ഇന്ത്യയിലെ ഉത്തർപ്രദേശിലെ ലഖ്‌നൗ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗംഭീരമായ സ്മാരകമാണ് ഛോട്ടാ ഇമാംബര. ഇമാംബര ഹുസൈനാബാദ് മുബാറക് എന്നും ഇത് അറിയപ്പെടുന്നു. ഇതിന്റെ പണി പൂർത്തിയാകാൻ 54 വർഷമെടുത്തു. 1838-ൽ അവധിലെ നവാബായിരുന്ന മുഹമ്മദ് അലി ഷാ, ഷിയാ മുസ്ലീങ്ങൾക്കായുള്ള ഒരു ഇമാംബര അല്ലെങ്കിൽ ഒരു സഭാ ഹാൾ ആയാണ് ഇത് നിർമ്മിച്ചത്. [1] തനിക്കും തന്റെ അമ്മയ്ക്കും വേണ്ടിയുള്ള ഒരു ശവകുടീരമായി ഈ നിർമ്മിതി വർത്തിച്ചു. [2]
അഞ്ച് പ്രധാന വാതിലുകളുള്ള പഞ്ചേതൻ വിശുദ്ധ അഞ്ചിന്റെ പ്രാധാന്യം ഇവിടെ ഊന്നിപ്പറയുന്നു. ഈ ഇമാംബരയിൽ രണ്ട് ഹാളുകളും ഒരു ഷെഹ്‌നാഷീനും (ഇമാം ഹുസൈൻ്റെ സരിഹ് സൂക്ഷിച്ചിരിക്കുന്ന ഒരു പ്ലാറ്റ്‌ഫോം.) ഉണ്ട്. ഇറാഖിലെ കർബലയിലുള്ള ഇമാം ഹുസൈൻ്റെ ഖബറിൽ സൂക്ഷിച്ചിരിക്കുന്ന ഘടനയുടെ പകർപ്പാണ് സരിഹ്. പച്ചയും വെള്ളയും നിറത്തിലുള്ള അതിരുകളുള്ള അസാഖാന എന്ന വലിയ ഹാൾ ധാരാളം നിലവിളക്കുകളും ക്രിസ്റ്റൽ ഗ്ലാസ് ലാമ്പ് സ്റ്റാൻഡുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വാസ്തവത്തിൽ, സമൃദ്ധമായ ഈ അലങ്കാരം മൂലമാണ് ഈ ഇമാംബരയെ യൂറോപ്യൻ സന്ദർശകരും എഴുത്തുകാരും ദി പാലസ് ഓഫ് ലൈറ്റ്സ് എന്ന് വിശേഷിപ്പിക്കുന്നത്. പുറംഭാഗം ഇസ്‌ലാമിക കാലിഗ്രാഫിയിലെ ഖുറാൻ സൂക്തങ്ങൾ കൊണ്ട് വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു.
ബാര ഇമാംബരയുടെ പടിഞ്ഞാറ് ഭാഗത്തായി ഛോട്ടാ ഇമാംബര നിലകൊള്ളുന്നു. ബാര ഇമാംബരുയുടെ പ്രൗഢമായ കവാടമാണ് റൂമി ദർവാസ. [3] മുഹറം പോലെയുള്ള പ്രത്യേക ആഘോഷവേളകളിലെ അലങ്കാരങ്ങളും നിലവിളക്കുകളും കാരണം ഈ കെട്ടിടം വിളക്കുകളുടെ കൊട്ടാരം എന്നും അറിയപ്പെടുന്നു. [4]
ഈ കെട്ടിടത്തിൻ്റെ ഉൾവശം അലങ്കരിക്കാൻ ഉപയോഗിക്കുന്ന തൂക്കുവിളക്കുകൾ ബെൽജിയത്തിൽ നിന്നാണ് കൊണ്ടുവന്നത്. [5] കെട്ടിടത്തിനുള്ളിൽ മുഹമ്മദ് അലി ഷായുടെ കിരീടവും ആചാരപരമായ ടാസിയസും ഉണ്ട്. [6] ആയിരക്കണക്കിന് തൊഴിലാളികൾ ക്ഷാമ മോചനത്തിനായി പദ്ധതിയിൽ പ്രവർത്തിച്ചു.
ഇതിന് സ്വർണ്ണം പൂശിയ താഴികക്കുടവും നിരവധി ഗോപുരങ്ങളും മിനാരങ്ങളും ഉണ്ട്. മുഹമ്മദ് അലി ഷായുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ശവകുടീരങ്ങൾ ഈ ഇമാംബരയ്ക്കുള്ളിലാണ്. മുഹമ്മദ് അലി ഷായുടെ മകളുടെയും ഭർത്താവിൻ്റെയും ശവകുടീരങ്ങളായി നിർമ്മിച്ച താജ്മഹലിൻ്റെ രണ്ട് പകർപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ചുവരുകൾ അറബി കാലിഗ്രാഫി കൊണ്ട് അലങ്കരിച്ചിരിക്കുന്നു. [7]
ഇമാംബരയ്ക്കുള്ളിലെ ജലധാരകൾക്കും ജലസ്രോതസ്സുകൾക്കുമുള്ള ജലവിതരണം ഗോമതി നദിയിൽ നിന്നാണ്. [8]
നവാബ് മുഹമ്മദ് അലി ഷായുടെ മകൾ ആസിയ ബീഗം സാഹിബ രാജകുമാരിയുടെയും മറ്റ് രണ്ട് ശവകുടീരങ്ങളുടെയും ശവകുടീരമായി ഈ നിർമ്മിതി പ്രവർത്തിക്കുന്നു. താജ്മഹലിൻ്റെ ചെറിയൊരു പകർപ്പാണിത്.
ശവകുടീരത്തെ അഭിമുഖീകരിക്കുന്ന മറ്റൊരു ഘടന ഇമാംബരയുടെ വാസ്തുവിദ്യാ സമമിതിയ്ക്കും സന്തുലിതാവസ്ഥയ്ക്കും വേണ്ടി നിർമ്മിച്ചതാണ്. ഇത് ഒരു ട്രഷറിയായി ഉപയോഗിച്ചു.
പ്ലാറ്റ്‌ഫോമിൻ്റെ അരികിൽ രണ്ട് വലിയ മിനാരങ്ങളുള്ള ഉയർന്ന പ്ലാറ്റ്‌ഫോമിലാണ് ഈ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. ഈ മസ്ജിദ് പുഷ്പ ഡിസൈനുകളും ഖുറാൻ കാലിഗ്രാഫിയും കൊണ്ട് വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു.
സത്ഖണ്ഡ എന്ന വാക്കിൻ്റെ അർത്ഥം ഏഴ് നിലകളുള്ളതാണ്, എന്നാൽ നാലാം നിലയോടെ നിർമ്മാണം നിലച്ചതിനാൽ ഡിസൈനിലെ സമമിതിക്ക് ആനുപാതികമായി ഈ കെട്ടിടം നിർമ്മിക്കപ്പെട്ടില്ല. നവാബ് മുഹമ്മദ് അലി ഷാ തൻ്റെ ഭരണകാലത്ത് ഈ കെട്ടിടം കമ്മീഷൻ ചെയ്തു. ഇതിന്റെ നിർമ്മാണം 1837 ൽ ആരംഭിച്ച് 1842 വരെ തുടർന്നു. ലഖ്‌നൗവിലെ പഴയ നഗര പ്രദേശത്തിൻ്റെ വിഹഗവീക്ഷണം ലഭിക്കുന്നതിനുള്ള ഒരു നിരീക്ഷണ ഗോപുരമായാണ് ഇത് രൂപകല്പന ചെയ്തത്. ഗോപുരത്തിന് നിരവധി വലിയ കമാനങ്ങളുള്ള ജനലുകളും അറകളുമുണ്ട്. കെട്ടിടത്തിൻ്റെ വിവിധ നിലകളിലേക്ക് സർപ്പിള ആകൃതിയിലുള്ള പടികൾ നയിക്കുന്നു. [9]
പിന്നീട് ഈ കെട്ടിടം നവീകരിച്ചു. എന്നാൽ പുനർനിർമ്മാണ പ്രക്രീയ വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. "[ഈ കെട്ടിടം] ഈയിടെ ആധുനിക സിമൻ്റ് ഉപയോഗിച്ച് "അറ്റകുറ്റപ്പണി നടത്തി", അതിൻ്റെ സൂക്ഷ്മമായ പ്ലാസ്റ്റർ വർക്ക് തകർത്തു" എന്ന് 2016-ൽ ദി ഇക്കണോമിസ്റ്റ് എഴുതി. [10]