തെങ്ങോലപ്പുഴു

തെങ്ങോലപ്പുഴു
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
O. blackburni
Binomial name
Omiodes blackburni
(Butler, 1877)
Synonyms
  • Botys Blackburni Butler, 1877
  • Hedylepta blackburni
  • Nacoleia blackburni
  • Lamprosema blackburni
  • Phostria blackburni

തെങ്ങിനെ ആക്രമിക്കുന്ന ഒരു കീടമാണ് തെങ്ങോലപ്പുഴു. ശാസ്ത്ര നാമം - നെഫാന്റിസ് സെറി നോവ്. കേരളത്തിലെ കായലോരങ്ങളിലേയും തീരപ്രദേശങ്ങളിലേയും തെങ്ങുകളിലാണ് തെങ്ങോലപ്പുഴുവിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്.

ജീവിതചക്രം

[തിരുത്തുക]

തെങ്ങിലെ പ്രായം കൂടിയ ഓലകളിലാണ് ശലഭം മുട്ടയിടുന്നത്. പെൺശലഭം ഒരു പ്രാവശ്യം നൂറ്റിമുപ്പതോളം മുട്ടകൾ ഓലയുടെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കൂട്ടമായി തെങ്ങോലയുടെ അടിഭാഗത്ത് കൂടുകെട്ടി ഹരിതകം കാർന്നു തിന്നുന്നു. സിൽക്കുനൂലും വിസർജന വസ്തുക്കളും മറ്റും ചേർത്ത് നിർമ്മിക്കുന്ന കുഴൽക്കൂടുകളിലാണ് പുഴു ജീവിക്കുന്നത്. നാൽപത് ദിവസത്തിനുള്ളിൽ പുഴു സമാധിദശയിലേക്ക് കടക്കുന്നു. സിൽക്കുനൂലുകൊണ്ട് നിർമ്മിക്കുന്ന കൊക്കുണിനുള്ളിലെ സമാധിദശ പന്ത്രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നു. ജീവിതചക്രം പൂർത്തിയാകുന്നതിന് എട്ട് ആഴ്ചകൾ വേണ്ടിവരുന്നു.

പുഴുവിന്റെ ആക്രമണം

[തിരുത്തുക]

വേനൽക്കാലത്താണ് തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ ആർദ്രത പുഴുവിന്റെ എണ്ണം നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. തെങ്ങോലപ്പുഴു തെങ്ങോലകളുടെ ഹരിതകം കാർന്നു തിന്നുന്നു. ക്രമേണ ഓലകൾ ഉണങ്ങിക്കരിഞ്ഞു തുടങ്ങുന്നു. ദൂരെ നിന്ന് കാണുമ്പോൾ ഓലകൾ തീകൊണ്ടു കരിച്ചതുപോലെ തോന്നും. പുഴുവിന്റെ ആക്രമണം ഏറ്റവും പ്രായംകൂടിയ ഓലയിലാണ് ആരംഭിക്കുന്നതെങ്കിലും ക്രമേണ മുകളിലുള്ള ഓലകളിലേക്കും ഇതു വ്യാപിക്കുന്നു. ഇത് തെങ്ങിന്റെ ഉത്പാദനശേഷിയെ കാര്യമായി ബാധിക്കും.

നിയന്ത്രണ മാർഗങ്ങൾ

[തിരുത്തുക]

തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഒരു മുൻകരുതൽ എന്ന നിലയ്ക്ക് പുഴുബാധയുടെ ആരംഭത്തിൽത്തന്നെ ബാധയേറ്റ ഓലകൾ വെട്ടി തീയിട്ട് നശിപ്പിക്കണം. പുഴുവിന്റെ ഉപദ്രവം കണ്ടുതുടങ്ങുമ്പോൾത്തന്നെ എതിർ പ്രാണികളെ വിട്ട് ശല്യം ഒരു പരിധിവരെ തടായാനാകും. തെങ്ങോലപ്പുഴുവിനെ ഭക്ഷിക്കുന്ന നിരവധി പ്രാണികൾ പ്രകൃതിയിൽ ഉണ്ട്. ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നിവ ഇതിൽപ്പെടുന്നു. വേനൽക്കാലാരംഭത്തോടെ ഇത്തരം പ്രാണികളെ തെങ്ങിൻതോട്ടത്തിലേക്ക് വിട്ടാൽ തെങ്ങോലപ്പുഴുവിനെ ഇവ തിന്നു നശിപ്പിക്കും. കീടനാശിനി പ്രയോഗം അത്യാവശ്യമാണെങ്കിൽ മാത്രം അനുവർത്തിക്കാവുന്നതാണ്. ഡൈക്ലോർവാസ് (0.02%) മാലത്തിയോൺ (0.05%), ക്യൂനോൾഫോസ് (0.05%), ഫോസലോൺ (0.05%) തുടങ്ങിയ കീടനാശിനികളിൽ ഏതെങ്കിലും ഒന്ന് നിശ്ചിത വീര്യത്തിൽ തയ്യാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയുംവിധം തളിച്ചുകൊടുക്കുന്നത് തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാൻ ഒരു പരിധിവരെ സഹായിക്കും.

Pupa
പുഴു

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെങ്ങോലപ്പുഴു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.