്ധാന്തങ്ങളും പഠിച്ചറിയുകയും ചെയ്തു[2]. കന്യാകുമാരിയിലെ ഒരു മുസ്ലീം പണ്ഡിതനും സിദ്ധാനുമായ തങ്ങൾക്കു ശിഷ്യപ്പെട്ടു് അത്യാവശ്യം വേണ്ട അറബി ഭാഷയും ഖുറാനും ഇസ്ലാംമത തത്ത്വങ്ങളും ഹൃദിസ്ഥമാക്കി[2]. ആ മതത്തിലെ പ്രമാണഗ്രന്ഥങ്ങളിലും സൂഫി ഗൂഢവിദ്യയിലും വിജ്ഞനായിരുന്ന തങ്ങൾ കുഞ്ഞൻപിള്ളയെ ഇസ്ലാമിലെ പ്രധാന ആശയങ്ങളിലേക്കു് ഉപനയിച്ചു. അറബി ഭാഷയിൽ പാരമ്പര്യവിധി പ്രകാരം ഖുർ-ആൻ സൂക്തങ്ങൾ ഉരുവിടാനും പഠിപ്പിച്ചു.

അവധൂത ദിനങ്ങൾ

[തിരുത്തുക]

ഈ ഗുരുക്കന്മാരിൽ നിന്നു വിടവാങ്ങി കുഞ്ഞൻപിള്ള കുറെക്കാലം ദക്ഷിണ ഭാരതത്തിലെമ്പാടും ചുറ്റിത്തിരിഞ്ഞു. ആ കറക്കം തമിഴകം മുഴുവനും, ഇന്നത്തെ ആന്ധ്രാപ്രദേശിന്റെ തെക്കുഭാഗങ്ങളിലേക്കും വ്യാപിച്ചു. രാത്രി മുഴുവൻ സഞ്ചാരം. പകലെല്ലാം പാതവക്കുകളിലുള്ള പൊതുവഴിയമ്പലങ്ങളിലോ, ക്ഷേത്രങ്ങളിലോ, മരത്തണലുകളിലോ, തുറന്ന മൈതാനങ്ങളിലോ കഴിച്ചുകൂട്ടും. നിരാഹാരനായും ദിവസങ്ങളോളം അലഞ്ഞു. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ കഴിക്കും; അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ നിന്നു് അവിടെ കൂടിയിരിക്കുന്ന ഭക്തജനങ്ങൾക്കോ സന്ന്യാസിമാർക്കോ പൂജയ്ക്കു ശേഷം വിതരണം ചെയ്തിരുന്ന നിവേദ്യാംശം ഭക്ഷിക്കും. അങ്ങനെ ഊരുചുറ്റുന്ന അവധൂതനെപ്പോലെ കുഞ്ഞൻപിള്ള മധുര, തഞ്ചാവൂർ, ചിദംബരം, കാഞ്ചീപുരം, രാമേശ്വരം, തിരുപ്പരം കുന്റം തുടങ്ങി പലയിടങ്ങളിലും സഞ്ചരിച്ചു. ഈ അലച്ചിലിനിടയ്ക്കു് തിരുപ്പതിയും കൊല്ലൂർ മൂകാംബികക്ഷേത്രവും സന്ദർശിച്ചതായി കരുതപ്പെടുന്നു. സ്വാമി ജീവിച്ചിരുന്നപ്പോൾ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആധികാരിക ജീവചരിത്രത്തിൽ പറയുന്നതു് പഠനശേഷമുള്ള ഈ തീർത്ഥാടനത്തിൽ കന്യാകുമാരി മുതൽ ബദരീനാഥം വരെയും, ഭൃഗുകച്ഛം തൊട്ടു കാമരൂപം വരെയും ഉള്ള പുണ്യസ്ഥലങ്ങൾ ഉൾപ്പെട്ടിരുന്നു എന്നാണു് [8]. മടങ്ങിയെത്തിയ ശേഷം വളരെക്കാലം കന്യാകുമാരി ജില്ലയിലെ മരുത്വാ മലയിൽ ഒരു ഗുഹയിൽ തപസ്സനുഷ്ഠിച്ചു. അവിടെ നിന്നും മടങ്ങവേ തിരുവനന്തപുരത്തിനു സമീപത്തെ ഒരു ഗ്രാമത്തിൽ നടന്ന ഒരു സദ്യയിൽ പുറന്തള്ളിയ ഭക്ഷണോച്ഛിഷ്ടങ്ങൾ തെരുവുനായ്ക്കളോടൊപ്പം കഴിയ്ക്കുന്ന ഒരവധൂതനെ കുഞ്ഞൻപിള്ള കണ്ടുവെന്നും, അവിടെ നിന്നു് കുഞ്ഞൻപിള്ള ആ അവധൂതന്റെ പുറകെ ഒരു കാട്ടിലെത്തിയെന്നും, ആ അവധൂതൻ കുഞ്ഞൻപിള്ളയെ ബ്രഹ്മജ്ഞാനത്തിലേക്കു നയിച്ചുവെന്നും, മിക്ക ജീവചരിത്ര ഗ്രന്ഥങ്ങളും പറയുന്നു[2].

