കേരളത്തിൽ കാസർഗോഡ്, കണ്ണൂർ,കോഴിക്കോട് തുടങ്ങിയ മലബാർ ഭാഗങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച പ്രധാനപ്പെട്ട ഒരു കലാരൂപമാണ് തിടമ്പു നൃത്തം . ക്ഷേത്രകലകളുടെ വിഭാഗത്തിൽ പെടുത്താവുന്ന ഒരു നൃത്തരൂപമാണ് ഇത്. 600വർഷങ്ങളിലേറേ പഴക്കം ഈ കലാരൂപം അവകാശപ്പെടുന്നു. പ്രധാനമായും തീയ്യരും, കേരള ബ്രാഹ്മണരായ നമ്പൂതിരി വിഭാകവും ആണ് അവതരിപ്പിക്കുന്നത്.[1] നമ്പൂതിരിമാരുടെ സഹായികളായി വിളക്ക് പിടിക്കാൻ നമ്പീശൻ, വാരിയർ സമുദായക്കാരും പങ്കുചേരുന്നു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു ക്ഷേത്രനൃത്തകല. ക്ഷേത്രത്തിലെ ശീവേലിയോടനുബന്ധിച്ച് ദേവീദേവന്മാരുടെ വിഗ്രഹം (തിടമ്പ്) എഴുന്നള്ളിക്കുന്ന വേളയിൽ ഈ തിടമ്പ് തലയിലേറ്റി നൃത്തം വയ്ക്കുന്നതാണ് തിടമ്പുനൃത്തം. മലബാറിലെ തീയ്യരും നമ്പൂതിരി സമുദായത്തിൽപ്പെട്ടവരുമാണ് ഇത് അവതരിപ്പിക്കുന്നത്. അപൂർവമായി എമ്പ്രാന്തിരിമാരും തുളു ബ്രാഹ്മണരും തിടമ്പുനൃത്തം ചെയ്യുന്നവരാണ്. പുരുഷന്മാരാണ് ഇത് അവതരിപ്പിക്കുന്നത്. തിടമ്പുനൃത്തം ചെയ്യുന്ന നമ്പൂതിരിക്കുപുറമേ ഏഴുവാദ്യക്കാരും രണ്ടു വിളക്കു പിടിക്കുന്നവരും ഉണ്ടായിരിക്കും. മാരാർ, പൊതുവാൾ എന്നീ സമുദായക്കാരാണ് വാദ്യക്കാർ. ക്ഷേത്രത്തിൽ പൂവും മാലയും ഒരുക്കുന്ന നമ്പീശൻ, പുഷ്പകൻ, വാര്യർ, ഷാരോടി, ഉണ്ണിത്തിരി എന്നീ സമുദായക്കാർക്കാണ് വിളക്കുപിടിക്കാനുള്ള അവകാശം. കുംഭം, മീനം എന്നീ മാസങ്ങളിലാണ് തിടമ്പുനൃത്തം അവതരിപ്പിക്കാറുള്ളത്. 'കൊട്ടിയുറച്ചിൽ' എന്ന ചടങ്ങോടുകൂടിയാണ് നൃത്തം ആരംഭിക്കുന്നത്. നൃത്തം ചെയ്യുമ്പോൾ നർത്തകൻ ഒരു കൈകൊണ്ട് തിടമ്പിന്റെ പീഠഭാഗം പിടിക്കുകയും മറ്റേക്കൈ മുഷ്ടി മുദ്രയിൽ ഉടക്കി നെഞ്ചിനോട് ചേർത്തുപിടിക്കുകയും ചെയ്യും. നൃത്തം ചെയ്തുകൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നു. കൊട്ടിന്റെ താളത്തിനനുസരിച്ചാണ് നൃത്തം. താളം മുറുകുന്നതിനനുസരിച്ച് കലാശമെടുക്കും. അടന്ത, ചെമ്പട, പഞ്ചാരി എന്നീ താളങ്ങൾക്കുപുറമേ 'തകിലടി' എന്നൊരു താളവും തിടമ്പുനൃത്തത്തിലുണ്ട്. അലക്കിയ വസ്ത്രം തറ്റുടുക്കുന്നതുപോലെ ഞൊറിഞ്ഞുടുത്ത്, ഉത്തരീയവും ധരിക്കുന്നു. തലയിൽ ഉഷ്ണപീഠം എന്ന തലപ്പാവും അതിന്റെ വക്കിൽ സ്വർണം കൊണ്ടുള്ള നെറ്റിപ്പട്ടവും ഉണ്ടാകും. കാതിൽ കുണ്ഡലം, കഴുത്തിൽ മാല, കൈകളിൽ വള തുടങ്ങിയവ നർത്തകന്റെ വേഷവിധാനമാണ്. ചെണ്ട, വീക്കൻചെണ്ട, ഇലത്താളം, കുറുംകുഴൽ, ശംഖ് എന്നിവയാണ് തിടമ്പുനൃത്തത്തിലെ വാദ്യോപകരണങ്ങൾ.
