രൂപകൽപ്പന | ടെക്സസ് ഇൻസ്ട്രുമെന്റ്സ് |
---|---|
തരം | മെമ്മറി-മെമ്മറി |
എൻഡിയൻനെസ് | ARM: ലിറ്റിൽ-എൻഡിയൻ, DSP: ബിഗ്-എൻഡിയൻ |
പ്രധാനമായും എംബെഡഡ് വീഡിയോ (video), വിഷൻ (vision) അധിഷ്ഠിത ഇലക്‌ട്രോണിക്ക് ഉപകരണങ്ങളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചു നിർമ്മിക്കപ്പെട്ട സിസ്റ്റം ഓൺ ചിപ്പ് മൈക്രോപ്രൊസസ്സറുകളുടെ കുടുംബമാണ് ടെക്സസ് ഇൻസ്ട്രുമെന്റ്സ് ഡാവിഞ്ചി[1][2].
പൊതുവേ TMS320 C6000 രൂപകൽപ്പന പിന്തുടരുന്ന ഒരു ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ കോറും ആം രൂപകൽപ്പന പിന്തുടരുന്ന ഒരു കോറും ഒരു ഡാവിഞ്ചി പ്രൊസസ്സറിലുണ്ടാവും. ഒന്നോ അതിലധികമോ ഡി.എസ്.പി.കൾ മാത്രമോ അതുപോലെ ഒരേതരത്തിലുള്ള പലതരം കോറുകൾ മാത്രമോ ഉപയോഗിച്ച് സിസ്റ്റം ഓൺ ചിപ്പുകൾ നിർമ്മിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഡാവിഞ്ചി രൂപകൽപ്പന ടെക്സസ് ഇൻസ്ട്രുമെന്റ്സ് മാർക്കറ്റിലിറക്കിയത്. കണക്കുകൂട്ടലുകൾ കാര്യക്ഷമതയോടെ നടത്താൻ ഡി.എസ്.പി.യും നിയന്ത്രണസംബന്ധമായ ക്രിയകൾ നിർവഹിക്കാൻ ആം പ്രൊസസ്സറും എന്നതായിരുന്നു ഈ രൂപകൽപ്പനകൊണ്ട് ഉദ്ദേശിച്ചിരുന്നത്. പൊതുവേ ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ ഡി.എസ്.പി.കളുടെ കൂടെ നിയന്ത്രണപ്രക്രിയകൾ നിർവഹിക്കാൻ മറ്റൊരു പ്രൊസസ്സറും (ആം, പവർപിസി, മുതലായവ) ഉപയോഗിച്ചിരുന്ന ഉപയോക്താക്കൾക്ക് ഇവരണ്ടും ഒരു ചിപ്പിൽ ലഭ്യമായപ്പോൾ സിസ്റ്റം രൂപകൽപ്പനയും പ്രൊസസ്സറുകൾ തമ്മിലുള്ള ആശയവിനിമയവും എളുപ്പമായി.
ഒരു ARM9 പ്രൊസസ്സറും C64x DSP പ്രൊസസ്സറും ഉൾപ്പെട്ട DM6446 ആയിരുന്നു ഡാവിഞ്ചി കുടുംബത്തിലെ ആദ്യ മൈക്രോപ്രൊസസ്സർ. ടെക്സസ് ഇൻസ്ട്രുമെന്റ്സ് പിന്നീട് ഒറ്റ ഡി.എസ്.പി. മാത്രമുള്ള ചിപ്പുകളും (ഉദാ: DM643x) ഒറ്റ ആം പ്രൊസസ്സർ മാത്രമുള്ള ചിപ്പുകളും (ഉദാ: DM365) രംഗത്തിറക്കി. ക്യാമറകളിലാണ് ഇവ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്നത്.
2005 ഡിസംബർ 5നാണ് റ്റി.ഐ. ആദ്യമായി ഡാവിഞ്ചി വീഡിയോ പ്രൊസസ്സറുകൾ പുറത്തിറക്കിയത്. DM6443, DM6446 എന്നീ പ്രൊസസ്സറുകളായിരുന്നു അന്ന് പുറത്തിറക്കിയത്[3][4][5][6][7]. ഒരു വർഷത്തിനുശേഷം ഡി.എസ്.പി. മാത്രമുള്ള ഡാവിഞ്ചി ചിപ്പുകൾ DM643x എന്ന പേരിൽ റ്റി.ഐ. പുറത്തിറക്കി[8].