ജോൺ നീഡെർഹോസർ (ജീവിതകാലം: സെപ്റ്റംബർ 27, 1916 - ആഗസ്റ്റ് 12, 2005)[1] ഒരു അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞനായിരുന്നു. ഉരുളക്കിഴങ്ങിന്റെ കൂടുതൽ വിപുലവും ഫലപ്രദവുമായ ഉത്പാദനം, അതിന്റെ രോഗ പ്രതിരോധം എന്നിവക്കായി പ്രയത്നിച്ചതിന്റെപേരിൽ അദ്ദേഹത്തിന് 1990-ൽ വേൾഡ് ഫുഡ് പ്രൈസ് സമ്മാനിക്കപ്പെട്ടു. തന്റെ ഏതാണ്ട് അറുപതു വർഷത്തെ അന്താരാഷ്ട്ര കാർഷികവ്യത്തിയിൽ, ഗവേഷകൻ, പരിശീലകൻ, മാർഗദർശകൻ, സഹകാരി എന്നീ നിലകളിൽ ഉരുളക്കിഴങ്ങ് വികസന പരിപാടികൾക്കു ചെയ്ത സംഭാവനകളുടേയും ലോകത്തിനു ഭക്ഷണം പ്രദാനം ചെയ്യുന്നതിനായി അദ്ദേഹം നടത്തിയ നവീകരണങ്ങൾ നേട്ടങ്ങൾ എന്നിവയുടേയും പേരിൽ "മിസ്റ്റർ പൊട്ടറ്റോ" എന്ന പേരിൽ അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ ഫലമായി, ലോകത്തിലെ മുഖ്യാഹാരങ്ങളുടെ ഉപഭോഗത്തിൽ ഗോതമ്പ്, അരി, ചോളം എന്നിവയ്ക്ക് ശേഷം ഉരുളക്കിഴങ്ങ് നാലാം സ്ഥാനം നേടിയെടുത്തു.[2][3]