കർത്താവ് | റോബർട്ട് എ. ഹൈൻലൈൻ |
---|---|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ശാസ്ത്ര ഫിക്ഷൻ നോവൽ |
പ്രസാധകർ | ജി.ബി. പട്ട്നാംസ് സൺസ് |
പ്രസിദ്ധീകരിച്ച തിയതി | 1973 ജൂൺ |
മാധ്യമം | അച്ചടി |
ഏടുകൾ | 605 താളുകൾ |
ISBN | 0-399-11151-4 |
OCLC | 639653 |
813/.5/4 | |
LC Class | PZ3.H364 Ti3 PS3515.E288 |
മുമ്പത്തെ പുസ്തകം | ഐ വിൽ ഫിയർ നോ ഈവിൽ |
ശേഷമുള്ള പുസ്തകം | ദ നമ്പർ ഓഫ് ദ ബീസ്റ്റ് |
റോബർട്ട് എ. ഹൈൻലൈൻ രചിച്ച ഒരു ശാസ്ത്ര ഫിക്ഷൻ നോവലാണ് ടൈം ഇനഫ് ഫോർ ലവ്. 1973-ലാണ് ഇത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ കൃതി മികച്ച നോവലിനുള്ള നെബുല പുരസ്കാരത്തിനായി 1973-ലും[1] ഹ്യൂഗോ പുരസ്കാരത്തിനും ലോക്കസ് പുരസ്കാരത്തിനുമായി 1974-ലും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.[2]
ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനായ ലസാറസ് ലോങ്ങിന്റെ (ജനനസമയത്തെ പേര്: വുഡ്രോ വിൽസൺ സ്മിത്ത്) ജീവിതത്തിലെ പല സംഭവങ്ങളെക്കുറിച്ചാണ് കഥ. കഥ ആരംഭിക്കുമ്പോൾ ഇദ്ദേഹത്തിന് രണ്ടായിരത്തിലധികം വർഷം പ്രായമുണ്ട്.
ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്ത് ലസാറസ് ഓർക്കുന്ന പല സംഭവങ്ങളുമാണ് പരാമർശിക്കപ്പെടുന്നത്. ഇനി തനിക്ക് ജീവിക്കാൻ താല്പര്യമില്ലെങ്കിലും തന്റെ കഥകൾ കേൾക്കാൻ തന്റെ കൂടെയുള്ളവർക്ക് താല്പര്യമുള്ളിടത്തോളം താൻ ജീവിക്കാൻ തയ്യാറാണെന്ന് ഇദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ നാവിക സേനയിലെ കേഡറ്റ് മറ്റുള്ളവർ ചെയ്യുന്നപോലുള്ള ഒരു ജോലിയും ചെയ്യാതെ തന്നെ സൃഷ്ടിപരമായ മടിയിലൂടെ ഉയരുന്നതാണ് ഇതിവൃത്തം.
ഗ്രഹങ്ങൾ തമ്മിൽ ചരക്ക് കൊണ്ടുപോകുന്ന ഒരു വ്യാപാരിയായിരുന്ന സമയത്ത് അടിമകളായിരുന്ന ഒരു സഹോദരനെയും സഹോദരിയെയും വാങ്ങി മോചിപ്പിക്കുകയും ഇവരെ എങ്ങനെ മനുഷ്യരാകണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നതാണ് കഥ.
ഒരു ജനിതക പരീക്ഷണത്തിലൂടെ മാതൃ പിതൃ കോശങ്ങളിൽ നിന്ന് പൂരകങ്ങളായ ഹപ്ലോയ്ഡ് ഗാമീറ്റുകളെ സൃഷ്ടിക്കുകയും ഇവയെ സങ്കലനം നടത്തി രണ്ട് ഭ്രൂണങ്ങളുണ്ടാക്കുകയും ചെയ്താണ് ഈ "സഹോദരീസഹോദരന്മാരെ" സൃഷ്ടിച്ചത്. സമൂഹത്തിലെ ഏതൊരു സ്ത്രീയ്ക്കും പുരുഷനുമുള്ളതിൽ കൂടുതൽ ബന്ധം ഇവർക്ക് പരസ്പരമില്ല. പരസ്പരമിഷ്ടപ്പെടുന്ന ഇവരെ ലസാറസ് വിവാഹം കഴിക്കാൻ അനുവദിക്കുന്നു. ജനിതക രോഗങ്ങൾ മാത്രമാണ് രക്തബന്ധമുള്ളവർ വിവാഹം കഴിക്കാതിരിക്കാനുള്ള ഒരേയൊരു കാരണമെന്നും ഇവർ തന്റെ തന്നെ വംശപരമ്പരയിൽ പെട്ടവരായിരിക്കാമെന്നും ലസാറസ് പറയുന്നുണ്ട്.
