ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന വാർഷിക സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തിരുവയ്യാറിലെ ത്യാഗരാജ ആരാധന പോലെയാണ് ഇത് സംഘടിപ്പിക്കപ്പെടുന്നത്. പ്രമുഖ കർണാടകസംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായാണ് ഇത് നടത്തപ്പെടുന്നത്.[1]
ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ വൈദ്യനാഥ ഭാഗവതർ ആരംഭിച്ച സംഗീതോത്സവമാണ് പിന്നീട് അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധമായത്. അരനൂറ്റാണ്ടോളം ചെമ്പൈ ഭാഗവതർ ശിഷ്യരോടൊപ്പം ഏകാദശി നാളിൽ സംഗീതോത്സവം നടത്തിയിരുന്നു. 60 വർഷത്തോളം ചെമ്പൈ ക്ഷേത്രനഗരിയിൽ സ്വന്തം നിലയിൽ ഈ ഉത്സവം നടത്തിയിരുന്നു. [2] [3] കൊച്ചുകുട്ടികൾ മുതൽ അക്കാലത്തെ പ്രശസ്തരായ സംഗീതജ്ഞർ വരെ കർണാടക സംഗീതത്തിൽ താൽപ്പര്യമുള്ള ആരെയും അദ്ദേഹം ഉത്സവത്തിൽ അവതരിപ്പിക്കാൻ ക്ഷണിക്കുമായിരുന്നു. കാലക്രമേണ, ഉത്സവത്തിന്റെ തോത് തിരുവയ്യാർ ത്യാഗരാജ ആരാധനയോളം വളർന്നു. 3 ദിവസം മാത്രമുണ്ടായിരുന്ന സംഗീതോത്സവം തിരക്ക് വർധിച്ചതോടെ 15 ദിവസമായി. 1974-ൽ ചെമ്പൈയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ചെമ്പൈ സംഗീതോൽസവം എന്ന് പുനർനാമകരണം ചെയ്തു. ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആണ് ഇത് നടത്തപ്പെടുന്നത്.
എല്ലാ വർഷവും ഏകദേശം 3000 ത്തോളം സംഗീതജ്ഞർ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു, ഇത് ഏകദേശം 12-15 ദിവസം നടക്കുന്നു, ഗുരുവായൂർ ഏകാദശി ദിനത്തിൽ എല്ലാ സംഗീതജ്ഞരും ചെമ്പൈയുടെ അഞ്ച് പ്രിയപ്പെട്ട ഗാനങ്ങളും ത്യാഗരാജന്റെ പഞ്ചരത്ന കൃതികളും ആലപിക്കുന്നു. [4] ഉത്സവം വർഷം തോറും കൂടുതൽ ജനപ്രിയമാവുകയും അതിന്റെ ദൈർഘ്യം അതിന്റെ തുടക്കത്തിലെ മൂന്ന് ദിവസങ്ങളിൽ നിന്ന് ഇപ്പോൾ ഏകദേശം 12-15 ദിവസമായി വർദ്ധിച്ചു.
നേരത്തെ നാലമ്പലത്തിന്റെ അകത്തായിരുന്നു ചെമ്പൈ സംഗീതോൽസവം നടത്തിയിരുന്നത്, പിന്നീടത് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ക്ഷേത്രത്തിനു പുറത്താണ് നടക്കുന്നതെങ്കിലും ഇവിടെയും അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സംഗീതത്തിൽ പങ്കെടുക്കുന്ന പുരുഷന്മാർ ഷർട്ട് ധരിച്ചുകൊണ്ട് കച്ചേരിനടത്താനും അനുവദിക്കുന്നില്ല.[5]