ചെക്ക ചിവന്ത വാനം | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | മണിരത്നം |
നിർമ്മാണം | മണിരത്നം എ. സുഭാഷ്‌കരൻ |
രചന | മണിരത്നം ശിവ ആനന്ദ് |
അഭിനേതാക്കൾ | വിജയ് സേതുപതി സിലമ്പരസൻ അരവിന്ദ് സ്വാമി അരുൺ വിജയ് ജ്യോതിക അദിതി റാവു ഹൈദരി ഐശ്വര്യ രാജേഷ് ഡയാന എരപ്പ |
സംഗീതം | എ.ആർ. റഹ്മാൻ |
ഗാനരചന | വൈരമുത്തു |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | മദ്രാസ് ടാക്കീസ് ലൈക്ക പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | - |
മണിരത്നം എഴുതി, സംവിധാനം ചെയ്ത് 2018 - ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷാ ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ചെക്ക ചിവന്ത വാനം (ഇംഗ്ലീഷ്: Crimson Red Sky). വിജയ് സേതുപതി, അരവിന്ദ് സ്വാമി, ജ്യോതിക, സിലമ്പരസൻ, അരുൺ വിജയ്, ഐശ്വര്യ രാജേഷ്, ഡയാന എരപ്പ, അദിതി റാവു ഹൈദരി എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [1] കൂടാതെ പ്രകാശ് രാജ്, ജയസുധ, ത്യാഗരാജൻ, മൻസൂർ അലി ഖാൻ എന്നിവരും മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. [2]
മദ്രാസ് ടാക്കീസിന്റെ ബാനറിനു കീഴിൽ മണിരത്നവും ലൈക്ക പ്രൊഡക്ഷൻസിനു കീഴിൽ എ. സുഭാഷ്‌കരനും ചേർന്നാണ് ചെക്ക ചിവന്ത വാനം നിർമ്മിച്ചിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീത സംവിധാനവും, സന്തോഷ് ശിവൻ ഛായാഗ്രഹണവും, എ. ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നത്. അച്ഛന്റെ യഥാർത്ഥ പിൻമുറക്കാരനായി, കുടുംബത്തിന്റെ നാഥനായി മാറാൻ ശ്രമിക്കുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ചെക്ക ചിവന്ത വാനം എന്ന ചലച്ചിത്രത്തിന്റെ ഉള്ളടക്കം. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. [3]
2018 ഫെബ്രുവരി 12 - ന് ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം ചെന്നൈയുടെ സമീപപ്രദേശങ്ങളിൽ ആരംഭിച്ചു. തുടർന്ന് 2018 ജൂൺ 2 - ന് സെർബിയയിൽ വച്ച് നിശ്ചല ചിത്ര ഛായാഗ്രഹണം പൂർത്തിയാക്കുകയുമുണ്ടായി. [4][5] 2018 സെപ്റ്റംബർ 28 - ന് ലോകവ്യാപകമായി ഈ ചലച്ചിത്രം റിലീസ് ചെയ്യും. തെലുഗു ഭാഷയിൽ നവാബ് എന്ന പേരിൽ ഡബ്ബ് ചെയ്തും ചിത്രം പുറത്തിറക്കുന്നുണ്ട്. [6]
2017 - ൽ മണിരത്നം സംവിധാനം ചെയ്ത കാറ്റു വെളിയിടൈ എന്ന ചലച്ചിത്രം പുറത്തിറങ്ങി കുറച്ചു മാസങ്ങൾക്കു ശേഷം 2017 ജൂണിൽ പുതിയ ചലച്ചിത്രത്തിന്റെ പ്രീ - പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എ.ആർ. റഹ്‌മാൻ, സന്തോഷ് ശിവൻ എന്നിവർ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സമയം മണിരത്നം അറിയിച്ചിരുന്നു. [12]