സുഹൃദ് സംഘങ്ങൾ

[തിരുത്തുക]

ജ്ഞാനപ്രജാഗാരത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടു് പെരുന്നല്ലിയുമൊത്തുമുള്ള 'സഹൃദയ സമാജ'ത്തിൽ നിന്നു തുടങ്ങി, സാഹിത്യവും മതവും താഴെത്തട്ടിലെ ജനങ്ങൾക്കും കൈകാര്യം ചെയ്യാനും ഉപയോഗപ്രദമാക്കാനും വേണ്ടിയുള്ള കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി അനൗപചാരിക സംഘങ്ങളുടെ രൂപീകരണത്തിനു് സ്വാമി കാരണമായിത്തീർന്നു [2]. അത്തരം പ്രവർത്തനങ്ങളുടെ പ്രചോദനവും ശക്തിയുമായി നിന്നു. ഓരോ പ്രദേശത്തുമുള്ള ഇത്തരം സുഹൃദ്സംഘങ്ങളും കുടുംബസദസ്സുകളും സ്വാമി എത്തുമ്പോൾ സജീവമായി. സ്വാമി ഒരു സുഹൃദ്ഭവനത്തിൽ എത്തുമ്പോൾ സമീപവാസികളൊക്കെ അവിടെ ഒത്തുകൂടുകയായി. സ്വാമിയുടെ കുറിപ്പുകളും കൃതികളും ആദ്യമായി ഇത്തരം സദസ്സുകളിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു. സ്വാമി പോയിക്കഴിഞ്ഞാലും ദിനവും അവർ അവിടെ ഒത്തുകൂടുകയും ചർച്ചകൾ തുടരുകയും ചെയ്യും. ഇങ്ങനെയുള്ള സുഹൃദ് സംഘങ്ങളുടെ സംവാദത്തിനും അവരുടെ അഭിപ്രായരൂപീകരണത്തിനും വേണ്ടി തയ്യാറാക്കിയ കുറിപ്പുകളുടെ ശേഖരങ്ങളാണു് സ്വാമിയുടെ കൃതികൾ മിക്കവയും. പിൽക്കാലത്തു് കേരളത്തിലെ ആദ്ധ്യാത്മിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ പ്രധാന പങ്കു് വഹിച്ച പലരും ഇത്തരം സദസ്സുകളിൽ നിന്നും തങ്ങളുടെ ചെറുപ്പകാലത്തു് ലഭിച്ച പ്രചോദനം രേഖപ്പെടുത്തിയിട്ടുണ്ടു് [9].ഈ സദസ്സുകളിൽ പങ്കെടുത്തവരിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ സ്വാധീനമുള്ള വ്യക്തികളും, സാഹിത്യകാരൻമാരും പ്രസംഗകരും ഭരണകർത്താക്കളും ഉണ്ടായിരുന്നു. ഇവർ ഈ സദസ്സുകളിൽ പങ്കെടുത്ത യുവാക്കൾക്ക് മാതൃകയും പ്രചോദനവുമായി. ലേഖനങ്ങളായി, പ്രസംഗങ്ങളായി, പല പുരോഗമന പ്രവർത്തനങ്ങൾക്കുമുള്ള മാർഗ്ഗ നിർദ്ദേശങ്ങളായി, അഭിപ്രായങ്ങളായി, ജനങ്ങളിലെത്താനുള്ള കാര്യങ്ങൾ രൂപപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കു് വേണ്ട അറിവും പരിശീലനവും നേടാൻ സഹായകമാകുന്ന ചെറിയ ചെറിയ പണിശാലകളായിരുന്നു സ്വാമിയുടെ സുഹൃദ്സംഘങ്ങൾ. ഇത്തരം ചെറു സംഘങ്ങളിലൂടെയുള്ള പ്രവർത്തനങ്ങളായിരുന്നു സ്വാമിയുടേതു്. ഒരു ഗൃഹനാഥന്റെ, ഗൃഹനായികയുടെ, ഒരു വ്യക്തിയുടെ വികസനത്തിലൂടെ ഒരു കുടുംബത്തിന്റെ സമഗ്ര വികാസം സാദ്ധ്യമാക്കുകയും ഈ പുരോഗതി ചുറ്റുമുള്ള കുടുംബങ്ങളിലേക്കും സ്വയം വ്യാപിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു സ്വാമിയുടേതു്. വളരെ പരിമിതമായ തോതിലാണെങ്കിലും സ്വാമി തുടങ്ങിവച്ച ഈ പ്രക്രിയ ദേശങ്ങളിലൂടെ കാലങ്ങളിലൂടെ കടന്നുവരുന്നെന്നതിനു് പല ഉദാഹരണങ്ങളും നമുക്കു് ചൂണ്ടിക്കാട്ടാനുണ്ടു്.

നവോത്ഥാന പ്രവർത്തനങ്ങൾ

[തിരുത്തുക]

സ്വാമി ഒരു പണ്ഡിതനായിരുന്നു. സംഗീതം, നൃത്തം, ചിത്രമെഴുത്തു് തുടങ്ങി സകല കലകളിലും നിപുണനായിരുന്നു. പഠനവും ഗവേഷണവും അദ്ദേഹത്തിനു് ഒരു നിരന്തര തപസ്യയായിരുന്നു. അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണു് വേദാധികാരനിരൂപണവും മറ്റും. അവ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ക്രൂരതകൾക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കി. അന്നുണ്ടായിരുന്ന ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ തുറന്നുകാട്ടി, ജാതി വ്യവസ്ഥയിൽ ചവുട്ടിതാഴ്ത്തപ്പെട്ട വിഭാഗങ്ങൾ ഒരിക്കൽ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിൽ വഹിച്ച പങ്കു് വ്യക്തമാക്കി അവർക്കു് സ്വാഭിമാനമുണ്ടാക്കി മറ്റുള്ളവരോടൊപ്പം നിൽക്കാനുള്ള കരുത്തു് നൽകുന്നു സ്വാമിയുടെ കൃതികൾ [10]. മതത്തെയും ദർശനങ്ങളെയും കുറിച്ചു് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാധാരണക്കാർക്കു് അവരുടെ ഭാഷയിൽ, ലളിതമായി വ്യക്തമായി അവ വിശദീകരിച്ചു കൊടുക്കുന്നു. ഇങ്ങനെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു് സാധാരണക്കാർക്കു് വേണ്ട വിജ്ഞാനം പകർന്നു് നൽകാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമികൾ തന്റെ കൃതികളും സുഹൃദ് ബന്ധങ്ങളും തന്ത്രപൂർവ്വം ഉപയോഗപ്പെടുത്തി. പ്രാചീനമലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ജീവകാരുണ്യനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ സ്വാമിയുടെ കൃതികൾ കേരളത്തിലെ അന്നത്തെ സാമൂഹ്യപരിഷ്കരണത്തെ അതിയായി സ്വാധീനിച്ചിട്ടുണ്ടു് [1].

