ഒരു ലെൻസിൽ തന്നെ, ദൂരക്കാഴ്ച, ഇന്റർമീഡിയറ്റ് ദൂരം (കൈ നീളം), സമീപകാഴ്ച എന്നിവ ശരിയാക്കുന്ന മൂന്ന് പവറുകൾ വരുന്ന ലെൻസുകളാണ് ട്രൈഫോക്കൽ ലെൻസ് അല്ലെങ്കിൽ ചുരുക്കി ട്രൈഫോക്കലുകൾ എന്ന് അറിയപ്പെടുന്നത്. 1827 ൽ ജോൺ ഐസക് ഹോക്കിൻസ് ആണ് ട്രൈഫോക്കൽ ലെൻസ് വികസിപ്പിച്ചത്. [1]
വായനയ്ക്ക് 2 ഡയോപ്റ്ററുകൾ അല്ലെങ്കിൽ അതിൽ കൂടുതൽ നിർദ്ദേശിച്ചിട്ടുളള വെള്ളെഴുത്ത് ഉള്ളവരാണ് ട്രൈഫോക്കലുകൾ കൂടുതലും ഉപയോഗിക്കുന്നത്. ഇന്റർമീഡിയറ്റ് അഡിഷൻ സാധാരണയായി വായനയ്ക്കുള്ള പവറിന്റെ പകുതിയാണ്. അതിനാൽ, −4 ഡയോപ്റ്ററുകളുടെ വിദൂര കാഴ്ചക്കുള്ള കുറിപ്പും +3 ന്റെ വായനാ കൂട്ടിച്ചേർക്കലും ഉള്ള ഒരാൾക്ക്, അവരുടെ ട്രൈഫോക്കലുകളിലെ വായനയ്ക്കുള്ള ഭാഗത്തിന് −1 പവറും ഇന്റർമീഡിയറ്റ് സെഗ്മെന്റ് −2.5 ഡയോപ്റ്ററുകളും ആയിരിക്കും.
ട്രൈഫോക്കൽ ലെൻസുകൾ ബൈഫോക്കലുകളുടേതിന് സമാനമായ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്, പക്ഷേ വായനാ ഭാഗത്തിന് മുകളിൽ ഇന്റർമീഡിയറ്റ് കാഴ്ചയ്ക്കായി ഒരു അധിക സെഗ്മെന്റ് ഉണ്ടാവും. കമ്പ്യൂട്ടറുകളിൽ ധാരാളം സമയം ചെലവഴിക്കുന്ന ആളുകൾക്ക് ഇത് ഉപയോഗപ്രദമാണ്.
കംപ്യൂട്ടർ ഉപയോഗം പോലെയുള്ള ഇന്റർമീഡിയറ്റ് കാഴ്ചയ്ക്ക് ഇപ്പോൾ കൂടുതൽ ആളുകൾ പ്രോഗ്രസ്സീവ് ലെൻസുകൾ തിരഞ്ഞെടുക്കുന്നതിനാൽ ട്രൈഫോക്കലുകൾ ഉപയോഗിക്കുന്നവർ ഇപ്പോൾ അപൂർവമാണ്. [2]