വാദ്യോപകരണങ്ങളിലെ താളം ആണ് പൂർണ്ണമായും ഈ കലാരൂപത്തെ നിയന്ത്രിക്കുന്നത്. ശുദ്ധ നൃത്തരൂപമാണ് ഇത്. തിടമ്പു നൃത്തം പൂർണ്ണമായും ക്ഷേത്രകലയുടെ വിഭാഗത്തിൽ വരുന്നില്ല. ആരാധനാമൂർത്തിയുടെ അലങ്കരിച്ച രൂപത്തെ തിടമ്പ് എന്ന് പറയുന്നു. തിടമ്പ് ശിരസ്സിലേന്തി നൃത്തം നടത്തുന്നു. ശിരസ്സിൽ തിടമ്പ് സംതുലനം ചെയ്തു നിർത്താനായി പ്രത്യേക തലപ്പാവ് വെളുത്ത തുണികൊണ്ട് മൂടി പിറകിൽ കൂർത്ത അഗ്രത്തോടെ സംവിധാനം ഉണ്ടാകും. ഒരു കൈകൊണ്ട് തിടമ്പ് താങ്ങിപ്പിടിച്ചാണു നർത്തകൻ നൃത്തം ചെയ്യുക. നൃത്താവസാനം ഭക്തരിൽ നിന്നും നേർച്ചപ്പണം ഇവർ സ്വീകരിക്കും. ചെണ്ടയുടെ താളത്തിനനുസരിച്ചാണ് തിടമ്പ് നൃത്തം ചെയ്യുന്നത്. നർത്തകൻ ഞൊറികളുള്ള വസ്ത്രവും ചില സ്ഥലങ്ങളിൽ പട്ടുകൊണ്ടുള്ള മേലങ്കിയും ധരിച്ചിരിക്കും. ചെവിയിലും കൈകളിലും കഴുത്തിലുമെല്ലാം ആഭരണങ്ങൾ ധരിച്ചിരിക്കും. കൂടാതെ അലങ്കരിച്ച തലപ്പാവും ധരിക്കുന്നു. പ്രകടനം വിവിധ നിലകളിലായി പുരോഗമിക്കുന്നു, ഉറയൽ, തകിലടി അടന്ത, ചെമ്പട എന്നിങ്ങനെയായി. പ്രധാന നർത്തകന് നൃത്തത്തിന് അകമ്പടിയായി അഞ്ചോളം പേരും, രണ്ട് പേർ വിളക്കുകളേന്തുന്നതിനും ഉണ്ടാകും. ക്ഷേത്രത്തിനുള്ളിലും പുറത്തും ഇത് അവതരിപ്പിക്കാറുണ്ട്. 600-700 വർഷം പഴക്കമുള്ള ഈ കല നാട്യശാസ്ത്രത്തിലെ നിയമങ്ങളെല്ലാം അനുസരിക്കുന്നുണ്ട്. കലാപരമായും ശ്രമകരമായും ഏറെ സമയമെടുത്താണ് തിടമ്പുനൃത്തത്തിനുള്ള മാലകൾ തയ്യാറാക്കുന്നത്.ഇതിന് മിന്നി, മുഖം ,വെളുമ്പ്, മടി, പച്ച എന്നിങ്ങനെ പേരുകളുമുണ്ട്. തിടമ്പ് നൃത്തത്തിൽ ഒഴിച്ച നിർത്താൻ കഴിയാത്തതും ഭക്തജനങ്ങൾക്കു ദൃശ്വവിരുന്നാവുന്നതും ഈ കഴകകലാകാരൻമാരുടെ ഏറെ നേരത്തെ പ്രവൃത്തി കൂടി ആണ്
താഴെപ്പറയുന്ന ക്ഷേത്രങ്ങളിൽ തിടമ്പ് നൃത്തം ഉത്സവങ്ങളിൽ വളരെ പ്രധാന ചടങ്ങാണ്. ചെറുവാഞ്ചേരി പൂവ്വത്തൂർ വിഷ്ണു ക്ഷേത്രം
!(( പാലകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രം))
കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം