Tikkana Somayaji | |
---|---|
ജനനം | 1205 Kovur, Nellore district |
മരണം | 1288 Kovur, Nellore |
തൂലികാ നാമം | Tikkana(Thikka Sharma) |
തൊഴിൽ | poet |
ദേശീയത | Indian |
പൗരത്വം | India |
Genre | Poet |
ശ്രദ്ധേയമായ രചന(കൾ) | Andhra mahabharatam |
ആദ്യകാല തെലുഗു കവിയായിരുന്നു തിക്കന (1220 - 1300). നെല്ലൂർ രാജാവായ മനുമസിദ്ധിയുടെ സദസ്യകവിയും സുഹൃത്തും മന്ത്രിയുമായിരുന്നു ഈ നിയോഗി ബ്രാഹ്മണൻ. കവിയും മന്ത്രിയുമായ ഭാസ്കര പിതാമഹനും ഗുണ്ടൂരിലെ സൈന്യാധിപനായിരുന്ന കൊമ്മന പിതാവുമാണ്. കുടുംബപാരമ്പര്യത്താൽ ആദ്യം മന്ത്രിയായി. പിന്നീട് കവിയായി പ്രശോഭിച്ചു. യാഗം നടത്തി സോമയാജിയായി. 12-ആം നൂറ്റാണ്ടിൽ ശൈവ വൈഷ്ണവന്മാർ തമ്മിൽ കലഹിച്ചപ്പോൾ അവരെ യോജിപ്പിക്കുന്നതിനായി രാജാവ് നിയോഗിച്ചത് ഇദ്ദേഹത്തെയാണ്. അതിനായി ഭാരതം രചിച്ച് ശിവന്റേയും വിഷ്ണുവിന്റേയും സംയുക്തരൂപമായ നെല്ലൂരിലെ ഹരിഹരനാഥനു സമർപ്പിച്ചു.
ഉത്തര രാമായണം അഥവാ നിർവചനോത്തര രാമായണം, മഹാഭാരത വിവർത്തനം എന്നിവയാണ് തിക്കനയുടെ കൃതികൾ. വാല്മീകി ഉത്തര രാമായണത്തിന്റെ സ്വതന്ത്ര വിവർത്തനമാണ് നിർവചനോത്തര രാമായണം. നിർവചനം എന്ന വിശേഷണം ഉണ്ടെങ്കിലും ഒരു വചനമോ ഗദ്യമോ ഇല്ലെന്നതാണ് സവിശേഷത. രാവണന്റേയും മറ്റും ഉത്പത്തികഥ, സീതാനിർവാസം, കുശലവന്മാരുടെ ജനനം, വിഷ്ണുവിന്റെ രാക്ഷസ നിഗ്രഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാമൻ സീതയെ ഉപേക്ഷിക്കുന്ന ഭാഗം ഹൃദയദ്രവീകരണക്ഷമമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ രാമന്റെ മരണം വർണിക്കുന്ന ഭാഗം വിട്ടുകളയുകയും ചെയ്തിരിക്കുന്നു. ഇതു പിന്നീട് ജയന്തരാമഭട്ടയാണ് ഒരു സർഗമായി എഴുതിച്ചേർത്തത്. നിർവചനോത്തര രാമായണം മനുമസിദ്ധിക്കാണ് സമർപ്പിച്ചിരിക്കുന്നത്.
മഹാഭാരത വിവർത്തനമാണ് പ്രധാന സാഹിത്യ സംഭാവന. തെലുഗുവിൽ ഭാരതം വിവർത്തനം ചെയ്ത ആദ്യത്തെ മൂന്ന് കവികളിൽ രണ്ടാമനാണിദ്ദേഹം.(നന്നയ്യ, തിക്കന, എർനെ). വിരാടപർവം മുതലുള്ള 15 പർവങ്ങളുടെ വിവർത്തനമാണ് തിക്കന നിർവഹിച്ചത്. അപ്രധാന ഭാഗങ്ങൾ ഉപേക്ഷിച്ച് അല്പം മാത്രം പ്രാധാന്യമുള്ള ഭാഗങ്ങൾ സംഗ്രഹിച്ച് സ്വതന്ത്രമായ വിവർത്തനമാണ് നടത്തിയിരിക്കുന്നത്. വിവർത്തനത്തിൽ നന്നയ്യയുടെ രീതി പിൻതുടരുകയും ചെയ്തിരിക്കുന്നു. ഔചിത്യത്തിനുവേണ്ടി മൂലത്തിൽ നിന്ന് ധാരാളം വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്. ഉദാഹരണമായി ഭീമനും കീചകനും യുദ്ധം ചെയ്യുന്ന രംഗം ഒരു പദ്യത്തിൽ ഒതുക്കിയിരിക്കുന്നു.
മന്ത്രികൂടിയായ തിക്കനയുടെ രാഷ്ട്രമീമാംസാ വിജ്ഞാനം, യുദ്ധപരിചയം എന്നിവ കൃതികളിൽ പ്രകടമായി കാണാം. വർണനകൾ സ്വാഭാവികവും കവിയുടെ ലോകപരിജ്ഞാനം വ്യക്തമാക്കുന്നവയുമാണ്. സംസ്കൃത സമസ്ത പദങ്ങൾ കഴിയുന്നിടത്തോളം ഒഴിവാക്കിയിട്ടുമുണ്ട്. തത്ത്വചിന്താപരമായ ഭാഗങ്ങൾ സരളമായ തെലുഗു പദങ്ങൾകൊണ്ട് വിവരിച്ചിരിക്കുന്നു. ലളിതവും നാടകീയവുമാണ് രചനാശൈലി. വസ്തുതകൾ സംഗ്രഹിച്ചു പറയാനും ശബ്ദചിത്രങ്ങൾ രചിക്കാനും വിദഗ്ദ്ധനാണിദ്ദേഹം. വിവിധ രസങ്ങൾ ചിത്രീകരിക്കുന്നതിലും പാത്രസൃഷ്ടിയിലും ഔചിത്യദീക്ഷയിലും സമർഥനായ തിക്കനയെ തെലുഗു സാഹിത്യത്തിലെ അദ്വിതീയനായി കരുതുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിക്കന (1220 - 1300) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |