ഡി. സെൽവരാജ് | |
---|---|
![]() | |
ജനനം | തിരുനെൽവേലി |
ഭാഷ | തമിഴ് |
ദേശീയത | ഭാരതീയൻ |
പൗരത്വം | ഭാരതീയൻ |
വിദ്യാഭ്യാസം | നിയമ ബിരുദം |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് |
പ്രമുഖനായ തമിഴ് സാഹിത്യകാരനാണ് ഡി.എസ് എന്നറിയപ്പെടുന്ന ഡി. സെൽവരാജ് (ജനനം :14 ജനുവരി 1938). തമിഴ് പുരോഗമന സാഹിത്യത്തിന് പ്രബലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അഭിഭാഷകനായ ഡി.എസ് ഇടതുപക്ഷ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളോടു ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. തമിഴ്നാട് മുർപ്പോക്ക് എഴുത്താളർ സംഘത്തിന്റെ സ്ഥാപകാംഗമാണ്. തോൽ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1][2]
ഡാനിയലിന്റെയും ജ്ഞാനംബാളിന്റെയും മകനായി തിരുനെൽവേലിയിൽ ജനിച്ചു. മൂന്നാറിലെ തോട്ടം തൊഴിലാളികളായിരുന്നു അച്ഛനും അമ്മയും. മൂന്നാർ ഹൈസ്ക്കൂളിൽ പഠിച്ചു. തിരുനെൽവേലി ഹിന്ദു കോളേജിൽ നിന്ന് ബിരുദവും മദിരാശിയി ലാ കോളേജിൽ നിന്ന് നിയമത്തിലും ബിരുദം നേടി. സി.പി.ഐ.എം മുഖപത്രമായ ജനശക്തിയിൽ ആദ്യ കഥ പ്രസിദ്ധപ്പെടുത്തി. ചിദംബര രഘുനാഥന്റെ ശാന്തി ലിറ്റിൽമാസികയിലും നീതി, സെമ്മലർ, കണ്ണദാസൻ, താമരൈ തുടങ്ങിയ ചെറുമാസികകളിലും നിരന്തരം എഴുതി. പി. ജീവാനന്ദത്തിന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി തമിഴ്നാട് മുർപ്പോക്ക് എഴുത്താളർ സംഘത്തിൽ അംഗമായി. 1967 ൽ രചിച്ച 'മലരും ചരുകും', എന്ന ആദ്യ നോവലിന്റെ പ്രമേയം തിരുനെൽവേലിയിലെ കർഷക മുന്നേറ്റമായിരുന്നു. ആദ്യ ദളിത് തമിഴ് നോവലായി ഇത് പരിഗണിക്കുന്നു. 1973 ൽ രചിച്ച 'തേനീർ' തേയിലത്തോട്ട തൊഴിലാളികളുടെ ദുരിത പർവ്വങ്ങൾ വിശകലനം ചെയ്യുന്നു. യുഗസംഗമം, പാട്ടു മുടിയും മുന്നേ തുടങ്ങിയ നാടങ്ങളും എഴുതിയിട്ടുണ്ട്. യുഗസംഗമം ദില്ലി സർവ്വകലാശാലയിലെ പാഠപുസ്തകമാണ്. നിരവധി വർഷങ്ങൾ ഗവേഷണം ചെയ്താണ് ഡി.എസ് രചന നടത്തുന്നത്. തോൽ എന്ന പ്രസിദ്ധ നോവലിന്റെ രചനയ്ക്കായി പത്തു വർഷത്തോളം ദിണ്ടുഗലിലെ തോൽ ഫാക്ടറികൾ കേന്ദ്രീകരിച്ചു പഠിച്ചു. 'തോലിന്' 2009 ലെ തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും 2012 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ഇപ്പോൾ ദിണ്ടുഗലിലാണ് സ്ഥിര താമസം.[3][4][5][6][7][8][9][10]