ശബരിമല അയ്യപ്പന്റെ ആഭരണങ്ങളെയാണ് തിരുവാഭരണം എന്ന് വിളിക്കുന്നത്. സ്വർണ്ണത്താൽ നിർമ്മിക്കപ്പെട്ട ഇവ പന്തളരാജാവ് ശബരിമല ശാസ്താവിനു നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ സൂക്ഷിക്കുന്ന ഇവ മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും ചെയ്യും. മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.