ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ചും ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള സ്ത്രീരൂപത്തിലുള്ള ഒരു സാങ്കൽപ്പിക ജീവിയാണ് ചുഡൈൽ(ഹിന്ദി: चुड़ैल, ഉർദു: چڑیل). "ശുദ്ധീകരിക്കപ്പെടാത്ത ഒരു ജീവിയുടെ പ്രേതം" എന്നാണ് ചുഡൈലിനെ സാധാരണയായി വിശേഷിപ്പിക്കുന്നത്. പലപ്പോഴും മരങ്ങളിൽ മുറുകെ പിടിച്ചു കിടക്കുമെന്ന് പറയപ്പെടുന്നതിനാൽ ചുഡൈലിനെ വൃക്ഷാത്മാവ് ആയും കരുതുന്നു.[1] ചില ഐതിഹ്യങ്ങൾ അനുസരിച്ച്, പ്രസവസമയത്തോ ഗർഭാവസ്ഥയിലോ മരിക്കുന്ന സ്ത്രീകളുടെ ആത്മാവാണ് ഇത്. ചില വിശ്വാസങ്ങളിൽ ഭർത്തൃവീട്ടുകാരുടെ ക്രൂരതകൽ കാരണം മരിക്കുന്ന സ്ത്രീ പ്രതികാരദാഹിയായി കുടുംബത്തിലെ പുരുഷന്മാരെ ലക്ഷ്യം വച്ചുകൊണ്ട് വരുന്നതാണ് ചുഡൈൽ.
ചുഡൈലിന്റെ രൂപം വളരെ വിരൂപമാണെന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. എന്നാൽ ഒരു സുന്ദരിയായ സ്ത്രീയായി സ്വയം രൂപമാറ്റം വരുത്താനും കാടുകളിലേക്കോ പർവതങ്ങളിലേക്കോ പുരുഷന്മാരെ വശീകരിക്കാനും അവൾക്ക് കഴിയും. അവിടെ വെച്ച് അവൾ അവരെ കൊല്ലുകയോ അവരുടെ ജീവശക്തിയും പുരുഷത്വവും വലിച്ചെടുത്ത് അവരെ വൃദ്ധന്മാരാക്കി മാറ്റുകയും ചെയ്യുന്നു. ചുഡൈലിന്റെ പാദങ്ങൾ പിന്നിലേക്ക് തിരിഞ്ഞിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു.
പ്രതികാരദാഹിയായ ചുഡൈലിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് വിശദീകരിക്കുന്ന നിരവധി നാടൻ പരിഹാരങ്ങളും നാടോടിക്കഥകളും ഉണ്ട്. കൂടാതെ ചുഡൈൽ ജീവിതത്തിലേക്ക് വരുന്നതിൽ നിന്ന് തടയുന്ന നിരവധി നടപടികളും ഉണ്ട്. അസ്വാഭാവികമരണം സംഭവിക്കുന്ന ഒരു സ്ത്രീയുടെ കുടുംബം, ഇരയായ സ്ത്രീ ഒരു ചുഡൈൽ ആയി മടങ്ങിവരുമെന്ന് ഭയന്ന് പ്രത്യേക ആചാരങ്ങൾ നടത്താറുണ്ട്. മരണപ്പെട്ട ഒരു സ്ത്രീ ചുഡൈൽ ആയി മാറിയേക്കാമെന്ന് അവളുടെ കുടുംബം ഭയക്കുന്നുവെങ്കിൽ ശവശരീരം അവൾ മടങ്ങിവരുന്നത് തടയാൻ ഒരു പ്രത്യേക രീതിയിലും ഭാവത്തിലും കുഴിച്ചിടുന്നു.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും പഞ്ചാബ് മേഖലയിൽ പിച്ചൽ പെരി എന്നും ബംഗാൾ മേഖലയിൽ പെറ്റ്നി/ഷക്ചുണ്ണി എന്നും മലേഷ്യയിലും ഇന്തോനേഷ്യയിലും പോണ്ടിയാനക് എന്നും ചുറൽ അറിയപ്പെടുന്നു. "ചുഡൈൽ" എന്ന വാക്ക് പലപ്പോഴും ഇന്ത്യയിലും പാകിസ്ഥാനിലും, തെറ്റായിട്ടെങ്കിലും, ദുർമന്ത്രവാദിനി എന്ന അർഥത്തിലും ഉപയോഗിക്കാറുണ്ട്.[2] ആധുനിക സാഹിത്യം, സിനിമ, ടെലിവിഷൻ, റേഡിയോ എന്നിവയിലും ചുഡൈലിനെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ ഇക്കാലത്തും തുടരുന്നു.[3] തെക്ക്-കിഴക്കൻ ഏഷ്യയിലെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും ഈ വിശ്വാസം സജീവമായി കാണപ്പെടുന്നു.[4]
ചുഡൈൽ എന്ന സങ്കല്പം ഉദ്ഭവിച്ചത് പേർഷ്യയിൽ നിന്നാണ് കരുതപ്പെടുന്നു. അവിടെ അവർ "പൂർത്തിയാകാത്ത, തീവ്രമായ അഭിലാഷങ്ങളുമായി" മരിച്ച സ്ത്രീകളുടെ ആത്മാക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.[5]
ചുഡൈലിന്റെ യഥാർത്ഥ രൂപം വികൃതവും ഭയാനകവും ആയി വിവരിക്കപ്പെടുന്നു. തൂങ്ങിയ സ്തനങ്ങൾ, കറുത്ത നാവ്, കട്ടിയുള്ള പരുക്കൻ ചുണ്ടുകൾ എന്നിവയുണ്ട്. ചില വിശ്വാസങ്ങളിൽ ചുഡൈലിന് വായ ഇല്ലാത്ത മുഖമാണ്. കുടവയറും നീണ്ടൂകൂർത്ത നഖങ്ങളും കട്ടിയുള്ള കെട്ടുപിണഞ്ഞ മുടിയും ഉണ്ടായിരിക്കാം.[6][7][8][9] വലിയ കൊമ്പുകളുള്ള പന്നിയുടെ മുഖമോ, കൂർത്ത കൊമ്പുകളുള്ള മനുഷ്യരെപ്പോലെയുള്ള മുഖമോ ഉള്ളതായി വിശേഷിപ്പിക്കാറുണ്ട്. ചുഡൈലിന്റെ പാദങ്ങൾ പുറകോട്ട് തിരിഞ്ഞ അവസ്ഥയിലായിരിക്കും.
ശ്മശാനങ്ങൾ, ഉപേക്ഷിക്കപ്പെട്ട യുദ്ധക്കളങ്ങൾ, വീടുകളുടെ ഉമ്മറപ്പടികൾ, കവലകൾ, കക്കൂസുകൾ എന്നിവിടങ്ങളിൽ ചുഡൈലുകളെ കൂടുതലായി കാണപ്പെടുന്നു.[10] കുടുംബാംഗങ്ങളുടെ പീഡനത്താൽ ആണ് ചുഡൈൽ ആയ സ്ത്രീ മരിച്ചതെങ്കിൽ കുടുംബത്തിലെ പുരുഷന്മാരെ, ഏറ്റവും ഇളയ ആളിൽ തുടങ്ങി, ഓരോരുത്തരെയായി അവൾ ആക്രമിച്ച് തന്റെ പ്രതികാരം ചെയ്യുന്നു. അവൻ ഒരു വൃദ്ധനായി ചുരുങ്ങുന്നത് വരെ അവൾ അവന്റെ രക്തം ഊറ്റിയെടുക്കുകയും അതിനു ശേഷം അടുത്ത പുരുഷനായി പോകുകയും ചെയ്യും. ആ കുടുംബത്തിലെ എല്ലാ പുരുഷന്മാരും മരിച്ചു കഴിയുമ്പോൾ അവൾ മറ്റ് പുരുഷന്മാരിലേക്ക് തിരിയുന്നു. ചുഡൈലിനെ കണ്ട ഏതൊരു വ്യക്തിയെയും മാരകമായ രോഗം ബാധിക്കാം. അവളുടെ രാത്രിവിളികൾക്ക് ഉത്തരം നൽകുന്നവർ മരിക്കാം.
'ലല്ല രാധയും ചുഡൈലും' എന്ന കവിതയിൽ ഒരു പുരോഹിതൻ നായകനെ ആൽമരങ്ങളുടെ അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. കാരണം അവിടെയാണ് ചുഡൈൽ താമസിക്കുന്നത്. അവൻ ഈ മുന്നറിയിപ്പ് അവഗക്കിച്ച് ആൽമരത്തിൻ്റെ അടുത്തേക്ക് പോയി. ചുഡൈൽ അവനെ മധുര സ്വരത്തിൽ വിളിച്ചപ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്നു. കാമാന്ധനായ അവൻ അവളോടൊപ്പം ശയിച്ചു. അതിന്റെ ഉന്മാദത്തിൽ തന്റെ ശരീരം ദുർബലമായി വരുന്നതും താൻ മരിക്കുന്നതും അവൻ അറിഞ്ഞുപോലുമില്ല.[11]
പേർഷ്യൻ ഐതിഹ്യമനുസരിച്ച്, യാത്രക്കാർ മണ്ണിൽ ചുഡൈലിന്റെ കാല്പാടുകൾ കാണുമ്പോൾ അവർ എതിർദിശയിലേക്ക് ഓടിപ്പോകാൻ ശ്രമിക്കും. പക്ഷേ അവളുടെ തിരിഞ്ഞ പാദങ്ങൾ അവരെ അവളുടെ പിടിയിലേക്ക് തന്നെ നയിക്കും. അവളുടെ ഇരകളെ മലകളിലേക്ക് കൊണ്ടുപോകാനായി അവൾ പ്രത്യക്ഷപ്പെടുന്നുവെന്നും ഒരു ആടിനെ ബലി നൽകിയാൽ മാത്രമേ അവരെ മോചിപ്പിക്കാനാവൂ എന്നും ഉത്തർപ്രദേശിലെ പടാരി, മഝ്‌വാർ എന്നീ സമുദായങ്ങൾ കരുതുന്നു.[1][12]