ഇന്ത്യയിൽ മിഷൻ പ്രവർത്തനം നടത്തിയ ഒരു ക്രിസ്ത്യൻ മിഷണറിയായിരുന്നു ജോർജ് ഒഗ്ലോ പോപ്പ് എന്ന ജി.യു. പോപ്പ് (1820–1908). വളരെ വർഷം തമിഴ്നാട്ടിൽ ചിലവഴിച്ച ഇദ്ദേഹം നിരവധി തമിഴ് കൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി. തിരുക്കുറൽ, തിരുവാചകം, നാലടിയാർ എന്നിവ പ്രശസ്തങ്ങളായ മൊഴിമാറ്റമായിരുന്നു. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഇദ്ദേഹത്തെ സ്വർണ്ണ മെഡൽ നൽകി ആദരിച്ചു. ഓക്സ്ഫോർഡിലേക്കുള്ള പിൻവാങ്ങൽ വരെയും ബാംഗളൂർ ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിന്റെ തലവനായിരുന്നു ഇദ്ദേഹം.
1820 ഏപ്രിൽ 24-ന് കാനഡായിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ ജനിച്ചു. ശിശുവായിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയിരുന്നു. 1839-ൽ തമിഴ്നാട്ടിലെ തൂത്തുക്കുടിക്ക് സമീപമുള്ള സാവ്യർപുരത്ത് ഇദ്ദേഹം എത്തിച്ചേർന്നു. തമിഴ്, സംസ്കൃതം, തെലുഗ് ഭാഷകളിൽ ഇദ്ദേഹം പാണ്ഡിത്യം നേടി. ലാറ്റിൻ, ഇംഗ്ലീഷ്, ഹീബ്രു, ഗണിതം, തത്ത്വശാസ്ത്രം എന്നിവ അഭ്യസിപ്പിക്കുവാനായി ഇദ്ദേഹം അനവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിച്ചു. തമിഴ് തിരുക്കുറൽ 1886 സെപ്റ്റംബർ 1-ന് സേക്രഡ് കുറൽ എന്ന പേരിൽ ഇദ്ദേഹം മൊഴിമാറ്റം പൂർത്തീകരിച്ചു. ഇതിൽ തിരുക്കുറലിന്റെ അവതാരിക, ഗ്രാമർ, ശബ്‌ദകോശം (നിഘണ്ടു), ശബ്‌ദസൂചി എന്നിവ ഉൾപ്പെടുന്നു. കൂടാതെ 436 ഏടിൽ പുറത്തിറക്കിയ ഗ്രന്ഥത്തിൽ എഫ്.ഡബ്ലു. എല്ലിസിന്റെ ഇംഗ്ലീഷ് മൊഴിമാറ്റവും വീരമാമുനിവർ (வீரமாமுனிவர்)-ന്റെ ലാറ്റിൻ മൊഴിമാറ്റമായ കോൺസ്റ്റാൻസോ ബെഷിയും (Constanzo Beschi) ഉൾപ്പെടുന്നു. 1893 ഫെബ്രുവരിയിൽ തമിഴ് പദ്യ ശ്ലോകമായ നാലടിയാരുടെ (நாலடியார்) മൊഴിമാറ്റം നടത്തി. 1906-ൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഇദ്ദേഹത്തെ സ്വർണ്ണ മെഡൽ നൽകി ആദരിച്ചു. 1908 ഫെബ്രുവരി 12-ന് ഇദ്ദേഹം അന്തരിച്ചു.
A Tamil hand-book: or full introduction to the common dialect of that language on the plan of Ollendorf and Arnold, Madras, 1859 (2nd edition), 1867 (3rd edition) *Title for the 2nd and the 3rd edition of the following book* A handbook of the ordinary dialect of the Tamil language, London, 1883 (4th edition, 3 volumes), Oxford 1904 (7th edition) *Title for the latest editions*