ചിത്രാംഗദ മണിപ്പൂർ ( മഹാഭാരതത്തിൽ മണലൂർ എന്നാണ്) മഹാരാജാവായ ചിത്രവാഹനന്റെ പുത്രിയും അർജുനന്റെ പത്നിയുമായിരുന്നു. മഹാഭാരതത്തിലെ ആദി പർവ്വത്തിൽ ചിത്രാംഗദ പരാമർശിക്കപ്പെടുന്നു.[1]. ചിത്രാംഗദയെ കേന്ദ്രകഥാപാത്രമാക്കിയുളള കലാശില്പങ്ങൾ അനവധിയാണ്. ഇവയിൽ ശ്രദ്ധേയമായത് 1892-ൽ രബീന്ദ്രനാഥ് ടാഗോർ എഴുതിയ ചിത്രാംഗദ എന്ന നൃത്തനാടകവും, ഇതിനെ ആസ്പദമാക്കി ഈയടുത്ത കാലത്ത് ഋതുപർണ ഘോഷ് നിർമിച്ച സിനിമയുമാണ്.
ചിത്രാംഗദ | |
---|---|
ചിത്രാംഗദ | |
Information | |
കുടുംബം | Chitravahana (father), Vasundhara (mother) |
ഇണ | അർജുനൻ |
കുട്ടികൾ | Babhruvahana |
വീട് | മണിപ്പൂർ |
മഹാരാജാവ് ചിത്രവാഹനന്റെ പൂവ്വികർ ശിവനെ പ്രസാദിപ്പിച്ച് വരം നേടിയിരുന്നു- തങ്ങളുടെ വംശത്തിൽ പുത്രന്മാർ മാത്രമേ ജനിക്കൂ എന്ന്. പല തലമുറകളോളം വരം ഫലിച്ചെങ്കിലും ചിത്രവാഹനന്റെ കാര്യത്തിൽ അതു പിഴച്ചു. നിരാശനാകാതെ മഹാരാജാവ് പുത്രിയെ പുത്രനായി അംഗീകരിച്ച് പുരുഷോചിതമായ എല്ലാ വിദ്യകളും അഭ്യസിപ്പിച്ചു. ചിത്രാംഗദ യുദ്ധമുറകളിൽ അതി സമർഥയായിത്തീന്നു. യാദൃച്ഛികമായി അർജുനനെ കാണാനിടവന്ന ചിത്രാംഗദ അയാളിൽ അനുരക്തയായി. അർജുനനുമായുളള വിവാഹത്തിന് ചിത്രവാഹനൻ ഒരു നിബന്ധന വെച്ചു അവർക്കുണ്ടാകുന്ന പുത്രൻ മാതാവിനോടൊത്ത് മണിപ്പൂരിൽ താമസിക്കുമെന്നും പ്രായപൂർത്തിയാവുമ്പോൾ മണിപ്പൂരിലെ രാജാവാകുമെന്നും. ഈ നിബന്ധന അർജുനൻ അംഗീകരിച്ചു. ചിത്രാംഗദയുടേയും അർജുനന്റേയും മകനാണ് ബഭ്രുവാഹനനൻ.[1]
അശ്വമേധിക പർവ്വത്തിൽ ഈ മൂന്നു കഥാപാത്രങ്ങളും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ബഭ്രുവാഹനൻ അർജുനനെ അമ്പെയ്തു കൊല്ലുകയും പിന്നീട് ഉലൂപി മൃതസഞ്ജീവിനി രത്നമുപയോഗിച്ച് അർജുനനെ പുനരുജ്ജീവിപ്പിക്കയുമുണ്ടായി. ചിത്രാംഗദ അർജുനനോടൊപ്പം പാണ്ഡവരാജധാനിയിലേക്കു ചെന്നു. അവിടെ ചിത്രാംഗദയുടെ പ്രധാന ചുമതല ഗാന്ധാരിയെ സേവിക്കലായിരുന്നു. പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിനു ശേഷം ചിത്രാംഗദ മണിപ്പൂരിലേക്കു തിരിച്ചു പോയെന്ന് മഹാപ്രസ്ഥാന പർവ്വത്തിൽ പറയുന്നു. [1]
അർജുനനെ തന്നിലേക്ക് ആകഷിക്കാനായി കാമദേവനെ പ്രസാദിപ്പിച്ച് അനന്യ സാധാരണമായ സ്ത്രീസൌന്ദര്യം നേടിയെടുത്ത ചിത്രാംഗദയുടെ അന്തർദ്വന്ദങ്ങൾ ടഗോറിന്റെ രചനയിലുണ്ട്.ബാഹ്യസൌന്ദര്യത്തിലുപരി തന്റെ സ്വതസ്സിദ്ധമായ രൂപവും ഭാവവും കൊണ്ടാണ് പ്രണയസാഫല്യം നേടേണ്ടതെന്ന് ചിത്രാംഗദക്ക് ബോധ്യമാകുന്നു.
സ്വവർഗ്ഗാനുരാഗം സവിസ്തരമായ ചർച്ചകൾക്ക് വിഷയീഭവിക്കുന്ന ഇക്കാലത്ത് ചിത്രാംഗദയുടെ അന്തർദ്വന്ദത്തിന്റെ പശ്ചാത്തലത്തിൽ സ്വവർഗ്ഗാനുരാഗിയായ രുദ്രൻ എന്ന നടന്റെ മാനസിക പീഡകൾ ഋതുപർണ്ണ ഘോഷ് തന്റെ ചലച്ചിത്രത്തിൽ കൈകാര്യം ചെയ്യുന്നു.