2017 ജൂലൈയിൽ, നാല് പുരുഷ കേന്ദ്ര കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്ക്രിപ്റ്റ് മണിരത്നം തയ്യാറാക്കിയിട്ടുണ്ടെന്നും വിജയ് സേതുപതി, അരവിന്ദ് സ്വാമി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവരായിരിക്കും ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നും മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ദിവസങ്ങൾക്കു ശേഷം മണിരത്നം ഇവർ നാലുപേരുമായും ചർച്ചകൾ നടത്തുകയുണ്ടായി. തുടർന്ന് ആദ്യത്തെ മൂന്ന് അഭിനേതാക്കൾ പ്രവർത്തിക്കാൻ തീരുമാനിച്ചെങ്കിലും ദുൽഖർ സൽമാൻ ചിത്രത്തിൽ നിന്നും പിന്മാറുകയുണ്ടായി. [13][14][15] 2017 സെപ്റ്റംബർ ആദ്യവാരത്തിൽ സിലമ്പരസൻ ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിനായി കരാറൊപ്പിടുകയും നാല് അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് നിർമ്മാതാക്കൾ അറിയിക്കുകയും ചെയ്തിരുന്നു. [16][17] തെലുഗു ചലച്ചിത്ര നടനായി നാനിയുമായും മണിരത്നം ചർച്ച നടത്തിയിരുന്നുവെങ്കിലും അന്തിമ പട്ടികയിൽ നാനിയെയും ഉൾപ്പെടുത്തിയിരുന്നില്ല. [18] ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപു സിലമ്പരസൻ, കഥാപാത്രത്തിനനുസൃതമായി തന്റെ ഭാരം കുറയ്ക്കാനുള്ള ജോലികൾ ആരംഭിക്കുകയുണ്ടായി. [19] 2017 - ൽ പുറത്തിറങ്ങിയ അൻപാനവൻ അസരാതവൻ അടങ്കാതവൻ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് സിലമ്പരസന്റെ സഹകരണക്കുറവ് ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് മൈക്കേൽ രായപ്പൻ പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ചെക്ക ചിവന്ത വാനത്തിൽ സിലമ്പരസൻ അഭിനയിക്കില്ലെന്നും അഭ്യൂഹങ്ങൾ ഉണ്ടായി. എന്നാൽ മറ്റ് ചലച്ചിത്ര നിർമ്മാതാക്കളിൽ നിന്നും എതിർപ്പുകൾ നേരിട്ടിട്ടും മണിരത്നം, സിലമ്പരസൻ ചലച്ചിത്രത്തിൽ അഭിനയിക്കുമെന്ന് അറിയിച്ചു. [20] 2018 ജനുവരിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് വിജയ് സേതുപതിയും അറിയിക്കുകയുണ്ടായി. ഒരു ചെറിയ വേഷമായിരിക്കും വിജയ് സേതുപതിയുടേതെന്നും ഊഹങ്ങളുണ്ടായിരുന്നു. [21] മലയാള ചലച്ചിത്ര നടൻ ഫഹദ് ഫാസിലിനു പകരം ആ കഥാപാത്രത്തെ അരുൺ വിജയ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. [22]
2017 സെപ്റ്റംബർ ആദ്യവാരത്തിൽ ജ്യോതികയും നിർമ്മാതാക്കളുമായി കരാറൊപ്പിടുകയും 2017 - ൽ പുറത്തിറങ്ങിയ മകളിൽ മറ്റ്റും എന്ന ചലച്ചിത്രത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾക്കിടെ അഭിനയിക്കുന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മണിരത്നം നിർമ്മിച്ച് 2001 - ൽ ദം ദം ദം എന്ന ചലച്ചിത്രത്തിൽ ജ്യോതിക അഭിനയിച്ചിരുന്നുവെങ്കിലും മണിരത്നം സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിലെ കൗതുകവും ഈ സമയത്ത് ജ്യോതിക പങ്കുവച്ചിരുന്നു. [23][24] 2002 - ൽ പുറത്തിറങ്ങിയ 123 എന്ന ചലച്ചിത്രത്തിൽ ജ്യോതികയ്ക്കു വേണ്ടി ഡബ്ബ് ചെയ്ത ദീപ വെങ്കട് ആണ് ചെക്ക ചിവന്ത വാനത്തിലും ജ്യോതികയ്ക്കു വേണ്ടി ശബ്ദം കൊടുത്തിരിക്കുന്നത്. അതുപോലെ, 2017 സെപ്റ്റംബറിൽ തന്നെ ഐശ്വര്യ രാജേഷും നിർമ്മാതാക്കളുമായി കരാറൊപ്പിടുകയുണ്ടായി. ഐശ്വര്യ രാജേഷും സമാനമായ അഭിപ്രായമാണ് പങ്കുവച്ചിരുന്നത്. [25][26] 2017 - ൽ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കാറ്റു വെളിയിടൈ എന്ന ചലച്ചിത്രത്തിൽ കാർത്തിയോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അദിതി റാവു ഹൈദരിയും 2018 ജനുവരി അവസാനത്തിൽ ചിത്രീകരണ സംഘത്തോടൊപ്പം ചേരുകയുണ്ടായി. [27][28] ചെക്ക