മൃതശരീരം ദഹിപ്പിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനം. വിറക്, ചിരട്ട, ചാണകവരടി, മരപ്പൊടി തുടങ്ങിയവ ചിതയുണ്ടാക്കാൻ ഉപയോഗിക്കുന്നു. ഇവ പ്രത്യേകരീതിയിൽ അടുക്കിവെച്ച് അതിനുമുകളിൽ ശവശരീരം കിടത്തിയാണ് ചിത കത്തിക്കുന്നത്. ചിതാകുണ്ഡം വേണ്ടത്ര വിസ്തൃതിയിൽ കുഴിച്ച് വിറകുവെയ്ക്കുന്നു. മാവ്,പ്ലാവ്,ചന്ദനം എന്നിവ ചിതയൊരുക്കുമ്പോൾ ഉപയാഗിക്കാറുണ്ട്.
ചിതയൊരുക്കി മൃതശരീരം സംസ്കരിക്കുന്നത് വേദങ്ങളുടേയും ഉപനിഷത്തുക്കളുടേയും കാലം മുതൽക്കുതന്നെ ഉണ്ടായിരുന്നതായി രേഖപ്പെടുത്തലുണ്ട്. ഹിന്ദു, സിക്ക്, ബുദ്ധ മതങ്ങളിലാണ് ഈയൊരു രീതി പ്രബലമായി കാണപ്പെടുന്നത്.
ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായി. എങ്കിലും ഇന്നും ‘സതി‘ എന്ന ദുരാചാരത്തിന്റെ ഒറ്റപ്പെട്ട സംഭവങ്ങൾ വടക്കേ ഇന്ത്യയിൽ നടക്കുന്നുണ്ട്.