ടി.കെ. അലക്സ്

ടി.കെ. അലക്സ്
ജനനം
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
കലാലയംകാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട,
കേരള സർ‌വകലാശാല,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (IITM),
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc),
ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം
പുരസ്കാരങ്ങൾപത്മശ്രീ (2007)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംElectrical and Aerospace Engineering
സ്ഥാപനങ്ങൾഐഎസ്ആർഒ

ഒരു ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനാണ് തെക്കേതിൽ കൊച്ചാണ്ടി അലക്സ്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) ISRO സാറ്റലൈറ്റ് സെന്റർ (ISAC) ഡയറക്ടറും (2008 – 2012) സ്പേസ് കമ്മീഷൻ അംഗവുമായിരുന്നു അദ്ദേഹം.[1] ഇലക്‌ട്രോ ഒപ്റ്റിക് സിസ്റ്റത്തിലും ഉപഗ്രഹ സാങ്കേതികവിദ്യയിലും വൈദഗ്ദ്ധ്യം നേടിയിട്ടുള്ള അദ്ദേഹം ആദ്യത്തെ ഇന്ത്യൻ ഉപഗ്രഹമായ ആര്യഭട്ടയിൽ തുടങ്ങി എല്ലാ ഇന്ത്യൻ ഉപഗ്രഹങ്ങളിലെയും സെൻസർ സംവിധാനങ്ങളുടെ ചുമതല നിർവ്വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1993-ൽ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസ് (LEOS) സ്ഥാപിതമായി, തുടക്കം മുതൽ 2008 വരെ അദ്ദേഹം അതിന്റെ ഡയറക്ടറായിരുന്നു. 2007 ലെ പത്മശ്രീയും 1976 ലെ ഐഎസ്ആർഒയുടെഡിസ്റ്റിങ്ഗ്യൂഷ്ട് അച്ചീവ്മെന്റ് അവാർഡും ലഭിച്ചിട്ടുണ്ട്. 2011-ൽ അദ്ദേഹത്തെ "ഡോ. വിക്രം സാരാഭായ് ഡിസറ്റിങ്ഗ്യൂഷ്ട് പ്രൊഫസർഷിപ്പ്" നൽകി ആദരിച്ചു.[2]

വിദ്യാഭ്യാസം

[തിരുത്തുക]

കേരളത്തിൽ നിന്നുള്ള അലക്‌സിന്റെ പ്രാഥമിക വിദ്യാഭ്യാസം പത്തനംതിട്ട അഴൂർ എസ്ആർവിഎൽപി സ്‌കൂളിലും ഹൈസ്‌കൂൾ പഠനം കാതോലിക്കേറ്റ് ഹൈസ്‌കൂളിലുമായിരുന്നു. തുടർന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റി കോഴ്‌സ് പൂർത്തിയാക്കി. 1964 മുതൽ 1969 വരെ കൊല്ലം ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ പഠിച്ചു. തുടർന്ന് കേരള സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും (സ്വർണ്ണമെഡൽ ജേതാവ്), ഐഐടി മദ്രാസിൽ നിന്ന് ബിരുദാനന്തര ബിരുദവും ഐഐഎസ്‌സി ബാംഗ്ലൂരിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റും നേടി.

ഐഎസ്ആർഒ/ഇന്ത്യയ്ക്കുള്ള സംഭാവനകൾ

[തിരുത്തുക]

ബാംഗ്ലൂരിൽ ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റങ്ങൾക്കായുള്ള ലബോറട്ടറി സ്ഥാപിച്ചുകൊണ്ട് അലക്‌സ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് (ISRO) സംഭാവന നൽകിയിട്ടുണ്ട്. 1984 ഏപ്രിൽ 3-ന് വിക്ഷേപിച്ച, ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനായ സ്ക്വാഡ്രൺ ലീഡർ രാകേഷ് ശർമ്മ, സോയൂസ് T-11 എന്ന ബഹിരാകാശ വാഹനത്തിൽ പറന്ന ഇന്തോ-സോവിയറ്റ് ദൗത്യത്തിലെ വിദൂര സംവേദന പരീക്ഷണത്തിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അലക്സ്. 2008-ലെ ആദ്യത്തെ ഇന്ത്യൻ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-1- ലേക്ക് അദ്ദേഹം സംഭാവന നൽകി. ഗ്രഹാന്തര ദൗത്യമായ മാർസ് ഓർബിറ്റർ മിഷൻ, മംഗൾയാൻ എന്നിവയ്ക്കും അദ്ദേഹം മാർഗനിർദേശം നൽകിയിട്ടുണ്ട്.

