ടി.എം. ചിദംബര രഘുനാഥൻ | |
---|---|
ജനനം | തിരുനെൽവേലി, തമിഴ് നാട് | 20 ഒക്ടോബർ 1923
മരണം | ഡിസംബർ 31, 2001 പാളയങ്കോട്ടൈ | (പ്രായം 78)
തൊഴിൽ | കവി, കഥാകൃത്ത്, സാഹിത്യ വിമർശകൻ, പരിഭാഷകൻ |
ഭാഷ | തമിഴ് |
ദേശീയത | ഇന്ത്യൻ |
കാലഘട്ടം | 1941–1999 |
Genre | സാമൂഹിക നോവലുകൾ, സാഹിത്യ വിമർശനം, കവിത |
സാഹിത്യ പ്രസ്ഥാനം | Socialist Realist |
ശ്രദ്ധേയമായ രചന(കൾ) | പഞ്ചും പസിയും ഭാരതി കാലമും കരുത്തും ഇളങ്കോ അടികൾ യാർ? |
ഒരു തമിഴ് സാഹിത്യകാരനും പരിഭാഷകനും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമായിരുന്നു ടി.എം. ചിദംബര രഘുനാഥൻ (തമിഴ്: தொ. மு. சிதம்பர ரகுநாதன், 20 ഒക്ടോബർ 1923 – 31 ഡിസംബർ 2001). ടി.എം.സി. രഘുനാഥൻ, തൊ.മു.സി. രഘുനാഥൻ, തൊ.മു.സി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.
1923-ൽ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ജനിച്ചു. ടി.എം.സിയുടെ മൂത്ത സഹോദരൻ ടി.എം. ഭാസ്കര തൊണ്ടമാൻ, ഇന്ത്യൻ സിവിൽ സർവീസിലെ അംഗവും എഴുത്തുകാരനുമായിരുന്നു. എ. ശ്രീനിവാസ രാഘവന്റെ ശിഷ്യനായിരുന്നു ഇദ്ദേഹം. 1941-ൽ പ്രശാന്ത വികടൻ എന്ന മാസികയിൽ ടി.എം.സിയുടെ ആദ്യത്തെ ചെറുകഥ അച്ചടിച്ചുവന്നു. 1942-ൽ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തനത്തിൽ പങ്കാളിയായതിന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു. 1944-ൽ ചെറിയ സമയത്തേക്ക് ദിന മണി എന്ന ദിനപത്രത്തിൽ സബ്-എഡിറ്ററായി പ്രവർത്തിച്ചിരുന്നു. തുടർന്ന് 1946-ൽ മുല്ലൈ എന്ന സാഹിത്യ മാസികയിലും പ്രവർത്തിച്ചു. 1945-ൽ ആദ്യത്തെ നോവലായ പുയൽ പ്രസിദ്ധീകരിച്ചു. 1948-ൽ ചിദംബര രഘുനാഥൻ എഴുതിയ ഇലക്കിയ വിമർശനം എന്ന സാഹിത്യ വിമർശന ഗ്രന്ഥം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1951-ൽ രണ്ടാമത്തെ നോവലായ പഞ്ചും പസിയും പ്രസിദ്ധീകരിച്ചു. ഈ നോവൽ ചെക്ക് ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും പ്രസിദ്ധീകരിച്ച് ആഴ്ചകൾക്കുള്ളിൽ 50,000 കോപ്പികൾ വിറ്റഴിയുകയും ചെയ്തു. അതേ വർഷം തന്നെ ചിദംബര രഘുനാഥന്റെ ആദ്യത്തെ കഥാസമാഹാരവും പുറത്തിറങ്ങി. 1954 മുതൽ 1956 വരെ ശാന്തി എന്ന പേരിൽ ഒരു സാഹിത്യ മാസിക ടി.എം.സിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ മാസികയിലൂടെ ധാരാളം യുവ എഴുത്തുകാരെ ടി.എം.