പത്തൊമ്പതാം നൂറ്റാണ്ടിലും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ എല്ലാ കാര്യങ്ങളും മതത്തെ ചൂഴ്ന്നു തന്നെയാണു് നിന്നതു്. അതുകൊണ്ടു് ഈ മേഖലകളിലെ തിന്മകൾക്കു് ശക്തി നൽകിയിരുന്ന മതത്തിന്റെ ഘടകങ്ങൾക്കെതിരെ സ്വാമിയുടെ ശബ്ദം ആദ്യം ഉയർന്നതു് സ്വാഭാവികം മാത്രമാണു്. ആത്മജ്ഞാനം നേടിയ ഒരു യോഗവര്യൻ, അത്ഭുതസിദ്ധികൾ ഉള്ളവൻ, വിദ്യാനിധി, അധികാരം കൈയ്യാളുന്ന പലർക്കും ബഹുമാന്യൻ, അന്നത്തെ സാമൂഹ്യ വ്യവസ്ഥയിലെ ഒരു മധ്യവർഗത്തിൽ പിറന്നവൻ ഇങ്ങനെ പല കാര്യങ്ങളും സന്ദർഭവശാൽ സ്വാമിയുടെ പ്രവർത്തനങ്ങൾക്കു് സഹായകമായി ഭവിക്കുകയും ചെയ്തു. മനുഷ്യരാശിയെ കൂടുതൽ കൂടുതൽ മാനവികതയിലേക്കും, സ്വാതന്ത്ര്യത്തിലേക്കും, പുരോഗതിയിലേക്കും നയിക്കുന്ന നവോത്ഥാനത്തിന്റെ ഘടകങ്ങൾ ഇന്ത്യയിലും പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രത്യക്ഷപ്പെട്ടു. ബംഗാളിലും കേരളത്തിലുമൊക്കെ ഈ പ്രവണതകൾ ഒരേ സമയത്തു തന്നെ ദൃശ്യമായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി കഴിയും മുമ്പു് മതപരമായ കാര്യങ്ങളിലെന്നല്ല, സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിലും വിപ്ലവകരമായ പരിവർത്തനങ്ങൾ ഉണ്ടായി. ബംഗാളിലെ ശ്രീ രാമകൃഷ്ണനെയും, സ്വാമി വിവേകാനന്ദനെയും, ഈശ്വര ചന്ദ്ര വിദ്യസാഗറെയും പോലെ കേരളത്തിൽ ചട്ടമ്പിസ്വാമികളും, തുടർന്നു് നാരയണഗുരുവും, ശൂഭാനന്ദ സ്വാമികളും, വാഗ്ഭടാനന്ദനും നവോത്ഥാന സംരംഭംങ്ങൾക്കു് നേതൃത്വം നൽകി. മത വിശ്വാസങ്ങളിലും ആചാരങ്ങളിലും നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ അനാചാരങ്ങളെ അവർ തുടച്ചുമാറ്റി അവയിൽ ഏറ്റവും ശക്തവും ക്രൂരവുമായിരുന്ന ജാതിയെ ആധാരമാക്കിയുള്ള ഉച്ച നീചത്വങ്ങൾക്കെതിരെയാണു് സ്വാമിയുടെ ശബ്ദം തീപ്പൊരികളായി ചെന്നു് വീണതു് [2].

