ചാന്ദ് ബീബി | |
---|---|
ബീജാപൂർ സുൽതനത്തിലേയും അഹ്മദ്നഗർ സുൽതനത്തിലേയും രാജപ്രതിനിധി
| |
'ചാന്ദ് ബീബി കുതിരപ്പുറത്ത്: (വർണചിത്രം-പതിനെട്ടാം ശതകം ) | |
ജീവിതപങ്കാളി | അലി അദിൽ ഷാ I |
പിതാവ് | ഹുസൈൻ നിസാം അലി ഷാ I |
മാതാവ് | ഖുൻസാ ഹുമായൂൺ |
മതം | ഇസ്ലാം |
ചാന്ദ് ബീബി (1550?-1599), ഡക്കാൻ സുൽത്തനത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ മുദ്ര ചാർത്തിയ മുസ്ലീം രാജവനിതയായിരുന്നു[1]. ചാന്ദ് സുൽത്താനാ, ചാന്ദ് ഖാത്തുൺ എന്നീ പേരുകളിലും ഇവർ അറിയപ്പെട്ടിരുന്നു. അഹ്മദ് നഗർ സുൽത്താൻ നിസാം ഷാ ഒന്നാമന്റെ പുത്രിയും ബീജാപൂർ സുൽത്താൻ അലി അദിൽ ഷാ ഒന്നാമന്റെ പത്നിയുമായിരുന്ന ചാന്ദ് ബീബി യുദ്ധകലകളിലും നിപുണയായിരുന്നു. ഇരു രാജ്യങ്ങളിലേയും പ്രായപൂർത്തിയാകാത്ത കിരീടാവകാശികളുടെ പ്രതിനിധിയായും ചാന്ദ് ബീബി ചുമതലയേറ്റു. മുഗൾ ചക്രവർത്തി അക്ബറുടെ സൈന്യത്തിനെതിരായുള്ള ചെറുത്തു നില്പാണ് ചാന്ദ് ബീബിക്ക് ചരിത്രശ്രദ്ധ നേടിക്കൊടുക്കുന്നത്[2][3]. ചാന്ദ് ബീബിയെപ്പറ്റിയുള്ള വിവരങ്ങൾ മുഖ്യമായും ലഭിക്കുന്നത് ഫരിഷ്തയുടെ ഡക്കാൻ ചരിത്രത്തിൽ നിന്നാണ്.[4]
ബാഹ്മനി സാമ്രാജ്യം, ബീജാപൂർ, അഹ്മദ്നഗർ, ഗോൽക്കൊണ്ട, ബീഡാർ എന്നിങ്ങനെ ചെറുതും വലുതുമായ സുൽത്തനേത്തുകളായി വിഘടിച്ചത് വിജയനഗരസാമ്രാജ്യം തന്ത്രപരമായി മുതലെടുത്തു. സുൽത്തനേത്തുകളെ തമ്മിലടിപ്പിച്ച് സ്വന്തം നില സുരക്ഷിതമാക്കാൻ വിജയനഗരസാമ്രാജ്യത്തിൻറെ രാജപ്രതിനിധി രാമരായർ ഗൂഢാലോചനകൾ നടത്തി. രാമരായരുടെ കുതന്ത്രങ്ങളെക്കുറിച്ച് ബോധ്യം വന്ന ഡക്കാൻ സുൽത്തനത്തുകൾ ഏകോപിച്ച് വിജയനഗരത്തിനെതിരായി പടയെടുത്തു. 1565-ൽ നടന്ന തളിക്കോട്ട യുദ്ധത്തിൽ വിജയനഗര സൈന്യം പരാജയപ്പെടുകയും രാമരായർ കൊല്ലപ്പെടുകയും ചെയ്തു. പക്ഷെ സുൽത്തനത്തുകൾ തമ്മിലുള്ള മാത്സര്യം തുടർന്നു. തദ്ദേശീയരായ ഡക്കാനികൾ, ആഫ്രിക്കൻ വംശജരായ ഹബ്ഷികൾ, മറ്റു വിദേശികൾ ( ഇറാനികൾ, തുർകികൾ, അഫ്ഗാനികൾ), മറാത്ത യോദ്ധാക്കൾ, തെലുഗു നായ്ക്കർ എന്നിങ്ങനെ പല വിഭാഗങ്ങൾ, സൈനിക-ഭരണ കാര്യങ്ങളിൽ മേൽക്കോയ്മക്കു ശ്രമിച്ചത്, സംഗതികൾ കൂടുതൽ വഷളാക്കി[5]
ചാന്ദ് ബീബിയുടെ ജനനം 1550-ലാണെന്നത് അനുമാനം മാത്രമാണ്. രാഷ്ട്രീയ-നയതന്ത്ര പ്രാധാന്യമുള്ള വിവാഹത്തോടേയാണ് ചാന്ദ് ബീബി ശ്രദ്ധേയയാകുന്നത്. അഹ്മദ്നഗർ- ബീജാപൂർ സുൽത്തനത്തുകൾക്കിടയിൽ നിലനിന്ന അധികാരമാത്സര്യത്തിന് അറുതി വരുത്താനായിട്ടാണ് ബീജാപൂർ സുൽത്താൻ അലി അദിൽ ഷാ ഒന്നാമനുമായി ചാന്ദ് ബീബിയുടെ വിവാഹം നടന്നത്[6]. സ്ത്രീധനത്തിന്റെ ഭാഗമായി ഷോളാപൂർ കോട്ടയും അദിൽ ഷാക്കു ലഭിച്ചു. ചാന്ദ് ബീബി രാജ്യകാര്യങ്ങളിലും യുദ്ധരംഗത്തും ഭർത്താവിന്റെ സഹപ്രവർത്തകയായിരുന്നു[7]. അദിൽ ഷാ-ചാന്ദ് ബീവി ദമ്പതിമാർക്ക് സന്താനങ്ങളില്ലായിരുന്നു. അതിനാൽ അദിൽ ഷാ തന്റെ സഹോദരപുത്രനായ ഇബ്രാഹിം അദിൽ ഷായെ കിരീടാവകാശിയായി ഘോഷിച്ചു.
