തുപ്പാക്കി | |
---|---|
സംവിധാനം | ഏ.ആർ. മുരുകദോസ് |
നിർമ്മാണം | എസ്. തനു |
രചന | ഏ.ആർ. മുരുകദോസ് |
അഭിനേതാക്കൾ | |
സംഗീതം | ഹാരിസ് ജയരാജ് |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | വി ക്രിയേഷൻസ് |
വിതരണം | ജെമിനി ഫിലിം സർക്യൂട്ട് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹70 കോടി [1] |
സമയദൈർഘ്യം | 180 മിനിറ്റ് |
ആകെ | est. ₹125 കോടി [2] |
എ.ആർ. മുരുകദോസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് തുപ്പാക്കി (അർത്ഥം : തോക്ക്). വിജയ്, കാജൾ അഗർവാൾ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ വിദ്യുത് ജാംവാൽ ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇവരോടൊപ്പം തമിഴ് നടൻ സത്യനും മലയാള ചലച്ചിത്രനടൻ ജയറാമും അഭിനയിച്ചിരിക്കുന്നു. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് എസ്. തനുവാണ്. ചിത്രത്തിനു പശ്ചാത്തല സംഗീതമൊരുക്കിയ ഹാരിസ് ജയരാജ് തന്നെ സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പർ സെൽസ് എന്നു പേരായ ഇടനിലക്കാരെ നിഷ്ക്രിയരാക്കിക്കൊണ്ട് മുംബൈയിലെ ബോംബ് സ്ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.
2012 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച ഈ ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2012 നവംബർ 13-ന് ദീപാവലിയോടനുബന്ധിച്ചാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം പ്രദർശനശാലകളിൽ നിന്ന് മികച്ച വരുമാനവും സ്വന്തമാക്കി. ഫിലിം ഫെയർ പുരസ്കാരത്തിനായി ഏഴു നാമനിർദ്ദേശങ്ങൾ ലഭിച്ച ഈ ചിത്രത്തിന് ആറു വിജയ് അവാർഡുകളും നേടാൻ കഴിഞ്ഞു.
തുപ്പാക്കി എന്ന പേരിൽ തന്നെ തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. 2014-ൽ ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്ന പേരിൽ ഹിന്ദിയിലും ഗെയിം: ഹീ പ്ലെയ്സ് ടു വിൻ എന്ന പേരിൽ ബംഗാളിയിലും ചിത്രം പുനർനിർമ്മിച്ചു. ഹിന്ദി ചിത്രം മുരുകദോസ് തന്നെ സംവിധാനം ചെയ്തപ്പോൾ ബംഗാളി ചിത്രം സംവിധാനം ചെയ്തത് ബാബാ യാദവായിരുന്നു.
ഇന്ത്യൻ കരസേനയിലെ ഒരു ക്യാപ്റ്റനാണ് ജഗദീഷ് (വിജയ്). അയാൾ കാശ്മീരിൽ നിന്നും മുംബൈയിലേക്ക് മടങ്ങിവരുന്നതോടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. മാതാപിതാക്കളും സഹോദരിമാരും ചേർന്ന് ജഗദീഷിനു വിവാഹം ആലോചിക്കുന്നു. നിഷ (കാജൾ അഗർവാൾ) എന്ന പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ ജഗദീഷിനെ അവർ നിർബന്ധിക്കുന്നു. എന്നാൽ ജഗദീഷിനു നിഷയെ വിവാഹം കഴിക്കാൻ താൽപര്യമില്ലായിരുന്നു. പിന്നീട് ജഗദീഷും നിഷയും കൂടുതൽ പരിചയപ്പെട്ടു വരുന്നതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നു.