പ്രാദേശിക ഭാഷയുടെ വികസനം

[തിരുത്തുക]

നവോത്ഥാനത്തിന്റെ ചരിത്രം എവിടെയും ദേശീയ ഭാഷകളുടെ വികസനത്തിന്റെയും ചരിത്രമാണു്. പ്രാദേശിക ഭാഷയുടെ വികസനവും വിദ്യാഭ്യാസത്തിന്റെ ലഭ്യതയും കേരളത്തിലെയും നവേത്ഥാനത്തിന്റെ പ്രധാന സ്വഭാവവിശേഷങ്ങളായിരുന്നു. ജീവിത വിജയത്തിന് വേണ്ട അറിവു് താഴെത്തട്ടിലുള്ളവരിലും എത്തണമെങ്കിൽ അത്തരം അറിവുകൾ പകർന്നു കൊടുക്കേണ്ടതു് അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന സത്യവും സ്വാമി അറിഞ്ഞിരുന്നു [2]. ആദ്ധ്യാത്മിക കാര്യങ്ങളെക്കുറിച്ചും, അന്നത്തെ ജീർണിച്ച സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ പ്രയോജനപ്രദമായ ഗ്രന്ഥങ്ങൾ ആദ്യമായി മലയാളത്തിൽ ലഭ്യമാക്കുന്നതും സ്വാമിയാണ്. സംസ്കൃതത്തിൽ മാത്രം അന്നേവരെ ലഭ്യമായിരുന്ന പല അറിവുകളും സാധാരണക്കാരന്റെ ഭാഷയിൽ പകർന്നു തരുന്നു സ്വാമിയുടെ കൃതികൾ. സംസ്കൃത മഹത്ത്വവാദം അസംബന്ധമാണെന്നു് ആദിഭാഷയിൽ സ്വാമി സ്ഥാപിക്കുന്നുണ്ട്. അന്നുവരെ മതഗ്രന്ഥങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ ഒക്കെ സംസ്കൃതത്തിൽ മാത്രമാണു് ലഭ്യമായിരുന്നതു്. സ്വാമിയുടെ ശ്രമങ്ങൾക്കു് മുമ്പു് സാധാരണക്കാരനു് നിയമം മൂലം നിഷേധിച്ചിരുന്ന വൈദികശാസ്ത്രങ്ങളിലും മറ്റുമുള്ള അറിവുകൾ അവരുടെ ഭാഷയിൽ തന്നെ ലഭ്യമാവുമെന്നു് ആർക്കും സ്വപ്നം കാണാൻ കൂടി കഴിഞ്ഞിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ താഴ്ന്ന ജാതിക്കാർ പൂർണ്ണമായും വിദ്യാഭ്യാസ സംവിധാനങ്ങൾക്കു പുറത്തായിരുന്നു. ജാതിവ്യവസ്ഥയുടെ ക്രൂരമായ വിവേചനങ്ങളിൽ പെട്ടു്, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു് കഴിഞ്ഞിരുന്ന അവർണ്ണരെ, അറിവിന്റെയും സംസ്കാരത്തിന്റെയും തലങ്ങളിലേക്കു് ഉയർത്താൻ ആവണമെങ്കിൽ അവർക്കു് വേണ്ടി വിദ്യാഭ്യാസ സൗകര്യങ്ങൾ തുറന്നു കൊടുക്കണമെന്നു് സ്വാമിക്കു് ബോദ്ധ്യമുണ്ടായിരുന്നു [11]. സ്വാമിയുടെ കൃതികളിലും പ്രവർത്തനങ്ങളിലും ഈ ഉദ്ദേശ്യം വ്യക്തമായി കാണാൻ കഴിയും.

വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം

[തിരുത്തുക]

