ജോൺ അലൻ ബ്രൗൺ | |
---|---|
ജനനം | |
മരണം | നവംബർ 22, 1879 | (പ്രായം 62)
ദേശീയത | Scottish |
അറിയപ്പെടുന്നത് | meteorologist |
പുരസ്കാരങ്ങൾ | FRS |
ജോൺ അലൻ ബ്രൗൺ (21 സെപ്റ്റംബർ 1817 – 22 നവംബർ 1879) ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്കോട്ടിഷ് കാന്തികതാ പഠന ശാസ്ത്രജ്ഞനും, കാലാവസ്ഥാ ശാസ്ത്രജ്ഞനും ആയിരുന്നു. റോയൽ സൊസൈറ്റി സമിതി അംഗം ആയിരുന്ന അദ്ദേഹത്തിന്റെ പ്രധാന കണ്ടുപിടിത്തങ്ങളിലൊന്ന് ഭൂമി അതിന്റെ കാന്തിക തീവ്രത, പ്രാദേശികമായല്ല - എന്നാൽ മൊത്തത്തിലാണ് ആർജ്ജിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നത് എന്നതാണ്. സൗര പ്രതിഭാസങ്ങൾ ഭൗമ കാന്തികതയിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നതും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിലൊന്നാണ്.
ബ്രൗൺ, സ്കോട്ട്‌ലന്റിലെ ഡംഫ്രൈസിലാണ് ജനിച്ചത്. എഡിൻബർഗ് സർവ്വകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, പിന്നീട് 1842 മുതൽ 1849 വരെ സ്കോട്ട്‌ലന്റിലെ മേക്കേർസ്ടൗൺ കാന്തിക നിരീക്ഷണാലയത്തിലെ മേധാവിയായിരുന്നു. സർ തോമസ് ബ്രിസ്ബെയ്ൻ സ്ഥാപിച്ചതാണ് ഈ നിരീക്ഷണാലയം. ഇവിടെ ബ്രൗൺ നടത്തിയ നിരീക്ഷണങ്ങളുടെ വിവരങ്ങൾ ഏഡിൻബർഗിലെ റോയൽ സൊസൈറ്റിയുടെ വ്യവഹാരങ്ങളിൽ ലഭ്യമാണ്.
1852 മുതൽ ബ്രൗൺ, തിരുവിതാംകൂർ നാട്ടുരാജ്യത്തെ തിരുവനന്തപുരം നിരീക്ഷണാലയത്തിന്റെ മേധാവിയായിരുന്നു. 1860 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ഉത്രാടം തിരുനാൾ മഹാരാജാവിന്റേയും, അതിനു ശേഷം ഭരണാധികാരിയായിരുന്ന ആയില്യം തിരുനാൾ മഹാരാജാവിന്റേയും കൂടെ ബ്രൗൺ പ്രവർത്തിച്ചിരുന്നു 1853ൽ, ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കിടയ്ക്കു തന്നെ, ലണ്ടൻ റോയൽ സൊസൈറ്റിയുടെ സമിതി അംഗം ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂറിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അഗസ്ത്യമലയിൽ നിരീക്ഷണാലയം സ്ഥാപിച്ചത് അദ്ദേഹമാണ്. തിരുവനന്തപുരത്ത് ഒരു കാഴ്ചബംഗ്ലാവും മൃഗശാലയും സ്ഥാപിക്കുവാനും അദ്ദേഹത്തിന്റെ സഹായങ്ങൾ ലഭ്യമായിരുന്നു. ഈ കാഴ്ചബംഗ്ലാവ് പിന്നീട് പൊളിച്ചു മാറ്റിയാണ് ഇന്ന് നിലനിൽക്കുന്ന നേപിയർ മ്യൂസിയം പണിഞ്ഞത്. മൃഗശാല ഇന്നും നിലനിൽക്കുന്നു.
1865ൽ ഇന്ത്യ വിട്ട ബ്രൗൺ, സ്വിറ്റ്സർലാന്റിലെ ലൗസന്നിലും ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിലും കുറച്ചു നാൾ ജീവിച്ചതിനു ശേഷം 1873 ൽ ലണ്ടനിൽ എത്തിച്ചേർന്നു. അതിനു ശേഷം, റോയൽ സൊസൈറ്റിയുടെ ധനസഹായത്തോട് കൂടി, ബ്രിട്ടീഷ് അധിനിവേശ രാജ്യങ്ങളിൽ സ്ഥാപിച്ച കേന്ദ്രങ്ങളിൽ നിന്നുള്ള കാന്തിക നിരീക്ഷണ വിവരങ്ങൾ അപഗ്രഥിക്കുന്നതിൽ വ്യാപൃതനായി. മേക്കേർസ്ടൗൺ, തിരുവനന്തപുരം നിരീക്ഷണാലയങ്ങളിലെ വിവരങ്ങളുടെ അവലോകനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. 1878 ൽ, റോയൽ സൊസൈറ്റിയുടെ റോയൽ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 35 വർഷം നീണ്ടു നിന്ന അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ചായിരുന്നു ഈ പുരസ്കാരം നൽകിയത്