മുംബൈയിലെ പ്രശസ്തമായ ഒരു ലൈബ്രറിയും പൈതൃക ഘടനയുമാണ് ഡേവിഡ് സസ്സൂൺ ലൈബ്രറി. ദക്ഷിണ മുംബൈയിലെ കാലാ ഘോഡയിലാണ് ഈ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യപ്പെട്ട ഈ ഗ്രന്ഥശാലയിൽ 70,000-ൽ പരം പുസ്തകങ്ങളുണ്ട്. 3000-ത്തോളം അംഗങ്ങളുള്ളതിൽ 2500 ആജീവനാന്ത അംഗങ്ങളും 500 സാധാരണ അംഗങ്ങളും ഉൾപ്പെടുന്നു[1].
1847 ൽ മുംബൈയിലെ ഗവണ്മെന്റ് മിന്റിലും ഡോക്ക്യാർഡിലും ജോലി ചെയ്യുന്ന യൂറോപ്യൻ ജീവനക്കാർ മുതിർന്നവർക്ക് സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനും പ്രഭാഷണങ്ങൾ നടത്തുന്നതിനുമായി ഒരു മെക്കാനിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. മെക്കാനിക്കൽ മോഡലുകൾക്കും മറ്റുമായി ഒരു മ്യൂസിയവും ഗ്രന്ഥശാലയും ഇവർ തുടങ്ങി. വാടക കെട്ടിടങ്ങളിൽ പ്രവർത്തനം തുടങ്ങിയ അവർ പിന്നീട് സർ ഡേവിഡ് സസ്സൂണിന്റെ സാമ്പത്തിക സഹായത്തോടെ ഒരു സ്ഥിരം കെട്ടിടത്തിലേക്ക് മാറി. ഇതാണ് പിൽക്കാലത്ത് ഡേവിഡ് സസ്സൂൺ ലൈബ്രറി ആന്റ് റീഡിംഗ് റൂം ആയിത്തീർന്നത്[2]. നഗരത്തിന്റെ നടുവിൽ സ്ഥിതിചെയ്യുന്ന ലൈബ്രറിയെക്കുറിച്ചുള്ള ആശയം കൊണ്ടുവന്നത് ഡേവിഡ് സസ്സൂണിന്റെ മകനായ ആൽബർട്ട് സസ്സൂൺ ആയിരുന്നു [3]. സ്കോട്ട് മക്ലാൻഡ് ആൻഡ് കമ്പനിയ്ക്കായി ജെ. കാംപ്ബെൽ, ജി. ഇ. ഗോസ്ലിംഗ് എന്നിവരാണ് ഈ കെട്ടിടത്തിന്റെ രൂപകൽപ്പന ചെയ്തത്. 125,000 രൂപയായിരുന്നു ചിലവ്. ഇതിൽ 60,000 രൂപ ഡേവിഡ് സസ്സൂണും ബാക്കി തുക ബോംബെ പ്രസിഡൻസി ഗവൺമെന്റും വഹിച്ചു [4]. 1870 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. ഇംഗ്ലണ്ടിലെ യഹൂദ സമുദായക്കാരുടേയും വ്യാപാരികളുടേയും സുഹൃത്തുക്കളുടേയും സംഭാവനകൾ ഇതിന്റെ നിർമ്മിതിക്കായി എത്തി [5].
വെനീഷ്യൻ ഗോഥിക് ശൈലിയിലുള്ള ഈ കെട്ടിടം ഒരു ഗ്രേഡ്-1 പൈതൃക ഘടനയാണ്[1]. മലാഡ് സ്റ്റോൺ എന്നറിയപ്പെടുന്ന മഞ്ഞ നിറമുള്ള കല്ലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ പരിസരത്തുള്ള എൽഫിൻസ്റ്റൺ കോളേജ്, ആർമി, നാവിക കെട്ടിടങ്ങൾ, വാറ്റ്സൺസ് ഹോട്ടൽ എന്നിവ പോലെയാണ് ഇതിന്റെ നിർമ്മിതി. പ്രവേശന കവാടത്തിന് മുകളിലായി ഡേവിഡ് സസ്സൂണിന്റെ വെളുത്ത മാർബിളിൽ നിർമ്മിച്ച ശിരസ്സുണ്ട്. ഉള്ളിൽ പടിക്കെട്ടുകൾക്ക് മുന്നിലായി മറ്റൊരു പൂർണ്ണകായപ്രതിമയും നിലകൊള്ളുന്നു. 1865-ൽ പൂർത്തിയാക്കിയ ഈ മാർബിൾ പ്രതിമ, ബോംബെ ഗവർണറായിരുന്ന സർ ബാർട്ടിൽ ഫ്രിയർ കമ്മീഷൻ ചെയ്തു. ഇതിന്റെ ശിൽപ്പിയായ വൂൾനറുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സർ ബാർട്ടിൽ ഫ്രിയർ.