ഡാൻസിങ് അറബ്‌സ് | |
---|---|
സംവിധാനം | ഇറാൻ റിക്ലിക്‌സ് |
രചന | സെയ്ദ് കശുവ |
അഭിനേതാക്കൾ | തൗഫിക് ബാറോമി |
സംഗീതം | ജൊനാഥൻ റിക്ലിക്‌സ് |
ഛായാഗ്രഹണം | മൈക്കൽ വിസ്വെഗ് |
ചിത്രസംയോജനം | റിച്ചാർഡ് മരീസി |
രാജ്യം | ഇസ്രയേൽ |
സമയദൈർഘ്യം | 105 മിനിട്ട് |
2014 ൽ ഇസ്രയേലി സംവിധായകൻ ഇറാൻ റിക്ലിക്‌സ് സംവിധാനം ചെയ്ത ചിത്രമാണ് ഡാൻസിങ് അറബ്‌സ്. സെയ്ദ് കശുവായുടെ ഡാൻസിംഗ് അറബ്‌സ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.[1]
1980-90 കളിലെ ഇസ്രയേലാണ് സിനിമയുടെ പശ്ചാത്തലം. ഒരു ദരിദ്ര അറബ് ഗ്രാമത്തിൽ ജീവിച്ചിരുന്ന സമർഥനായ കൗമാരക്കാരനാണ് ഇയാദ്. ജറുസലേമിലെ പ്രശസ്തമായ ജൂയിഷ് ബോർഡിങ് സ്‌കൂളിൽ പഠിക്കാൻ അവസരം ലഭിക്കുന്ന ഇയാദിന് അവിടെ അറബ് വംശജനെന്ന പേരിൽ നേരിടേണ്ടിവരുന്നത് കൈപ്പുനിറഞ്ഞ ജീവിതാനുഭവങ്ങളാണ്. അധ്യാപകർക്കും സഹപാഠികൾക്കും ഇയാദിനെ തങ്ങളിൽ ഒരാളായി അംഗീകരിക്കാൻ കഴിയുന്നില്ല. വ്യത്യസ്തമായ രാഷ്ട്രീയാന്തരീക്ഷത്തിലും കാഴ്ചപ്പാടിലും വളർന്ന ഇയാദിനും നിഷേധാത്മക ചിന്തകളുണ്ടാകുന്നു. ജീവിതത്തെ പുഞ്ചിരിയോടെ മാത്രം സമീപിക്കുന്ന നവോമി എന്ന കൂട്ടുകാരി അവന് ആശ്വാസമാകുന്നു. തങ്ങൾ ജീവിക്കുന്ന സമൂഹവും അതിന്റെ വിശ്വാസങ്ങളും ഒരിക്കലും അംഗീകരിക്കില്ലെന്ന് അറിഞ്ഞിട്ടും അവർതമ്മിൽ അസാധാരണമായൊരു ബന്ധം ഉടലെടുക്കുന്നു. വീൽച്ചെയറിൽ ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട യൊനാദൻ എന്ന മറ്റൊരു കഥാപാത്രം കൂടി അവരുടെ ആത്മമിത്രമാകുന്നു. എന്നാൽ കാലം ഇവർക്കായി കാത്തുവെച്ചത് കഠിനമായ പരീക്ഷണങ്ങളായിരുന്നു. ഇസ്രയേലിനുള്ളിൽ തന്റേതായ ഇടം തേടുന്ന യുവാവിന്റെ കഥപറയുന്ന ചിത്രം അവിടത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ വിലയിരുത്തൽ കൂടിയാണ്. യഥാർഥ ജീവിതത്തിൽ നിന്നും കണ്ടെത്തിയ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിന്റെ കരുത്ത്.
മുഖ്യകഥാപാത്രമായ ഇയാദിനെ യുവനടൻ തൗഫിക് ബാറോമി അവതരിപ്പിച്ചിരിക്കുന്നു.
ജറുസലേം ഫിലിം ഫെസ്റ്റിവലിൽ 'ഡാൻസിങ് അറബ്' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഇസ്രയേലി ഫിലിം അക്കാദമിയുടെ നാല് അവാർഡുകൾക്ക് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.