കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി വിക്ഷേപിക്കപ്പെട്ട പ്രഥമ കൃത്രിമോപഗ്രഹം. ടെലിവിഷൻ ആൻഡ് ഇൻഫ്രാറെഡ് ഒബ്സർവേഷൻ സാറ്റ്ലൈറ്റ് (Television and Infra Red Observation Satellite) എന്നതിന്റെ ചുരുക്കപ്പേരാണ് ടിറോസ്. 1960 ഏ. 1-ന് ടിറോസ്-1 യു. എസ്. വിക്ഷേപിച്ചു. തുടർന്ന് ടിറോസ് 2, 3 തുടങ്ങി ഇതേ വിഭാഗത്തിലെ മറ്റ് ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെട്ടതോടെ കാലാവാസ്ഥാ നിരീക്ഷണങ്ങൾക്കായുള്ള ആദ്യത്തെ ഉപഗ്രഹ ശൃംഖലാ സംവിധാനം നിലവിൽവന്നു. പ്രത്യേക തരം ചെറിയ ടെലിവിഷൻ ക്യാമറകൾ, ഇൻഫ്രാറെഡ് സംസൂചകങ്ങൾ, വീഡിയോ ടേപ്പ് റിക്കോഡറുകൾ മുതലായവ ക്രമീകരിച്ചിരുന്ന ടിറോസുപയോഗിച്ച് 24 മണിക്കൂർ ഇടവിട്ട് ലോക കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.
1963 ജൂൺ 19-ന് വിക്ഷേപിക്കപ്പെട്ട ടിറോസ് -7 ഗ്രൗണ്ട് സ്റ്റേഷനിലേക്കയച്ച മേഘദൃശ്യങ്ങളുടെ (cloud-cover photograph) വിശകലനത്തിലൂടെ കാലാവസ്ഥ നിരീക്ഷകർക്ക് കൊടുങ്കാറ്റ് രൂപം കൊള്ളുന്നതും അത് സഞ്ചരിക്കാവുന്ന പാതയും മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞിരുന്നു. ടിറോസിന്റെ ഉപയോഗം മനസ്സിലായതോടെ അതിനെ പരിപോഷിപ്പിക്കാനെന്ന രീതിയിൽ നിംബസ് തുടങ്ങി ഇതര കാലാവസ്ഥാ നിരീക്ഷക ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെട്ടു.