കോളനി സ്ഥാപിക്കാനായി പുതിയൊരു ഗ്രഹത്തിലെത്തുന്ന ഒരു കൂട്ടം ആളുകളിലൊരാളായിരുന്നു ലസാറസ്.
ബാങ്കുടമസ്ഥനായ ഇദ്ദേഹം ഒരു പെൺകുട്ടിയെ തീപിടിച്ച ഒരു വീട്ടിൽ നിന്ന് രക്ഷിക്കുന്നു. മാതാപിതാക്കൾ മരിച്ചുപോയ കുട്ടിയെ ഇദ്ദേഹം വളർത്തുന്നു. വളർന്നു വലുതാകുന്ന കുട്ടിയെ ഇദ്ദേഹം വിവാഹം കഴിക്കുന്നു. ആ ഗ്രഹത്തിൽ തന്നെയുള്ള മറ്റാരും ലസാറസിന്റെ അമരത്വം ശ്രദ്ധിക്കാൻ സാദ്ധ്യതയില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്തേയ്ക്ക് ഇവർ യാത്രയാകുന്നു. ഭാര്യ ഒടുവിൽ മരണമടയുന്നു.
ജീവിക്കാനുള്ള ആഗ്രഹം തിരികെ നേടിയ ലസാറസ് ഇദ്ദേഹത്തിന്റെ ചില പിന്മുറക്കാരുമൊത്ത് ഒരു പുതിയ ഗ്രഹത്തിൽ താമസമാക്കുന്നു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമുള്ള ഒരു കുടുംബത്തിൽ ലസാറസ് ഇവിടെ താമസമാകുന്നു. ഇവിടെ ധാരാളം കുട്ടികളുമുണ്ട്. ഇതിൽ രണ്ട് പെൺകുട്ടികൾ ലസാറസിന്റെ ക്ലോണുകളാണ്.
അവസാന കഥയിൽ ലസാറസ് 1919-ലേയ്ക്ക് സമയ യാത്ര ചെയ്യാൻ ശ്രമിക്കുന്നു. പക്ഷേ ഒരു തെറ്റു മൂലം ലസാറസ് 1916-ലാണ് എത്തിപ്പെടുന്നത്. ഇദ്ദേഹം തന്റെ മാതാവുമായി പ്രണയബന്ധരാകുന്നതിന് ഇത് കാരണമാകുന്നു. ഒടുവിൽ ലസാറസും അമ്മ മൗറീനും തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു.[nb 1]
ഫ്രാൻസിൽ ഒന്നാം ലോകമഹായുദ്ധത്തിനിടെ ലസാറസിന് പരിക്ക് പറ്റുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ രക്ഷിച്ച് സ്വന്തം കാലത്തേയ്ക്ക് മടക്കിക്കൊണ്ടുപോകുന്നു.
പ്രധാന പ്രതിപാദ്യ വിഷയവുമായി ബന്ധമില്ലാത്ത രണ്ട് ഇടവേളകൾ ഈ പുസ്തകത്തിലുണ്ട്. ഇതിൽ ലസാറസിന്റെ ചിന്തകളും സ്വയമുണ്ടാക്കിയ നിയമങ്ങളുമാണുള്ളത്. ഇവ പിന്നീട് ചിത്രങ്ങളോടുകൂടി ദ നോട്ട്ബുക്ക്സ് ഓഫ് ലസാറസ് ലോങ്ങ് എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
ലസാറസിന്റെ ഓർമകളും ബോധമണ്ഡലവും ഇദ്ദേഹത്തിന്റെ തന്നെ ഒരു സ്ത്രീ ക്ലോണിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതുസംബന്ധിച്ച നിർദ്ദേശം ചർച്ച ചെയ്യുന്നതിനിടെ ഐ വിൽ ഫിയർ നോ ഈവിൽ എന്ന കൃതിയിലെ സംഭവങ്ങൾ ലസാറസ് ഓർക്കുന്നുണ്ട്.
