ടി.പി. മാധവൻ | |
---|---|
ജനനം | 1935 നവംബർ 7 തിരുവനന്തപുരം |
മരണം | ഒക്ടോബർ 9, 2024 കൊല്ലം | (പ്രായം 88)
തൊഴിൽ | മലയാള ചലച്ചിത്ര, ടെലി-സീരിയൽ അഭിനേതാവ് |
സജീവ കാലം | 1975-2016 |
ജീവിതപങ്കാളി(കൾ) | സുധ (വിവാഹമോചനം) |
കുട്ടികൾ | 2 |
മലയാള ചലച്ചിത്ര, ടെലി സീരിയൽ അഭിനേതാവായിരുന്നു തിരുക്കോട് പരമേശ്വരൻ മാധവൻ എന്നറിയപ്പെടുന്ന ടി.പി. മാധവൻ.(7 നവംബർ 1935 - 9 ഒക്ടോബർ 2024)[1] 1975-ൽ രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി.[2] സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം എന്നിവയാണ് ടി.പി. മാധവൻ്റെ ശ്രദ്ധേയമായ സിനിമകൾ. ശാരീരിക അവശതകളെ തുടർന്ന് 2016-ൽ സിനിമാഭിനയ രംഗത്ത് നിന്ന് വിരമിച്ചു. 2016 മുതൽ 2024 വരെ പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലായിരുന്നു.[3][4][5][6] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2024 ഒക്ടോബർ 9ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
1935 നവംബർ ഏഴിന് എൻ.പി. പിള്ളയുടേയും സരസ്വതിയുടേയും മൂത്ത മകനായി തിരുവനന്തപുരത്ത് ജനനം. നാരായണൻ, രാധാമണി എന്നിവർ സഹോദരങ്ങളാണ്. സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിലും അഭിനയത്തിനും ഒന്നാം സ്ഥാനം നേടിയ മാധവൻ ഹൈസ്കൂളിൽ പഠിക്കുമ്പോ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടു.
ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ എം.എയാണ് വിദ്യാഭ്യാസ യോഗ്യത. പിന്നീട് ജോലി ലഭിച്ച് കുറച്ചു നാൾ കൽക്കട്ടയിൽ പത്ര പ്രവർത്തകനായിരുന്നു. കേരള കൗമുദിയുടെ ബ്യൂറോ ചീഫായും പ്രവർത്തിച്ചു. പിന്നീട് പത്ര പ്രവർത്തനം ഉപേക്ഷിച്ച് പരസ്യക്കമ്പനിയിൽ ജോലി ചെയ്തു. വിവാഹ ശേഷം ബാംഗ്ലൂരിൽ ഇംപാക്റ്റ് എന്നൊരു പരസ്യ കമ്പനി തുടങ്ങിയെങ്കിലും അത് സാമ്പത്തികമായി വിജയിച്ചില്ല.
പ്രശസ്ത ചലച്ചിത്ര നടൻ മധുവുമായുള്ള പരിചയമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. അക്കാൽദമ എന്ന സിനിമയുടെ സെറ്റിൽ വച്ച് മധുവിൻ്റെ പ്രേരണയിൽ ചെറിയ ഒരു വേഷം ചെയ്തു. അതിനു ശേഷം സിനിമാഭിനയത്തിനായി മദ്രാസിലേക്ക് പോയി. സിനിമാഭിനയത്തിന് പോയതോടെ ഭാര്യ ഗിരിജ അദ്ദേഹത്തിൽ നിന്ന് വിവാഹമോചനം നേടി.
1975-ൽ റിലീസായ രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ടി.പി. മാധവൻ സജീവ സാന്നിധ്യമായി. രാഗം എന്ന സിനിമ വിജയിച്ചതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ആദ്യം വില്ലൻ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. അതിനുശേഷം കോമഡി റോളുകളും പിന്നീട് സ്വഭാവ വേഷങ്ങളും ചെയ്തു. മലയാളത്തിൽ ഇതുവരെ 600-ലധികം സിനിമകളിൽ അഭിനയിച്ച മാധവൻ സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ നിമിത്തം 2016-ൽ സിനിമാഭിനയത്തിൽ നിന്ന് വിരമിച്ചു.
1994-ൽ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിച്ചപ്പോൾ ആദ്യ ജനറൽ-സെക്രട്ടറിയായിരുന്നു ടി.പി. മാധവൻ. എം.ജി. സോമനായിരുന്നു താരസംഘടനയുടെ പ്രഥമ പ്രസിഡൻറ്. 1994 മുതൽ 1997 വരെ അമ്മയുടെ ജനറൽ-സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു.
2015-ൽ ഹരിദ്വാർ യാത്രക്കിടയിലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷം 2024 വരെ പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലായിരുന്നു ടി.പി. മാധവൻ.[7][8]
ടെലി-സീരിയൽ
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 88-മത്തെ വയസിൽ 2024 ഒക്ടോബർ 9ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[9] ഒക്ടോബർ പത്തിന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.[10]