അദിൽ ഷാ അവിചാരിതമായി വധിക്കപ്പെട്ടപ്പോൾ, ഇബ്രാഹിമിന് ഒമ്പതു വയസ്സേ ആയിരുന്നുള്ളു. കമാൽഖാൻ എന്ന സൈന്യാധിപനെ മുൻനിർത്തി, ചാന്ദ് ബീബി രാജപ്രതിനിധിയായി ഭരണം കൈയേറ്റു[8]. തന്നോട് അപമര്യാദയായി പെരുമാറിയ കമാൽഖാനെ വധിക്കാൻ ചാന്ദ് ബീബി മറ്റൊരു സൈന്യാധിപനായ കിഷവർഖാന്റെ സഹായം തേടി. പിന്നീട് കിഷവർഖാനും ചാന്ദ് ബീബിയെ ധിക്കരിക്കാനും സ്വേച്ഛാ ഭരണം നടത്താനും തുടങ്ങി. പ്രതികരിച്ച ചാന്ദ് ബീബിയെ കിഷവർഖാൻ സത്താറ കോട്ടയിൽ തടങ്കലിലാക്കി. ചാന്ദ് ബീബിക്ക് ഏറെ ജനസ്വാധീനം ഉണ്ടായിരുന്നു. ചാന്ദ് ബീബിയെ തുറുങ്കിലടച്ചതിൽ ക്ഷുഭിതരായ ബീജാപൂർ വാസികൾ കിഷവർഖാനെതിരായി ഇളകിയിറങ്ങി. ജനകീയ കലാപം നേരിടാനാവാതെ കിഷവർഖാൻ തത്കാലത്തേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് വധിക്കപ്പെട്ടു[9]. ചാന്ദ് ബീബി സ്വതന്ത്രയാക്കപ്പെട്ടു. എന്നാൽ ബീജാപൂരിന്റെ ക്ഷീണാവസ്ഥയെ മുതലെടുക്കാനായി ബേരാർ, ബീഡാർ, ഗോൽക്കൊണ്ട നാടുവാഴികൾ ഒത്തുചേർന്ന് ബീജാപൂരിനെ ആക്രമിച്ചു. യുദ്ധത്തിൽ ചാന്ദ് ബീബിയും പങ്കെടുത്തതായി ഫെരിഷ്ത എഴുതുന്നു. കനത്തമഴയിൽ നഗരമതിലിന്റെ ഒരു വശം ഇടിഞ്ഞു വീണപ്പോൾ കാവൽ നിന്നത് ചാന്ദ് ബീബിയായരുന്നത്രെ. ഏതാണ്ട് ഒരു വർഷത്തോളം നീണ്ടുനിന്ന യുദ്ധാനന്തരം രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനും സാമ്പത്തികനില മെച്ചപ്പെടുത്താനുമുള്ള പ്രവർത്തികൾ ആരംഭിച്ചു. നിഷ്ഠുരനെങ്കിലും കാര്യപ്രാപ്തിയുള്ള ദിലാവർഖാൻ മന്ത്രിസ്ഥാനമേറ്റെടുത്തതോടെ ചാന്ദ് ബീബിയുടെ ചുമതലകൾ അന്തഃപുരത്തിലൊതുങ്ങി[10]. പ്രായപൂർത്തിയായ ശേഷം ഇബ്രാഹിം അദിൽ ഷാ രാജസ്ഥാനമേറ്റു.
