തീരൻ അധികാരം ഒൻട്ര് | |
---|---|
സംവിധാനം | എച്ച്. വിനോദ് |
നിർമ്മാണം | എസ്.ആർ. പ്രകാശ് ബാബു എസ്.ആർ. പ്രഭു |
രചന | എച്ച്. വിനോദ് |
ആസ്പദമാക്കിയത് | തമിഴ്നാട്ടിലെ കവർച്ചാ സംഘത്തെ പിടികൂടാനുള്ള തമിഴ്നാട് പോലീസിന്റെ ഓപ്പറേഷൻ ബവാരിയ ദൗത്യം |
അഭിനേതാക്കൾ | കാർത്തി രാകുൽ പ്രീത് സിംഗ് |
സംഗീതം | ഘിബ്രാൻ |
ഛായാഗ്രഹണം | സത്യൻ സൂര്യൻ |
ചിത്രസംയോജനം | ശിലാനന്ദീശ്വരൻ |
സ്റ്റുഡിയോ | ഡ്രീം വോറിയർ പിക്ചേഴ്സ് |
വിതരണം | റിലയൻസ് എന്റർടെയിൻമെന്റ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 163 മിനിറ്റ് |
എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2017-ൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ക്രൈം ത്രില്ലർ ചലച്ചിത്രമാണ് തീരൻ അധികാരം ഒൻട്ര് (തമിഴ്: தீரன் அதிகாரம் ஒன்று ; ധീരൻ - അദ്ധ്യായം ഒന്ന്). യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
1995 മുതൽ 2005 വരെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതയോടു ചേർന്നുള്ള ഭവനങ്ങളിൽ മോഷണങ്ങളും കൊലപാതകങ്ങളും നടത്തിവന്നിരുന്ന 'ബവാരിയ' എന്ന ഉത്തരേന്ത്യൻ ഗോത്രവിഭാഗക്കാരെ പിടികൂടാൻ തമിഴ്നാട് പോലീസ് രാജ്യവ്യാപകമായി നടത്തിയ അന്വേഷണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.[1] 'ഓപ്പറേഷൻ ബവാരിയ' എന്നറിയപ്പെടുന്ന ഈ ദൗത്യത്തിൽ അന്വേഷണസംഘത്തിനു നേരിടേണ്ടി വന്ന സാഹസങ്ങളും പരാജയങ്ങളും ഒടുവിലെ വിജയവുമെല്ലാം ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ദൗത്യത്തിനു നേതൃത്വം നൽകിയ എസ്.ആർ. ജൻഗിദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ 'തീരൻ തിരുമാരൻ' എന്ന നായക കഥാപാത്രമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.[2]
കാർത്തി, രാകുൽ പ്രീത് സിംഗ്, അഭിമന്യു സിംഗ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 2017 നവംബർ 17-ന് പ്രദർശനത്തിനെത്തി. മികച്ച സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്.[3][4] കാക്കി - ദ പവർ ഓഫ് പോലീസ് എന്ന പേരിൽ തെലുങ്കിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
2017 ഡിസംബറിൽ കാസർഗോഡ്, എറണാകുളം എന്നീ ജില്ലകളിൽ നടന്ന ചില മോഷണങ്ങൾക്ക് ഈ ചിത്രത്തിലെ മോഷണരംഗങ്ങളുമായി സാദൃശ്യമുണ്ടായിരുന്നു.[5] ചിത്രം പ്രദർശനത്തിനെത്തി ഏതാനും ദിവസങ്ങൾക്കകം തമിഴ്നാട്ടിൽ ഒരു മോഷണം നടന്നു. ഒരു ജുവലറി കുത്തിത്തുറന്ന് സ്വർണ്ണവുമായി കടന്നുകളഞ്ഞ പ്രതികളെ തേടിയുള്ള തമിഴ്നാട് പോലീസിന്റെ അന്വേഷണം രാജസ്ഥാനിൽ വരെയെത്തി. അവിടെ നിന്നും പ്രതികളെ പിടികൂടിയെങ്കിലും പെരിയ പാണ്ഡ്യൻ എന്ന പോലീസുകാരൻ കൊല്ലപ്പെട്ടു.[6][7]
1995 മുതൽ 2005 വരെയുള്ള കാലയളവിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതയ്ക്കു സമീപമുള്ള ഭവനങ്ങൾ കേന്ദ്രീകരിച്ച് ഒരു സംഘം വൻ കവർച്ചകളും കൊലപാതകങ്ങളും നടത്തുന്നതായി തമിഴ്നാട് പോലീസിനു വിവരം ലഭിക്കുന്നു. തീരൻ തിരുമാരൻ (കാർത്തി) എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഉത്തർ പ്രദേശിൽ നിന്നുള്ള ബവാരിയ എന്ന കുറ്റവാളി സംഘമാണ് കൊലപാതകങ്ങൾക്കും കവർച്ചകൾക്കും പിന്നിലെന്ന് തീരൻ കണ്ടെത്തുന്നു. കുറ്റവാളികളെ പിടികൂടാൻ അന്വേഷണസംഘം ഉത്തരേന്ത്യയിലാകമാനം സഞ്ചരിക്കുന്നു. ബവാരിയ സംഘവുമായുള്ള ഏറ്റുമുട്ടലിൽ തീരൻ ഉൾപ്പെടെയുള്ള പോലീസുകാർക്കും ബന്ധുക്കൾക്കും അപകടം സംഭവിക്കുന്നു.[8]
സാഹസികതയും വെല്ലുവിളികളും നിറഞ്ഞ 'ഓപ്പറേഷൻ ബവാരിയ' എന്ന ദൗത്യത്തിലൂടെ തീരനും സംഘവും രാജസ്ഥാനിൽ നിന്ന് കുറ്റവാളികളെ പിടികൂടുന്നു. ഈ സംഭവം തമിഴ്നാട് പോലീസിന് രാജ്യത്താകമാനം പ്രശസ്തി നേടിക്കൊടുത്തുവെങ്കിലും ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച തീരനും മറ്റുദ്യോഗസ്ഥർക്കും യാതൊരുവിധ അംഗീകാരമോ സ്ഥാനക്കയറ്റമോ ലഭിക്കുന്നില്ല. "എത്ര ആത്മാർത്ഥമായി ജോലി ചെയ്താലും നല്ല ഉദ്യോഗസ്ഥർ എപ്പോഴും തടയപ്പെടുമെന്നും അങ്ങനെ തുടരുന്നിടത്തോളം കാലം സാധാരണക്കാർക്ക് നീതി അകലെയായിരിക്കും" എന്നുപറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.[9]
യഥാർത്ഥ സംഭവത്തെ അതിന്റെ തീവ്രത നഷ്ടപ്പെടാതെ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി കൊള്ളയും കൊലയും ബലാത്സംഗവും ശീലമാക്കിയ ഉത്തരേന്ത്യൻ സംഘമാണ് ബവാരിയ.[2] ഉത്തർ പ്രദേശിലെ പതിമൂന്നോളം ആദിവാസി നാടോടി കുറ്റവാളി സംഘങ്ങളിൽ ഏറ്റവും ക്രൂരവിഭാഗമാണ് ബവാരിയകൾ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെ ഇവർ കുറ്റകൃത്യങ്ങൾ നടത്തിവന്നിരുന്നു. രാത്രിയിൽ വീടുകളിൽ കയറിയിറങ്ങി വീട്ടുകാരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കവർച്ച നടത്തുകയും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ ഉത്തരേന്ത്യയിലേക്കു കടന്നുകളയുകയുമാണ് ഇവരുടെ രീതി.[5]
1995-2005 കാലഘട്ടത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ബവാരിയക്കാർ മോഷണങ്ങളും കൊലപാതകങ്ങളും നടത്തിവന്നു. തമിഴ്നാട്ടിൽ എ.ഐ.ഡി.എം.കെ.യുടെ ഗുമ്മനംപൂണ്ടി എം.എൽ.എ. സുദർശൻ, സേലത്തെ കോൺഗ്രസ് നേതാവ് തലമുത്തുനടരാജൻ, ഡി.എം.കെ. നേതാവ് ഗജേന്ദ്രൻ എന്നിവരെ ബവാരിയൻ സംഘം കൊലപ്പെടുത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ജയലളിത പോലീസിനു കർശന നിർദ്ദേശം നൽകി. വടക്കൻ മേഖലാ ഐ.ജി.യായിരുന്ന എസ്.ആർ.ജൻഗിദിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ ബവാരിയ' എന്ന ദൗത്യത്തിലൂടെ കുറ്റവാളികളെ പിടികൂടാൻ നീക്കം ആരംഭിച്ചു. അന്വേഷണസംഘം ഉത്തരേന്ത്യയിലാകമാനം അന്വേഷണം വ്യാപിപ്പിക്കുകയും കുറ്റവാളികളെ സാഹസികമായി പിടികൂടുകയും ചെയ്തു.[2]
രണ്ടു കുറ്റവാളികളെ വധിച്ച ജൻഗിദും സംഘവും ബവാരിയ സംഘത്തിലെ പ്രധാനികളായ ഒമ ബവാരിയ, അശോക് ബവാരിയ എന്നിവരെ അറസ്റ്റ് ചെയ്ത് തമിഴ്നാട്ടിൽ കൊണ്ടുവന്നു. തമിഴ്നാട്ടിലെ പ്രത്യേക കോടതി ഒമ ബവാരിയയ്ക്കും അശോക് ബവാരിയയ്ക്കും വധശിക്ഷ വിധിച്ചു.[10] രാജ്യമെമ്പാടും തമിഴ്നാട് പോലീസിന്റെ യശസ്സുയർത്തിയ ഈ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് തീരൻ അധികാരം ഒൻട്ര്. എസ്.ആർ. ജൻഗിദ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് 'തീരൻ തിരുമാരൻ' എന്ന നായക കഥാപാത്രമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജൻഗിദിന്റെ സഹായത്തോടെയാണ് എച്ച്. വിനോദ് ഈ ചിത്രം സംവിധാനം ചെയ്തത്.[11]