പ്രാചീന കേരളത്തിൽ ജാതിവ്യവസ്ഥ ഉണ്ടായിരുന്നില്ല. ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്കു് കുടിയേറുകയും എട്ടാം നൂറ്റാണ്ടു മുതൽ ഇവിടെ ശക്തിപ്രാപിക്കുകയും ചെയ്ത ബ്രാഹ്മണരാണു് തങ്ങളുടെ മേധാവിത്വം ഉറപ്പാക്കുന്നതിനായി തൊഴിലിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ വിഭജനം കർക്കശമാക്കിയതു്. അങ്ങനെ നിരവധി ജാതികളും ഉപജാതികളും നിലവിൽ വന്നു. ഉയർന്ന ജാതികൾ സവർണ്ണർ എന്നും കീഴ്ജാതികൾ അവർണ്ണർ എന്നും അറിയപ്പെട്ടു. അവർണ്ണരുടെ മേൽ സവർണ്ണർക്കുണ്ടായിരുന്ന ആധിപത്യമാണു് ജാതിവ്യവസ്ഥയുടെ കാതൽ. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉയർന്ന ജാതിക്കാരായ ബ്രാഹ്മണർ അധികാരം കൈവശപ്പെടുത്തി. ഭൗതിക ജീവിത മണ്ഡലങ്ങളിലും ആത്മീയ മേഖലകളിലും ഇവരുടെ ആധിപത്യം ശക്തമായിത്തീർന്നു. ഭാഷ, വസ്ത്രധാരണം, ആഹാരം തുടങ്ങിയവയിലൊക്കെ പരിഷ്കൃത രീതികൾ അവർണ്ണനു് നിഷേധിക്കപ്പെട്ടു. വിവിധ ജാതികളിലെ ആളുകൾ തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഉയർന്ന ജാതിക്കാരുമായി പ്രത്യേക ദൂരം, നായർ 4 അടി, ഈഴവർ 28 അടി പുലയർ 96 അടി തുടങ്ങി നിശ്ചയിച്ചിരുന്നു. ക്ഷേത്രത്തിലോ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലോ അവർണ്ണർക്കു് പ്രവേശനമുണ്ടായിരുന്നില്ല. അവർ തൊട്ട വസ്തുക്കൾ, അവരിൽ തട്ടിയ കാറ്റു് ഒക്കെ മലിനമെന്നു് കണക്കാക്കിയിരുന്നു. അവർക്കു് പള്ളിക്കുടങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. ഇതൊക്കെ അധികാരവും സ്വാധീനവും നേടിയ ബ്രാഹ്മണർ രൂപപ്പെടുത്തിയ നിയമങ്ങളുടെയും ആചാരങ്ങളുടെയും ഫലമായിരുന്നു [9]. അതിനു് അവർ ദൈവികമായ പരിവേഷവും നൽകി. ജാതിവ്യവസ്ഥ കേരളത്തെ നിരവധി തട്ടുകളായി വിഭജിച്ചു. ന്യൂനപക്ഷമായ നമ്പൂതിരിമാരും, ക്ഷത്രിയരുമായിരുന്നു ജാതിവ്യവസ്ഥയുടെ മുകൾത്തട്ടിൽ. അവർ ബഹുഭൂരിപക്ഷമായിരുന്ന താഴ്ന്ന ജാതിക്കാരുടെ സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചു. ജാതി പരമ്പരാഗതമാണു്, ഓരോ ജാതിക്കും പ്രത്യേക തൊഴിലുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നതിനാൽ കീഴ്ജാതിക്കാർക്കു് ഉയർന്ന ജോലികൾ സ്വീകരിക്കാനാവുമായിരുന്നില്ല. സമൂഹത്തിലെ ഒരു വ്യക്തിയുടെ സ്ഥാനം ജാതിയെ ആശ്രയിച്ചാണിരിക്കുന്നതു്. സമ്പത്തിന്റെ കുത്തകാവകാശം മേൽജാതിക്കാരിൽ ഒതുങ്ങി നിന്നു. കേരള ചരിത്രത്തെ സംബന്ധിച്ചു് അന്നുവരെ നിലനിന്നിരുന്ന പല സിദ്ധാന്തങ്ങളെയും സ്വാമിയുടെ കൃതികൾ സപ്രമാണം ചോദ്യം ചെയ്യുന്നു. ജാതിവ്യവസ്ഥയുടെ ക്രൂരമായ വിവേചനങ്ങൾക്കടിമപ്പെട്ടു്, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു് സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന അവർണ്ണ വിഭാഗങ്ങൾക്കു്, തങ്ങൾ മഹത്തായ ഒരു പാരമ്പര്യത്തിനുടമകളാണെന്നും സമൂഹത്തിൽ തുല്യസ്ഥാനവും അവസരങ്ങളും തങ്ങളുടെയും അവകാശമാണെന്നും ഉള്ള ഒരു ബോധമുണ്ടാക്കാൻ വേണ്ടിയാണു് അവ രചിച്ചിട്ടുള്ളതു് [2].