ചിവന്ത വാനത്തിൽ അഭിനയിക്കുന്നതിനു വേണ്ടി തേജ എന്ന തെലുഗു ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചതായും അദിതി റാവു ഹൈദരി അറിയിച്ചിരുന്നു. [29] കൃതിക നെൽസണാണ് അദിതിയ്ക്കു വേണ്ടി ശബ്ദം കൊടുത്തിരിക്കുന്നത്. ഇതിനു മുൻപ് കാറ്റു വെളിയിടൈയിലും കൃതിക, അദിതിയ്ക്കു വേണ്ടി ശബ്ദം കൊടുത്തിട്ടുണ്ട്. മോഡലായ ഡയാന എറപ്പ, നാലാമത്തെ നായികാ നടിയായി ചിത്രീകരണ സംഘത്തോടൊപ്പം തുടർന്ന് ചേരുകയുണ്ടായി. ഡയാന എറപ്പ അഭിനയിക്കുന്ന ആദ്യത്തെ ചലച്ചിത്രമാണ് ചെക്ക ചിവന്ത വാനം. രണ്ട് ഘട്ടങ്ങളായി നടന്ന ഓഡിഷനു ശേഷമാണ് ഡയാന എറപ്പ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനെത്തുടർന്ന് നാടക അഭിനേതാക്കളുടെ നേതൃത്വത്തിൽ മുംബൈയിൽ വച്ചു നടന്ന ശില്പശാലകളിൽ പങ്കെടുത്തുകൊണ്ട് അഭിനയിക്കുന്നതിന് തയ്യാറാവുകയും ചെയ്തു. [30][31][32] പിന്നണി ഗായികയായ ചിന്മയിയാണ് ഡയാനയ്ക്കു വേണ്ടി ശബ്ദം കൊടുത്തിരിക്കുന്നത്.
ചിത്രത്തിലെ മറ്റ് സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി ജയസുധ 2017 നവംബറിൽ ക്ഷണം സ്വീകരിക്കുകയും പ്രകാശ് രാജ്, നവംബർ അവസാനത്തിൽ കരാറൊപ്പിടുകയും ചെയ്തു. ചിത്രത്തിൽ ജയസുധ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭർത്താവായാണ് പ്രകാശ് രാജ് അഭിനയിച്ചിരിക്കുന്നത്. [33][34][35] ചിത്രീകരണ മുൻപു തന്നെ ത്യഗരാജൻ, മൻസൂർ അലി ഖാൻ എന്നിവരും അഭിനയിക്കുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചിരുന്നു. ചീനു മോഹൻ, മലയാള അഭിനേതാവായ ആന്റണി വർഗീസ് എന്നവരും അഭിനയിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തുടർന്ന് ആന്റണി വർഗീസിനു പകരം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെ പ്രശസ്തനായ അപ്പാനി ശരത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. [36][37][38][39] ചെന്നൈയിൽ പ്രവർത്തിക്കുന്ന റേഡിയോ ജോക്കിയായ സിന്ധുവും ആദ്യ ഷെഡ്യൂൾ ചിത്രീകരണത്തിൽ അഭിനയിച്ചിരുന്നു. [40] മണി രത്നത്തിനോടൊപ്പം ശിവ ആനന്ദും തിരക്കഥാകൃത്തായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ബിജോയ് നമ്പ്യാർ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും ദിലീപ് സുബ്ബരായൻ ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫറായും ശർമിഷ്ത റോയ് പ്രൊഡക്,ൻ ഡിസൈനറായും ഏക ലഖാനി വസ്ത്രാലങ്കാരകയായും പ്രവർത്തിച്ചിരിക്കുന്നു. [30]
2018 ജനുവരി അവസാന വാരത്തിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപു തന്നെ ലൈക്ക പ്രൊഡക്ഷൻസ്, ഫസ്റ്റ് കോപ്പി രീതിയുടെ അടിസ്ഥാനത്തിൽ ചെക്ക ചിവന്ത വാനത്തിന്റെ അവകാശങ്ങൾ വാങ്ങുകയും ലോകവ്യാപകമായി റിലീസ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. [41] 2018 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മൂന്ന് ദിവസങ്ങൾക്കു മുൻപ് തമിഴിൽ ചിത്രത്തിന്റെ പേര് ചെക്ക ചിവന്ത വാനമെന്നും തെലുഗു ഭാഷയിൽ നവാബ് എന്നും പ്രഖ്യാപിക്കുകയുണ്ടായി. [42] നിശ്ചല ചിത്ര ഛായാഗ്രഹണം 2018 ഫെബ്രുവരി 12 - ന് ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമായി ആരംഭിക്കുകയും ആദ്യ ഷെഡ്യൂളിൽ ഈസ്റ്റ് കോസ്റ്റ് റോഡിലും അപ്പോളോ ആശുപത്രിയിലും വച്ച് ചിത്രീകരണം നടത്തുകയും ചെയ്തു. [43][44] 2018 ഫെബ്രുവരി 26 - ന് രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കുകയും എല്ലാ അഭിനേതാക്കളും ചിത്രീകരണത്തിൽ ഇടവിട്ട് പങ്കെടുക്കുകയും ചെയ്തു. രണ്ടാം ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെ ഛായാഗ്രാഹകനായ സന്തോഷ് ശിവൻ, ചിത്രത്തിന്റെ സെറ്റുകളിൽ അഭിനേതാക്കൾ നിൽക്കുന്ന ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. [45] മാർച്ച് പകുതി വരെ ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുകയും വിവാഹ രംഗം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ ഈ സമയം തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ നടത്തിയ പ്രൊഡക്ഷൻ സമരം കാരണം ചെക്ക ചിവന്ത വാനത്തിന്റെ ചിത്രീകരണം തടസ്സപ്പെടുകയുണ്ടായി. ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാരുടെ വില വർധനവിനെതിരെയാണ് ഈ സമരം നടന്നത്. [46]
സമരം അവസാനിച്ചതിനു ശേഷം 2018 ഏപ്രിൽ 25 - ന് ചെന്നൈയിൽ വച്ച് ചിത്രീകരണം പുനരാരംഭിക്കുകയും ചെന്നൈയിലുള്ള കോവളം ബീച്ചിൽ വച്ച് വിജയ് സേതുപതിയെ വെടിവയ്ക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. [47] എന്നാൽ ചിത്രീകരണ സംഘം ബീച്ചിനെ അലങ്കോലമാക്കുകയും പൊതു ഉപയോഗയോഗ്യമല്ലാതാക്കുകയും ചെയ്തുവെന്ന് മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായി. പക്ഷേ, പ്രൊഡക്ഷൻ മാനേജർ ശിവ ആനന്ദ് ഈ റിപ്പോർട്ടുകളെ നിഷേധിക്കുകയുണ്ടായി. [48][49] 2018 മേയിൽ മൂന്ന് ആഴ്ചകളോളം നീണ്ടുനിന്ന ഷെഡ്യൂളിന്റെ ഭാഗമായി അരുൺ വിജയും ഐശ്വര്യ രാജേഷും അഭിനയിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനായി അബുദാബിയിലേക്കും ദുബായിലേക്കും സംഘം യാത്ര ചെയ്യുകയുണ്ടായി. [50][51] ആ മാസം അവസാനത്തോടെ സിലമ്പരസനും ഡയാന എറപ്പയും അഭിനയിക്കുന്ന മറ്റൊരു ഷെഡ്യൂൾ സെർബിയയിൽ വച്ചും ചിത്രീകരിക്കുകയുണ്ടായി. ഇതേ സമയത്ത് 2018 ജൂൺ 2 - ന് നിശ്ചല ചിത്ര ഛായാഗ്രഹണം പൂർത്തിയാക്കുകയും ചെയ്തു. [52][53]
മണിരത്നത്തിനും വൈരമുത്തുവിനുമോടൊപ്പം ഗോവയിൽ വച്ചാണ് എ.ആർ. റഹ്‌മാൻ ചെക്ക ചിവന്ത വാനത്തിന്റെ സംഗീത സംവിധാനം ആരംഭിച്ചത്. [54] 2018 സെപ്റ്റംബർ 5 - ന് സംഗീത ആൽബം റിലീസ് ചെയ്യുകയുണ്ടായി. ഈ പരിപാടിയിൽ വച്ച് എ.ആർ. റഹ്‌മാൻ ചിത്രത്തിലെ ഗാനങ്ങൾ തത്സമയം അവതരിപ്പിക്കുകയുണ്ടായി. [55] Sony Music India has grabbed the audio rights of the film.
ചെക്ക ചിവന്ത വാനത്തിലെ മഴൈ കുരുവി, ഭൂമി ഭൂമി എന്നീ ഗാനങ്ങൾ സിംഗിളുകളായി സെപ്റ്റംബർ 5 - ന് റിലീസ് ചെയ്യുകയുണ്ടായി. [56]
2018 സെപ്റ്റംബർ 28 - ന് ചെക്ക ചിവന്ത വാനം ലോകവ്യാപകമായി നവാബ് എന്ന പേരിൽ തെലുഗു ഭാഷയിൽ ഡബ്ബ് ചെയ്ത പതിപ്പിനോടൊപ്പം റിലീസ് ചെയ്യും.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite web}}
: CS1 maint: extra punctuation (link)
{{cite news}}
: Cite has empty unknown parameter: |dead-url=
(help)