കണ്ണൂർ ജില്ലയിലെകണ്ണൂർ നഗരത്തിൽ നിന്നും 7 കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു സെൻസസ് ടൗൺ ആണ് ചിറക്കൽ. വളരെ വിശാലമായ ഒരു ചിറ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ചിറക്കൽ എന്ന പേര് വന്നത്. കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതതടാകമാണ് ചിറക്കൽ ചിറ.
2001 ലെ കണക്കെടുപ്പ് അനുസരിച്ച് ചിറക്കലിലെ ജനസംഖ്യ 43,290 ആയിരുന്നു[1]. ഇതിൽ പുരുഷന്മാർ 48% ഉം സ്ത്രീകൾ 52% ഉം ആണ്. ചിറക്കലിലെ ശരാശരി സാക്ഷരതാ നിരക്ക് 84% ആണ്. പുരുഷന്മാരിലെ സാക്ഷരതാ നിരക്ക് 85% ഉം സ്ത്രീകളിൽ 82% ഉം ആണ്. ജനങ്ങളിലെ 11% ആറുവയസിനു താഴെ പ്രായമുള്ളവരാണ്.
കോലത്തിരി രാജാക്കന്മാരുടെ കോവിലകം ചിറക്കൽ ആയിരുന്നു. കോലത്തിരിമാർ ചിറക്കൽ രാജ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ കുടുംബത്തിന്റെ തെക്കോട്ടുള്ള ശാഖയാണ് വേണാട് ഭരിച്ചിരുന്നത്. ഇന്ന് അവർ തിരുവിതാംകൂർ രാജകുടുംബം എന്ന് അറിയപ്പെടുന്നു.
അ ഡി ഒന്നാം നൂറ്റാണ്ടിൽ വടക്കൻ കേരളം ഭരിച്ചിരുന്ന മൂഷികരാജവംശത്തിന്റെ പിന്മുറക്കാരാണ് കോലത്തിരിമാർ. പത്താം നൂറ്റാണ്ടിൽ അതുലൽ എഴുതിയ ഒരു പുരാതന സംസ്കൃത കാവ്യമായ മൂഷികവംശം എന്ന കൃതിയിൽ ഈ രാജവംശത്തിന്റെ ചരിത്രവും നാടിന്റെ വിശദമായ കഥയും കാണാം. വടക്കൻ കേരളത്തിന്റെ ചരിത്രത്തെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പുരാതനമായ ഗ്രന്ഥമായി മൂഴികവംശം കരുതപ്പെടുന്നു.
കോലത്തിരിമാർ കോഴിക്കോടു സാമൂതിരിയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ എതിരാളികളായി അറിയപ്പെട്ടിരുന്നു.
ഭൂമിശാസ്ത്രപരമായി ചിറക്കൽ ഒരു സമതലപ്രദേശമാണ്. അതിനാൽത്തന്നെ, പ്രധാനമായും തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകളാണ് ഇവിടെ ഉത്പാദിപ്പിയ്ക്കപ്പെടുന്നത്. സ്ഥലനാമത്തിനുകാരണമായ ചിറക്കൽ ചിറയടക്കമുള്ള കുളങ്ങളാണ് പ്രധാന ജലസ്രോതസ്സ്.
കെ. കരുണാകരൻ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളിലൊരാൾ, മുൻ കേരളമുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി. 1918 ജൂലൈ 5-ന് ചിറക്കൽ തെക്കേടത്ത് രാവുണ്ണി മാരാരുടെയും തലശ്ശേരി കണ്ണോത്ത് കല്യാണി മാരസ്യാരുടെയും മകനായി ജനിച്ചു. വടകര ഗവ. എൽ.പി. സ്കൂൾ, ചിറക്കൽ രാജാസ് ഹൈസ്കൂൾ, തൃശ്ശൂർ ഗവ. ആർട്സ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. കാഴ്ചപ്രശ്നത്തെത്തുടർന്ന് താമസം തൃശ്ശൂരിലേയ്ക്ക് മാറ്റി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ജയിൽവാസം അനുഷ്ഠിയ്ക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ സ്വദേശിയായിരുന്നെങ്കിലും ജീവിതത്തിന്റെ പ്രധാന ഭാഗം തൃശ്ശൂരിലായിരുന്നു താമസം. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിലുംതിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു. 1957-ലെ ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 1967-ൽ തൃശ്ശൂർ ജില്ലയിലെമാളയിൽ നിന്ന് വിജയിച്ച് പ്രതിപക്ഷനേതാവായി. 1970, 1977, 1980, 1982, 1987, 1991 വർഷങ്ങളിലും മാളയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1971 മുതൽ 1977 വരെ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത്രാജൻ കേസിൽ വിമർശിയ്ക്കപ്പെട്ടു. 1977-ൽ മുഖ്യമന്ത്രിയായെങ്കിലും രാജൻ കേസിനെത്തുടർന്ന് സ്ഥാനം നഷ്ടമായി. തുടർന്ന് 1980-ൽ പ്രതിപക്ഷനേതാവായി മാറി. 1981-ൽ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും ഉടനെ താഴെ വീണു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. ഇത്തവണ അദ്ദേഹം കാലാവധി പൂർത്തിയാക്കി. 1987-ൽ വീണ്ടും പ്രതിപക്ഷനേതാവായി. തുടർന്ന് 1991-ൽ വീണ്ടും മുഖ്യമന്ത്രിയായി. ഐ.എസ്.ആർ.ഒ. ചാരക്കേസിനെത്തുടർന്ന് 1995 മാർച്ച് 16-ന് രാജിവച്ചു. തുടർന്ന് എം.എൽ.എ. സ്ഥാനവും രാജിവച്ച് രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രസർക്കാരിൽ വ്യവസായമന്ത്രിയാകുകയും ചെയ്തു. 1996-ൽ തൃശ്ശൂരിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2005-ൽ കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്ന പാർട്ടി രൂപവത്കരിച്ചു. 2006-ൽ ഈ പാർട്ടി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ലയിച്ചു. 2008-ൽ എൻ.സി.പി. വിട്ട് വീണ്ടും കോൺഗ്രസിൽ ചേർന്നു. 2010 ഡിസംബർ 23-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. പരേതയായ കല്യാണിക്കുട്ടിയമ്മയാണ് ഭാര്യ. കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ, പത്മജ വേണുഗോപാൽ എന്നിവരാണ് മക്കൾ.