പിൽക്കാലം

[തിരുത്തുക]

അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലരാണ് ബോധേശ്വരൻ, പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ, വേലുതെരി കേശവൻ വൈദ്യൻ, കുമ്പളത്തു ശങ്കുപിള്ള, നീലകണ്ഠ തീർത്ഥപാദർ എന്നിവർ.

കൊല്ലം പന്മന ആശ്രമത്തിലെ ചട്ടമ്പി സ്വാമികളുടെ സമാധി
കൊല്ലം പന്മന ആശ്രമത്തിലെ ചട്ടമ്പി സ്വാമികളുടെ സമാധി

തന്റെ അവസാനകാലത്ത് സ്വാമികൾ നിരവധി രോഗങ്ങൾ മൂലം ബുദ്ധിമുട്ടി. തന്നെ കാണാൻ വരുന്നവരോടെല്ലാം അദ്ദേഹം തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടെന്നും ഇനി ആയുസ്സില്ലെന്നും പറയുമായിരുന്നു. ഒടുവിൽ 1924 മേയ് 5-ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ അദ്ദേഹം സമാധിയായി. പന്മന ആശ്രമം ആണ് സമാധി സ്ഥലം[12]. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം പന്മന ആശ്രമവളപ്പിൽ സമാധിയിരുത്തി.

സാമൂഹ്യപരിഷ്കരണത്തെ സ്വാധീനിച്ച കൃതികൾ

[തിരുത്തുക]

ജീവിത വിജയത്തിന് വേണ്ട അറിവു് താഴെത്തട്ടിലുള്ളവരിലും എത്തണമെങ്കിൽ അത്തരം അറിവുകൾ പകർന്നു കൊടുക്കേണ്ടതു് അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന സത്യവും സ്വാമി അറിഞ്ഞിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളെക്കുറിച്ചും, അന്നത്തെ ജീർണിച്ച സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ പ്രയോജനപ്രദമായ ഗ്രന്ഥങ്ങൾ ആദ്യമായി മലയാളത്തിൽ ലഭ്യമാക്കുന്നതും സ്വാമിയാണ്. സംസ്കൃതത്തിൽ മാത്രം അന്നേവരെ ലഭ്യമായിരുന്ന പല അറിവുകളും സാധാരണക്കാരന്റെ ഭാഷയിൽ പകർന്നു തരുന്നു സ്വാമിയുടെ കൃതികൾ, സംസ്കൃത മഹത്ത്വവാദം അസംബന്ധമാണെന്നു് ആദിഭാഷയിൽ സ്വാമി സ്ഥാപിക്കുന്നുണ്ട്. സമൂഹത്തിൽ താഴേക്കിടയിൽ ഉള്ളവരെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നവർക്ക് ഒരു തിരിച്ചടിയായി അദ്ദേഹം 1890-ൽ രചിച്ച് പ്രസിദ്ധീകരിച്ച 'ക്രിസ്തുമതഛേദനം' എന്ന ഗ്രന്ഥം. അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണു് വേദാധികാരനിരൂപണവും മറ്റും. അവ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ക്രൂരതകൾക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കുന്നു. അന്നുണ്ടായിരുന്ന ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരമായ സമീപനങ്ങളെ തുറന്നുകാട്ടി, ജാതിവ്യവസ്ഥയിൽ ചവുട്ടിതാഴ്ത്തപ്പെട്ട വിഭാഗങ്ങൾ ഒരിക്കൽ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിൽ വഹിച്ച പങ്കു് വ്യക്തമാക്കി അവർക്കു് സ്വാഭിമാനമുണ്ടാക്കി മറ്റുള്ളവരോടൊപ്പം നിൽക്കാനുള്ള കരുത്തു് നൽകുന്നു സ്വാമിയുടെ കൃതികൾ. മതത്തെയും ദർശനങ്ങളെയും കുറിച്ചു് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാധാരണക്കാർക്കു് അവരുടെ ഭാഷയിൽ, ലളിതമായി വ്യക്തമായി അവ വിശദീകരിച്ചു കൊടുക്കുന്നു.