സി പരിചയപ്പെടുത്തുകയുണ്ടായി. ഡാനിയൽ സെൽവരാജ്, സുന്ദര രാമസ്വാമി, ജയകാന്തൻ, കി. രാജനാരായണൻ എന്നീ എഴുത്തുകാർ ശാന്തി മാസികയിൽ എഴുതിയിട്ടുണ്ട്. അടുത്ത പത്തു വർഷക്കാലം ടി.എം.സി, വിവിധ മാസികകൾക്കായി ഫ്രീലാൻസ് പ്രവർത്തനം നടത്തുകയുണ്ടായി. 1960-കളുടെ പകുതിയിൽ ചിദംബര രഘുനാഥൻ, സോവിയറ്റ് ലാന്റ് പബ്ലിക്കേഷൻസിൽ (സോവിയറ്റ് ഇൻഫർമേഷൻ ബ്രാഞ്ച്) പ്രവർത്തനമാരംഭിച്ചു. ഇവിടെവച്ച് അദ്ദേഹം ധാരാളം റഷ്യൻ കൃതികൾ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മാക്സിം ഗോർക്കിയുടെ അമ്മ, വ്ലാദ്‌മിർ മയകോവ്ക്സ്കിയുടെ വ്ലാദ്മിർ ഇലിച്ച് ലെനിൻ എന്നീ കൃതികൾ ഇവിടെവെച്ചാണ് പരിഭാഷ ചെയ്തത്. 1983-ൽ സാഹിത്യ വിമർശനഗ്രന്ഥമായ ഭാരതി: കാലമും കരുത്തും (lit. ഭാരതി – കാലവും ആശയങ്ങളും) എന്ന ഗ്രന്ഥത്തിന് തമിഴിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. 1985-ൽ ചിലപ്പതികാരത്തിന്റെ കർത്താവായ ഇളങ്കോവടികളെക്കുറിച്ച് ഇളങ്കോ അടികൾ യാർ (ആരാണ് ഇളങ്കോവടികൾ) എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1988-ൽ സോവിയറ്റ് ലാന്റിൽ നിന്നും വിരമിച്ചു. 2001-ൽ പാളയങ്കോട്ടയിൽ വച്ച് അന്തരിച്ചു.
തമിഴ് എഴുത്തുകാരനായ പുതുമൈപ്പിത്തന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു ചിദംബര രഘുനാഥൻ. 1948-ൽ പുതുമൈപ്പിത്തന്റെ മരണത്തിനുശേഷം രഘുനാഥൻ, അദ്ദേഹത്തിന്റെ കൃതികൾ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. 1951-ൽ പുതുമൈപ്പിത്തനെക്കുറിച്ച് ഒരു ജീവചരിത്രവും രഘുനാഥൻ രചിച്ചിരുന്നു. 1999-ൽ പുതുമൈപ്പിത്തൻ കഥൈകൾ: ചില വിമർശനങ്കളും വിഷമങ്ങളും എന്ന പേരിൽ വിമർശനഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥം 1951-ൽ ജീവചരിത്രത്തിന്റെ തുടർച്ചയായിരുന്നു. 1942 മുതൽ 1962 വരെയുള്ള സമയത്താണ് രഘുനാഥന്റെ കൂടുതൽ കൃതികളും പുറത്തിറങ്ങിയത്. പഞ്ചും പസിയും എന്ന നോവലിൽ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് രഘുനാഥൻ സൂചിപ്പിക്കുന്നുണ്ട്. ഈ നോവൽ തമിഴ്‌നാട്ടിലെ നെയ്ത്തുകാരുടെ ജീവിതപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതായിരുന്നു. നോവലുകൾ കൂടാതെ തിരുച്ചിറമ്പല കവിരായർ എന്ന തൂലികാനാമത്തിൽ കവിതകളും എഴുതിയിട്ടുണ്ട്. ആകെ നാല് കഥാസമാഹാരങ്ങളും മൂന്ന് നോവലുകളും മൂന്ന് കവിതാസമാഹാരങ്ങളും രണ്ട് നാടകങ്ങളും ഒരു ജീവചരിത്രഗ്രന്ഥവും ചില വിമർശന - പഠന ഗ്രന്ഥങ്ങളും രഘുനാഥൻ രചിച്ചിട്ടുണ്ട്.[1][2][3][4][5]