ഡൈറോഫൈലേറിയാസിസ്

ഡൈറോഫൈലേറിയാസിസ്
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

പ്രധാനമായും നായകളെ ബാധിക്കുന്ന ഒരു രോഗമാണ് ഡൈറോഫൈലേറിയാസിസ്. ഡൈറോ ഫൈലേറിയ ഇമ്മൈറ്റിസ് വിരകളാണ് രോഗ ഹേതു. അപൂർവമായി പൂച്ചകളേയും ഈ രോഗം ബാധിക്കാറുണ്ട്.

രോഗബാധയുണ്ടാകുന്ന രീതി

[തിരുത്തുക]

പെൺവിരകൾ ഏകദേശം 27 സെന്റിമീറ്ററും ആൺവിരകൾ 17 സെന്റിമീറ്ററും നീളമുള്ളവയായിരിക്കും. പൂർണവളർച്ചയെത്തിയ വിരകൾ പ്രധാനമായും ജന്തുക്കളുടെ ഹൃദയത്തിന്റെ വലത്തേ അറയിലും ശ്വാസകോശത്തിലേക്കുള്ള രക്തധമനിയിലുമാണ് കാണപ്പെടുന്നത്. ഇവിടെനിന്ന് രക്തപരിസഞ്ചരണം വഴി മൈക്രോഫൈലേറിയകൾ രക്തത്തിലൂടെ ഒഴുകുന്നു. കൊതുകുകൾ ഈ രക്തം കുടിക്കുമ്പോൾ മൈക്രോഫൈലേറിയകൾ കൊതുകുകളിലേക്കു പ്രവേശിക്കുന്നു. ഇവ കൊതുകുകളുടെ ശരീരത്തിൽവച്ച് രോഗം ഉണ്ടാക്കാൻ ശേഷിയുള്ള ലാർവകളായി പരിണമിക്കുന്നു. കൊതുകുകൾ വീണ്ടും രക്തം കുടിക്കുമ്പോൾ ഈ ലാർവ നായകളുടെ തൊലിയ്ക്കടിയിൽ നിക്ഷേപിക്കപ്പെടുന്നു. തൊലിയ്ക്കടിയിൽ വച്ച് ഇവ വളരുകയും 2-4 മാസം കൊണ്ട് ഇവ ജന്തുവിന്റെ ഹൃദയത്തിന്റെ വലത്തേ അറകളിലെത്തിച്ചേരുകയും ചെയ്യുന്നു. അടുത്ത 2-3 മാസം കൊണ്ട് ഇവ പൂർണവളർച്ച പ്രാപിക്കുന്നു. അതായത് രോഗം പരത്താൻ ശേഷിയുള്ള കൊതുകിന്റെ കടിയേറ്റ് ഏകദേശം 6-7 മാസം കഴിയുമ്പോൾ മാത്രമേ നായയുടെ രക്തത്തിൽ മൈക്രോഫൈലേറിയകളെ കാണാൻ സാധിക്കുകയുള്ളൂ.

രോഗലക്ഷണങ്ങൾ

[തിരുത്തുക]

രോഗംബാധിച്ച നായകളുടെ ശരീരം മെലിയുകയും വ്യായാമം ചെയ്യുമ്പോൾ പെട്ടെന്ന് തളർന്നു പോവുകയും ചെയ്യുന്നു. പനിയും ചുമയും ശ്വാസംമുട്ടലും ഉദരവീക്കവുമാണ് നായകളിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ.

ചികിത്സ

[തിരുത്തുക]

രോഗലക്ഷണങ്ങളിൽ നിന്നുതന്നെ രോഗനിർണയം നടത്താനാകുമെങ്കിലും രക്ത പരിശോധനയിൽ മൈക്രോഫൈലേറിയകളെ തിരിച്ചറിഞ്ഞു ചികിത്സിക്കുന്നതാണ് ഏറെ ഫലപ്രദം.

പൂർണവളർച്ചയെത്തിയ വിരകളെ നശിപ്പിക്കുന്നതിനോടൊപ്പം തന്നെ രക്തത്തിൽ കാണപ്പെടുന്ന മൈക്രോഫൈലേറിയകളെയും നശിപ്പിക്കേണ്ടതുണ്ട്. തൈയാസെറ്റാർസ്മൈഡ് എന്ന ഔഷധമാണ് വിരകളെ നശിപ്പിക്കാനായി സാധാരണ ഉപയോഗപ്പെടുത്തുന്നത്. ഈ ഔഷധം നൽകിയശേഷം 4-6 ആഴ്ച ക്കാലത്തേക്ക് അധികം വ്യായാമം ചെയ്യാൻ ജന്തുവിനെ അനുവദിക്കരുത്. മൈക്രോഫൈലേറിയയ്ക്കെതിരേ ഡൈതൈയാസനിൻ അയഡൈഡ് എന്ന ഔഷധമാണ് സാധാരണ ഉപയോഗിച്ചു വരുന്നത്. ഐവർമെക്ടിൻ, മിൽബെമൈസിൻ, ലെവാമിസോൾ എന്നിവയും ഔഷധമായി നല്കാറുണ്ട്.

രോഗപ്രതിരോധം

[തിരുത്തുക]

രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ നായകൾക്ക് രോഗം ബാധിക്കാതിരിക്കാനായി പ്രതിരോധ ഔഷധങ്ങൾ നൽകേണ്ടതാണ്. ഡൈഈതൈൽ കാർബമൈസിൻ, ഐവർമെക്ടിൻ, മിൽബെമൈസിൻ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന പ്രതിരോധ ഔഷധങ്ങൾ. രക്തത്തിൽ മൈക്രോഫൈലേറിയകൾ കാണപ്പെടുന്നില്ല എന്ന് രക്തപരിശോധന നടത്തി ഉറപ്പാക്കിയ ശേഷമേ പ്രതിരോധ ഔഷധങ്ങൾ നല്കാവൂ.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൈറോഫൈലേറിയാസിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.