ഇങ്ങനെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു് സാധാരണക്കാർക്കു് വേണ്ട വിജ്ഞാനം പകർന്നു നൽകാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമികൾ തന്റെ കൃതികളും സുഹൃദ് ബന്ധങ്ങളും തന്ത്രപൂർവ്വം ഉപയോഗപ്പെടുത്തി. പ്രാചീനമലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതസാരം, ക്രിസ്തുമതഛേദനം, ജീവകാരുണ്യ നിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ സ്വാമിയുടെ കൃതികൾ കേരളത്തിലെ അന്നത്തെ സാമൂഹ്യപരിഷ്കരണത്തെ അതിയായി സ്വാധീനിച്ചിട്ടുണ്ടു്. ഇവ കൂടാതെ സ്വാമിയുടേതായി പ്രകാശിതങ്ങളും അപ്രകാശിതങ്ങളുമായ നിരവധി കൃതികൾ വേറെയുമുണ്ടു്.

പ്രധാനകൃതികൾ

[തിരുത്തുക]

അനുബന്ധ വിവരങ്ങൾ

[തിരുത്തുക]


അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 ഗോപാലപിള്ള,പറവൂർ, കെ. (1935). പരമഭട്ടാര ചട്ടമ്പിസ്വാമി തിരുവടികൾ ജീവചരിത്രം തശൂർ. രാമാനുജ മുദ്രണാലയം (പ്രസാധകൻ : പി. കെ. അമ്മുണ്ണി മേനോൻ),
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 Raman Nair, R and Sulochana Devi, L (2010). Chattampi Swami: An Intellectual Biography. Trivandrum,. Chattampi Swami Archive, Centre for South Indian Studies, Trivandrum. Retrieved 26 May 2013.
  3. https://archive.org/details/ChattampiSwamikalBiographyEnglish-K.p.k.Menon/page/n17/mode/1up
  4. . വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികൾ, തിരുവനന്തപുരം. ഗ്രന്ഥകർത്താവു്.
  5. ശാന്തകുമാരി അമ്മ, കുമ്പളത്തു് (2005). ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ തിരുവനന്തപുരം, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പു്, കേരള സർക്കാർ(Government of Kerala).
  6. മഹേശ്വരൻ നായർ, കെ. ചട്ടമ്പിസ്വാമികൾഃ ജീവതവും കൃതികളും. തിരുവനന്തപുരം, 1995.
  7. അയ്യാ മിഷൻ (1997). ബ്രഹ്മശ്രീ തൈക്കാട്ടു് അയ്യാ സ്വാമി. തൈക്കാടു്. ഗ്രന്ഥകർത്താവു്.
  8. നാരായണപിള്ള, ആറന്മുള എം. കെ(1910). ബാലാഹസ്വാമി ചരണാഭരണം അഥവാ സദ്ഗുരു സർവസ്വം (സംസ്കൃതം)). കാശി.
  9. 9.0 9.1 സുകുമാരൻ നായർ ജി (1982). ചട്ടമ്പിസ്വാമി. (നവകേരള ശില്പികൾ) എറണാകുളം, കേരള ഹിസ്റ്ററി അസോസിയേഷൻ
  10. ഗോവിന്ദപ്പിള്ള, പി. കേരള നവോത്ഥാനം ഒരു മാർക്‌സിസ്റ്റു് വീക്ഷണം. തിരുവനന്തപുരം, ചിന്ത,2007
  11. യാമിനി ദേവി. ശ്രീ വിദ്യാധിരാജ സ്വാമി ഒരു ലഘു ജീവചരിത്രം, തിരുവനന്തപുരം, വിദ്യാധിരാജ വിശ്വകേന്ദ്ര, 1995
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-03-21.

പുറം കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ചട്ടമ്പിസ്വാമികൾ എന്ന താളിലുണ്ട്.