ഒരു ദിവസം ജഗദീഷ് തന്റെ സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ ബാലാജിയോടൊപ്പം മുംബൈ നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ബസ്സിൽ സ്ഫോടനമുണ്ടാവുകയും അതിലെ യാത്രക്കാർ കൊല്ലപ്പെടുകയും ചെയ്യുന്നു. ബസ്സിൽ ബോംബ് വച്ച പ്രതിയെ ജഗദീഷ് പിടികൂടി പോലീസിനെ ഏൽപ്പിച്ചുവെങ്കിലും അയാൾ രക്ഷപെടുന്നു. ജഗദീഷ് വീണ്ടും പ്രതിയെ പിടികൂടുന്നു. പ്രതിയെ രക്ഷപെടാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെയും അയാൾ കണ്ടെത്തുന്നു. വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ ബോംബ് സ്ഫോടനത്തിനു പിന്നിൽ ഹർക്കത്തുൽ ജിഹാദ് അൽ ഇസ്ലാമി എന്ന തീവ്രവാദ സംഘടനയാണെന്ന് ജഗദീഷ് മനസ്സിലാക്കുന്നു. ബസ്സിൽ ബോംബ് വച്ചയാൾ ഈ സംഘടനയുടെ ഒരു ചെറിയ ഇടനിലക്കാരൻ മാത്രമായിരുന്നു. ബസിൽ ബോംബ് വയ്ക്കുക എന്ന ദൗത്യം മാത്രമാണ് അയാൾക്കു നിർവ്വഹിക്കുവാനുണ്ടായിരുന്നത്. ഇയാളെപ്പോലുള്ള നിരവധി സ്ലീപ്പർ സെൽസ് അഥവാ ഇടനിലക്കാർ ഉൾപ്പെട്ടതാണ് പ്രസ്തുത തീവ്രവാദി സംഘടന. സ്ലീപ്പർ സെൽസിന്റെ സഹായത്തോടെ രണ്ടു ദിവസത്തിനുള്ളിൽ മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടത്തുക എന്നതാണ് ഈ തീവ്രവാദ സംഘടനയുടെ ലക്ഷ്യമെന്ന് ജഗദീഷ് കണ്ടെത്തുന്നു. ബാലാജിയുടെയും മറ്റ് സൈനിക സുഹൃത്തുകളുടെയും സഹായത്തോടെ ജഗദീഷ് തീവ്രവാദികളെ കൊല്ലുകയും സ്ഫോടനത്തിൽ നിന്ന് മുംബൈ നഗരത്തെ രക്ഷിക്കുകയും ചെയ്യുന്നു.
തങ്ങളുടെ പദ്ധതി തകർത്തത് ജഗദീഷാണെന്നു മനസ്സിലാക്കുന്ന തീവ്രവാദി നേതാവ്, ജഗദീഷിനെയും അവന്റെ സൈനിക സുഹൃത്തുക്കളെയും കുടുംബത്തെയും ആക്രമിക്കുന്നു. ജഗദീഷിന്റെ സഹോദരിയെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുന്നു. തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തുന്ന ജഗദീഷ് അവരെ വധിച്ചുകൊണ്ട് സഹോദരിയെ രക്ഷിക്കുന്നു. എന്നാൽ തീവ്രവാദികളുടെ നേതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നു. പിന്നീട് നടക്കുന്ന സംഘട്ടനത്തിൽ ജഗദീഷ് തീവ്രവാദി നേതാവിനെ കൊല്ലുന്നു. നേതാവിനെ നഷ്ടപ്പെട്ടതോടെ സ്ലീപ്പർ സെൽസ് ശൃംഖല നിഷ്ക്രിയമാകുന്നു. തുടർന്ന് കശ്മീരിലെ പട്ടാള ക്യാമ്പിലേക്കു ജഗദീഷ് തിരിച്ചുപോകുന്നതോടെ ചിത്രം അവസാനിക്കുന്നു.
ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗജിനി (2005), ഏഴാം അറിവ് (2011) എന്നീ ചിത്രങ്ങൾക്കു ശേഷം ഹാരിസ് ജയരാജും ഏ.ആർ. മുരുകദോസും ഒന്നിക്കുന്ന സിനിമയാണ് തുപ്പാക്കി.[4] നാ. മുത്തുകുമാർ, മദൻ കർക്കി, വിവേക എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.[5] ഈ ചിത്രത്തിലെ 'ഗൂഗിൾ ഗൂഗിൾ' എന്ന ഗാനം വിജയിയും ആൻഡ്രിയ ജെർമിയയും ചേർന്ന് ആലപിച്ചിരിക്കുന്നു.[6][7]
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ആലാപനം | ദൈർഘ്യം | ||||||
1. | "ഗൂഗിൾ ഗൂഗിൾ" | മദൻ കർക്കി | വിജയ്, ആൻഡ്രിയ ജെർമ്മിയ, കൃഷ്ണ അയ്യർ, ജോ | 06:07 | ||||||
2. | "അന്റാർട്ടിക" | മദൻ കർക്കി | വിജയ് പ്രകാശ്, കൃഷ്, ദേവൻ, രാജീവ് | 04:58 | ||||||
3. | "കുട്ടി പുലി കൂട്ടം" | വിവേക | ഹരിഹരൻ, ടിപ്പു, നാരായണൻ, സത്യൻ, റനൈന റെഡ്ഡി | 06:06 | ||||||
4. | "പോയ് വരവാ" | പാ. വിജയ് | കാർത്തിക്, ചിന്മയി | 05:46 | ||||||
5. | "വെണ്ണിലവേ" | നാ. മുത്തുകുമാർ | ഹരിഹരൻ, ബോംബെ ജയശ്രീ | 04:47 | ||||||
6. | "അലൈക്ക ലൈക്ക" | പാ. വിജയ് | ജാവേദ് അലി, സയനോര ഫിലിപ്പ്, ശർമ്മിള | 05:01 | ||||||
7. | "ജഗദീഷ് ഓൺ മിഷൻ (Theme)" | Instrumental | 03:24 | |||||||
ആകെ ദൈർഘ്യം: |
36:12 |