2008 ജൂൺ മുതൽ 2012 ജൂൺ വരെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ (URSC) ഡയറക്ടറായിരുന്നു അലക്സ്.[3] യുആർഎസ്‌സിയിൽ, രോഹിണി ആർഎസ്-ഡി2 ഉപഗ്രഹത്തിലെ സ്മാർട്ട് ക്യാമറ വികസിപ്പിക്കുന്നതിലും ഇന്ത്യ-സോവിയറ്റ് സംയുക്ത മനുഷ്യ ബഹിരാകാശ യാത്രയിലും ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളിലും നടത്തിയ റിമോട്ട് സെൻസിംഗ് പരീക്ഷണത്തിലും അദ്ദേഹം ഗണ്യമായ സംഭാവന നൽകി.[3] അലക്‌സിന്റെ നേതൃത്വത്തിൽ, 1993-ൽ ഐഎസ്ആർഒയുടെ ലബോറട്ടറി ഫോർ ഇലക്‌ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസ് (എൽഇഒഎസ്) ബാംഗ്ലൂരിൽ സ്ഥാപിതമായി, തുടക്കം മുതൽ 2008 വരെ അദ്ദേഹം അതിന്റെ ഡയറക്ടറായിരുന്നു.[3] എൽഇഒഎസ്ൽ ഡയറക്ടറായിരിക്കെ, ഇന്ത്യൻ ഉപഗ്രഹങ്ങൾക്കായി ഇലക്‌ട്രോ ഒപ്‌റ്റിക് സെൻസറുകളും ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾക്കായി ഉയർന്ന റെസല്യൂഷൻ ക്യാമറ ഒപ്‌റ്റിക്‌സും വികസിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു.[3]

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നയം രൂപീകരിക്കുന്ന ബഹിരാകാശ കമ്മീഷൻ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.[3]

പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക]

2007-ൽ പത്മശ്രീയും[4] 1976-ൽ ഐഎസ്ആർഒ യുടെ വിശിഷ്ട നേട്ടത്തിനുള്ള പുരസ്‌കാരമായ ഡിസ്റ്റിങ്ഗ്യൂഷ്ട് അച്ചീവ്മെന്റ് അവാർഡും അലക്‌സിന് ലഭിച്ചിട്ടുണ്ട്. ഇൻഫ്രാറെഡ് സെൻസറുകൾ വികസിപ്പിക്കുന്നതിനുള്ള ഐഎംഡിഎ അവാർഡ്, ഹരി ഓം ആശ്രമം വിക്രം സാരാഭായി അവാർഡ് (1987) എന്നിവയാണ് ലഭിച്ച മറ്റ് അവാർഡുകൾ. 2015 ൽ ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആര്യഭട്ട അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗ് (INAE), നാഷണൽ അക്കാദമി ഓഫ് സയൻസ്, ഇന്ത്യ (NASI), ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇന്ത്യ (IETE) എന്നിവയുടെ ഫെലോയും, ഇൻസ്ട്രുമെന്റ് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും എഎസ്ഐയുടെയും ആജീവനാന്ത അംഗവുമാണ് അലക്സ്. ഒപ്റ്റിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഫെലോ ആയ അദ്ദേഹം 2010-2011 കാലയളവിൽ അതിന്റെ പ്രസിഡന്റായിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ISRO (30 May 2008). "Press Release". Indian Space Research Organisation. Archived from the original on 13 June 2010. Retrieved 2013-06-06.
  2. Astronautical Society of India, 2002 ASI Award winner Biography
  3. 3.0 3.1 3.2 3.3 3.4 "Dr.T.K.Alex". www.ursc.gov.in.
  4. PIB (26 January 2007). "Padma Awards for 2007 announced". Press Information Bureau. Government of India. Retrieved 2013-06-06.