ജോയ്‌നഗരേർ മോവ | |
ഉത്ഭവ വിവരണം | |
---|---|
പ്രദേശം/രാജ്യം | ജോയ്നഗർ, പശ്ചിമ ബംഗാൾ |
സൃഷ്ടാവ് (ക്കൾ) | തപസ് സസ്മൽ, രാജേഷ് സസ്മൽ |
വിഭവത്തിന്റെ വിവരണം | |
Serving temperature | സാധാരണ താപനില |
പ്രധാന ചേരുവ(കൾ) | ഈന്തപ്പനയിൽ നിന്നുള്ള ശർക്കര, വെണ്ണ, അരി |
പശ്ചിമ ബംഗാളിലെ ചില പ്രദേശങ്ങളിൽ വളരെ സുപരിചിതമായ ഒരു മധുരപലഹാരമാണ് ജോയ്‌നഗരേർ മോവ (ബംഗാളി : জয়নগরের). ഈന്തപ്പനയിൽ നിന്നു വേർതിരിച്ചെടുക്കുന്ന ശർക്കര, പശുവിൻ പാലിൽ നിന്നുള്ള വെണ്ണ, "കനക്ചുർ ഖോയ്'" എന്നറിയപ്പെടുന്ന അരി എന്നിവയുപയോഗിച്ചാണ് ഇതു നിർമ്മിക്കുന്നത്. പ്രകൃതിദത്തമായ ചേരുവകൾ കൊണ്ടുനിർമ്മിക്കുന്ന ഈ പലഹാരത്തിന്റെ ഉത്ഭവം പശ്ചിമബംഗാളിലെ ജോയ്‌നഗറിലാണെന്നു കരുതുന്നു. കൊൽക്കത്തയിലും പരിസരപ്രദേശങ്ങളിലും കൃത്രിമചേരുവകൾ കൊണ്ട് ഈ പലഹാരം നിർമ്മിക്കുന്നുണ്ട്.[1] ജോയ്‌നഗരേർ മോവയെ സംരക്ഷിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായി 2015-ൽ ഇതിനു ഭൂപ്രദേശസൂചികാപദവി നൽകി.[2]
ഏറെ വർഷങ്ങൾക്കുമുമ്പു തന്നെ പശ്ചിമബംഗാളിൽ ഈ പലഹാരം നിർമ്മിച്ചു തുടങ്ങിയിരുന്നു. ഈന്തപ്പനയിൽ നിന്നെടുക്കുന്ന "നോളെൻ ഗുർ" എന്ന സ്വാദിഷ്ഠമാർന്ന ശർക്കരയാണ് ഈ പലഹാരത്തിലെ പ്രധാന ചേരുവ. ബംഗാളിൽ വളരുന്ന "കനക്ചുർ ഖോയ്" എന്ന അരി, പശുവിൻ പാലിൽ നിന്നുള്ള വെണ്ണ, ഏലം, കറുപ്പുചെടിയുടെ വിത്ത് എന്നിവയാണ് മറ്റു ചേരുവകൾ.
കനക്ചുർ ഖോയ് അരിയും നോളെൻ ഗുർ ശർക്കരയും ശൈത്യകാലത്താണ് (നവംബർ - ജനുവരി) വിളവെടുക്കുന്നത്. അതിനാൽ ശൈത്യകാലത്തു മാത്രമാണ് ഈ മധുരപലഹാരം നിർമ്മിക്കുന്നത്.[1] നുറുക്ക് പോലെ പെട്ടെന്ന് പൊടിഞ്ഞുപോകുന്ന ഒരു പലഹാരമാണിത്.
ബംഗാളിലെ മിക്ക ഭവനങ്ങളിലും ഇത് പാകം ചെയ്യുന്നുണ്ട്. ഇവിടുത്തെ ചില കടകളിൽ പലഹാരം പായ്ക്കറ്റുകളാക്കി വിൽക്കുന്നു. ജോയ്‌നഗറിലും ബഹുറയിലും ചരണിലുമുള്ള നൂറ്റിയൻപതോളം കടകളിൽ പ്രകൃതിദത്തമായ ചേരുവകൾ കൊണ്ടാണ് പലഹാരം നിർമ്മിക്കുന്നത്. 1929-ൽ ജോയ്നഗറിൽ പലഹാരനിർമ്മാണത്തിനായി തുടങ്ങിയ ശ്രീകൃഷ്ണ മിസ്താന ഭണ്ഡാർ എന്ന കടയിൽ ഇപ്പോഴും പലഹാരം നിർമ്മിക്കുന്നുണ്ട്. ജോയ്നഗരേർ മോവയ്ക്കു ഭൂപ്രദേശസൂചികാ പദവി നൽകണമെന്ന് ഒരു വിഭാഗം വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു.[3][4] അതേത്തുടർന്ന് 2015-ൽ ഇതിനു ഭൂപ്രദേശസൂചികാപദവി ലഭിച്ചിരുന്നു.[2]
പ്രകൃതിദത്തചേരുവകളാൽ നിർമ്മിക്കപ്പെടുന്ന സ്വാദിഷ്ഠമാർന്ന ഈ വിഭവം വളരെ പെട്ടെന്നു തന്നെ ബംഗാളിൽ പ്രശസ്തി നേടിയിരുന്നു. ചില വ്യാപാരികൾ കൃത്രിമപദാർത്ഥങ്ങൾ കൊണ്ട് പലഹാരമുണ്ടാക്കി "ജോയ്‌നഗരേർ മോവ" എന്ന പേരിൽ വിൽപ്പനയാരംഭിച്ചു. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന പലഹാരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോപണമുയർന്നിരുന്നു.[3]
കൃത്രിമപദാർത്ഥങ്ങൾ കൊണ്ടു നിർമ്മിക്കുന്ന പലഹാരം വൻതോതിൽ വിറ്റഴിക്കപ്പെട്ടതോടെ, പരമ്പരാഗതമായി ഇതു നിർമ്മിച്ചിരുന്നവർക്ക് വ്യാപാരം നഷ്ടമായി. അതുകൊണ്ടു തന്നെ പ്രകൃതിദത്തമായ സ്വാദുള്ള പലഹാരത്തിന്റെ നിർമ്മാണം കുറഞ്ഞുവരികയാണ്.
ജോയ്‌നഗരേർ മോവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന പനംചക്കര (ഈന്തപ്പനയിൽ നിന്നുള്ള ശർക്കര)യുടെ ദൗർലഭ്യമാണ് മറ്റൊരു വെല്ലുവിളി. ബംഗാളിൽ ഈന്തപ്പനകൾ കുറഞ്ഞതോടെ ശർക്കരനിർമ്മാണവും കുറഞ്ഞു. പരമ്പരാഗതമായി ശർക്കരനിർമ്മാണം നടത്തിയിരുന്ന ഷിയുലി വിഭാഗക്കാർ മറ്റു ജോലികൾ തേടി പോവുകയാണ്. ശൈത്യകാലത്തു മാത്രം വിളവു നൽകുന്ന കനക്ചുർ ഖോയ് അരിയുടെ ഉൽപ്പാദനം കുറഞ്ഞതും പലഹാരനിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.[3]
{{cite web}}
: Check date values in: |accessdate=
(help)