ത്രിഷാന്ത് ശ്രീവാസ്തവ എഴുതി സൌമ്യേന്ദ്ര പാധി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മിനി സീരീസാണ് ജംതാര-സബ്കാ നമ്പർ ആയേഗാ. രണ്ട് സീസണുകളിലായി പതിനെട്ട് എപ്പിസോഡുകളാണ് ഈ മിനി സീരീസിൽ ഉള്ളത്. ആദ്യ സീസൺ 2020 ജനുവരിയിലും[1], രണ്ടാം സീസൺ 2022 സെപ്റ്റംബറിലും[2] പുറത്തിറങ്ങി. ജാർഖണ്ഡിലെ ജംതാര എന്ന പ്രദേശത്ത് നടന്ന സൈബർ കുറ്റകൃത്യങ്ങളാണ് സീരീസിന്റെ ഇതിവൃത്തം[3].
ബാങ്കിൽ നിന്നെന്ന വ്യാജേന ഫോൺ ചെയ്ത് തട്ടിപ്പ് നടത്തുന്ന ഒരു സംഘം ചെറുപ്പക്കാർ, ആ നാട്ടിലെ വലിയൊരു വിഭാഗത്തെ അതിനായി ദുരുപയോഗപ്പെടുത്തുന്നു. ഇവരുടെ സംരക്ഷണം വാഗ്ദാനം ചെയ്തെത്തുന്ന രാഷ്ട്രീയക്കാരനും ഇതിന്റെ നല്ലൊരു പങ്ക് കൈപ്പറ്റുന്നുണ്ട്. ഇവർക്കിടയിൽ പുതുതായെത്തുന്ന പോലീസുദ്യോഗസ്ഥ ഇതിനെതിരെ പ്രവർത്തിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.
സംവിധായകനായ സൌമ്യേന്ദ്ര പാധി 2015-ൽ വായിച്ച ലേഖനത്തിൽ ജംതാരയിലെ സ്കൂൾ കുട്ടികൾ നടത്തിയ സൈബർ തട്ടിപ്പിനെ കുറിച്ച് വിവരിച്ചിരുന്നു. ടീമിലെ അംഗങ്ങളെ സംഭവത്തെ കുറിച്ച് ഗവേഷണം നടത്താനായി അയച്ച അദ്ദേഹം[4], തുടർന്ന് ഈ മിനി സീരീസിന് തുടക്കം കുറിക്കുകയായിരുന്നു. സ്ഥലത്തെ പോലീസ് സൂപ്രണ്ട് ആയിരുന്ന ജയ റോയ് എന്ന വനിതാ ഓഫീസറാണ് സീരീസിലെ ഡോളി സാഹു എന്ന കഥാപാത്രം[5].