ഹൈൻലൈന്റെ ഓർഫൻസ് ഇൻ ദ സ്കൈ എന്ന കൃതിയിൽ പ്രസ്താവിക്കുന്ന വാൻഗാർഡ് എന്ന ശൂന്യാകാശപേടകത്തെപ്പറ്റി ഈ കൃതിയിൽ പരാമർശിക്കുന്നുണ്ട്.
മെതുസെലാസ് ചിൽഡ്രൺ എന്ന കൃതിയിലെ ജൊക്കൈറയുടെ കാര്യം ലസാറസ് പറയാൻ ശ്രമിക്കുന്നുവെങ്കിലും ഇക്കാര്യം ലസാറസിന്റെ ഓർമക്കുറിപ്പുകളിൽ നാലുതരത്തിൽ എഴുതപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഒരാൾ തടസ്സപ്പെടുത്തുന്നുണ്ട്. ചെറിയ മനുഷ്യരുടെ ഗ്രഹത്തിൽ താമസിക്കാൻ തീരുമാനിച്ച മനുഷ്യരുടെ കാര്യവും ലസാറസ് പ്രസ്താവിക്കുന്നുണ്ട്.
ലൈഫ് ലൈൻ എന്ന ചെറുകഥയിലെ ഡോക്ടർ പിനേറോയ്ക്ക് ലസാറസിന്റെ മരണം പ്രവചിക്കാൻ സാധിച്ചില്ല എന്നതിനാൽ ലസാറസിന് മരിക്കാൻ സാധിക്കില്ല എന്ന് ഒരു കഥാപാത്രം പ്രസ്താവിക്കുന്നുണ്ട്.
ന്യൂ യോർക്ക് ടൈംസിൽ ഈ കൃതിയെ "അതിരസകരം" എന്ന് പ്രശംസിച്ചുകൊണ്ട് ജോൺ ലിയൊനാർഡ് ഇപ്രകാരമെഴുതുകയുണ്ടായി. "ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ഒരുപോലെയാണ് പ്രവർത്തിക്കുന്നതും സംസാരിക്കുന്നതുമെന്നത് ഒരു വിഷയമല്ല; ഇദ്ദേഹം വഴിതിരിച്ചുവിടുന്നതിൽ ഒരു വിദഗ്ദ്ധനായതുകൊണ്ടാണിത്. അവിശ്വാസം താൽക്കാലികമായി മാറ്റിനിർത്തുന്നതിനു പകരം ഇല്ലാതെയാക്കുന്ന തരത്തിലാണ് ഇദ്ദേഹം വികാരങ്ങളെ കൈകാര്യം ചെയ്യുന്നത്".[3]
തിയഡോർ സ്റ്റർജ്യൺ ഈ കൃതിയെപ്പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞത്. "കൈയ്യെത്തുന്നതിലുമപ്പുറമുള്ള കാര്യങ്ങളെ കൈപ്പിടിയിലാക്കാനുള്ള ശ്രമം അനന്തമായി നടത്തുന്ന ഒരു മനുഷ്യന്റെ മനസ്സ് പ്രവർത്തിക്കുന്നത് നോക്കിക്കാണുക രസകരമാണ്" എന്നായിരുന്നു ഇദ്ദേഹം പ്രസ്താവിച്ചത്.[4]
പിന്നീട് എഴുതപ്പെട്ട റ്റു സെയിൽ ബിയോൺഡ് ദ സൺസെറ്റ് എന്ന കൃതി ലസാറസിന്റെ അമ്മയുടെ ഓർമക്കുറിപ്പ് എന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഇത് സൂചിപ്പിക്കുന്നത് ലസാറസിന്റെ വീക്ഷണകോണിൽ നിന്ന് വിശദീകരിക്കുന്ന സംഭവങ്ങൾ ഭാഗികമായ കാഴ്ച്ചപ്പാട് മാത്രമാണെന്നാണ്.