1565 മുതൽ 87 വരെയുള്ള ഇരുപത്തിരണ്ടു വർഷക്കാലം അഹ്മദ്നഗർ ഭരിച്ചത് ചാന്ദ് ബീബിയുടെ സഹോദരൻ മുർതസാ ഒന്നാമൻ ആയിരുന്നു. അക്രമസ്വഭാവിയായ മുർതസാ അവസാനകാലത്ത് ഭ്രാന്തനായിത്തീർന്നതായും സ്വന്തം പുത്രൻ മീരാൻ ഹുസൈന്റെ കിടപ്പറക്ക് തീവെച്ചതായും ഫെരിഷ്ട തന്റെ കുറിപ്പുകളിൽ പറയുന്നു. മീരാൻ പിതാവിനെ കൊലപ്പെടുത്തി സിംഹാസനം കൈക്കലാക്കിയെങ്കിലും പൊതുജനം മീരാനെതിരായിരുന്നു. ഒരു വർഷത്തിനകം1589- മീരാൻ വധിക്കപ്പെട്ടു. തുടർന്ന് അഹ്മദ്നഗറിൽ അധികാരവടം വലി ആരംഭിച്ചു. 1589 - 1595 വരേയുള്ള ആറു വർഷത്തെ കാലയളവിൽ ഇഷ്മായെൽ നിസാം ഷാ,( 1589-90); ബുർഹാൻ നിസാം ഷാ ( 1590-94); ഇബ്രാഹിം നിസാം ഷാ (1594); അഹ്മദ് ബിൻ താഹിർ(1594-95) എന്നിവരൊക്കെ അല്പകാലത്തേക്ക് സിംഹാസനത്തിലിരുന്നു. ഡക്കാനികളും ഹബ്ഷികളും വിദേശികളും പല പല ചേരികളായിത്തിരിഞ്ഞ് അവകാശവാദവുമായി രംഗത്തെത്തി.
ഇബ്രാഹിം നിസാം ഷായുടെ പുത്രൻ ബഹാദൂർ നിസാം ഷായുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി അഹ്മദ്നഗറിലെ ഒരു ചേരി ചാന്ദ് ബീബിയുടെ സഹായം തേടി. ചാന്ദ് ബീബി അഹ്മദ് നഗറിലെത്തി. ഈയവസരത്തിലാണ് മുഗൾ ചക്രവർത്തി അക്ബറുടെ പുത്രൻ മുറാദിന്ററെ നേതൃത്വത്തിൽ മുഗൾസൈന്യം അഹ്മദ് നഗർ വളഞ്ഞത്. യുദ്ധക്കോപ്പുകളണിഞ്ഞ് ചാന്ദ് ബീബിയും കളത്തിലിറങ്ങി, പട നയിച്ചു. ബീജപൂരിലേയും ഗോൽക്കൊണ്ടയിലേയും സൈന്യങ്ങൾ അഹ്മദ്നഗറിന്റെ സഹായത്തിനെത്തിയതോടെ മുറാദ് പിന്മാറി, ഒത്തു തീർപ്പിനു തയ്യാറായി[11].
മുഗൾ ഭീഷണി തത്കാലം അവസാനിച്ചെങ്കിലും അഹ്മദ് നഗറിലെ ആഭ്യന്തര പ്രശ്നങ്ങൾ തീർന്നിരുന്നില്ല. ചാന്ദ് ബീബിക്കും ബഹാദൂർ നിസാം ഷാക്കുമെതിരായി ഗൂഢാലോചനകൾ നടന്നുകൊണ്ടേയിരുന്നു. അക്ബറുടെ പുത്രൻ ദാനിയേലിന്റെ നേതൃത്വത്തിൽ മുഗൾ സൈന്യം പുർവാധികം ശക്തിയോടെ തിരിച്ചെത്തി. എന്നാൽ ചാന്ദ് ബീബി രഹസ്യമായി ദാനിയേലുമായി ഒത്തു തീർപ്പുണ്ടാക്കിയെന്ന കിംവദന്തി പരന്നതോടെ ഹമീദ് ഖാന്റെ നേതൃത്വത്തിൽ ഒരു സംഘം സൈനികർ അന്തഃപുരത്തിലേക്ക് അതിക്രമിച്ചു കയറി, ചാന്ദ് ബീബിയെ വെട്ടി വീഴ്ത്തി[12],[13][14].
ചാന്ദ് ബീബിയുടെ അന്ത്യത്തോടെ അഹ്മദ്നഗറിന്റെ സ്വതന്ത്ര നിലനില്പ് അവസാനിച്ചു. ദാനിയേലിന്റെ നേതൃത്വത്തിൽ മുഗൾ സൈന്യം സുഗമമായി അഹ്മദ് നഗർ കൈക്കലാക്കി. ബാലനായിരുന്ന ബഹാദൂർ നിസാം ഷായും അമ്മയും മറ്റു ചില സ്ത്രീജനങ്ങളും മുഗളരുടെ മേൽനോട്ടത്തിൽ ഗ്വാളിയോർകോട്ടയിൽ ബന്ധിതരായി. രാജഭണ്ഡാരത്തിലെ സകല വസ്തുവഹകളും മുഗളർ കണ്ടുകെട്ടി[15][16],[17].