തെലേസ്സിയ രോഗം | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases, ഹെൽമിൻതോളജി ![]() |
സസ്തനികളുടെ കണ്ണിലെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന രോഗമാണ് തെലേസ്സിയ രോഗം. വിര അല്ലെങ്കിൽ പുഴു പോലെയുള്ള ഒരിനം ജീവിയാണ് ഈ രോഗത്തിനു കാരണം. തെലേസ്സിയ റോഡേസി എന്നയിനം വിരയാണ് കന്നുകാലികളിൽ ഈ രോഗത്തിനു ഹേതു. കുതിരകളിൽ തെലേസ്സിയ ലാക്രിമാലിസ് എന്നയിനവും. മറ്റു മൃഗങ്ങളെയും ഈ രോഗം ബാധിക്കാം. മസ്ക ഓട്ടമ്നാലിസ് എന്നയിനം ഈച്ചകളാണ് ഈ രോഗം പരത്തുന്നത്. എല്ലാ പ്രായത്തിലുള്ള മൃഗങ്ങളെയും ഈ രോഗം ബാധിക്കാമെങ്കിലും പ്രായം കുറഞ്ഞവയിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
കണ്ണിലെ ശ്ലേഷ്മ്പടലങ്ങളിൽ നീരുവയ്ക്കുക, ചെങ്കണ്ണ്, കണ്ണുനീരൊലിപ്പ്, വെളിച്ചത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രേരണ, ശ്ലേഷ്മ്പടലങ്ങളിൽ വ്രണങ്ങളുണ്ടാവുക, കൺപോളകളിൽ ചെറിയ കുരുക്കളുണ്ടാവുക എന്നിവയാണ് തെലേസ്സിയ രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങളിൽ നിന്നുതന്നെ രോഗനിർണയം നടത്താവുന്നതാണ്. കൂടാതെ കണ്ണുനീർ ഗ്രന്ഥികളിൽനിന്നുള്ള സ്രവം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയാൽ രോഗഹേതുവായ വിരയെയോ അതിന്റെ ലാർവയെയോ കാണാൻ കഴിയും.
രോഗത്തിനു കാരണമാകുന്ന വിരയെ എടുത്തു മാറ്റുക എന്നതാണ് പ്രധാന ചികിത്സാരീതി. ഇതിനായി ശ്ലേഷ്മ്സ്തരത്തിൽ മരവിക്കാനുള്ള ഔഷധം ഒഴിച്ചശേഷം ചവണ ഉപയോഗിച്ച് വിരകളെ എടുത്തു മാറ്റുന്നു. ലെവാമിസോൾ ഉള്ളിൽ കൊടുക്കുകയോ ഒരു ശതമാനം നേർപ്പിച്ച ലായനിയാക്കി കണ്ണിൽ പുരട്ടുകയോ ചെയ്താലും രോഗശമനം ഉണ്ടാകും. 0.5% അയഡിനോ 0.75% പൊട്ടാസ്യം അയഡൈഡോ ഉപയോഗിച്ച് കണ്ണ് കഴുകുന്നതും ഗുണം ചെയ്യും. ഏതെങ്കിലും ആന്റിബയോട്ടിക്കും സ്റ്റിറോയിഡും ചേർന്ന ഔഷധം കണ്ണിൽ പുരട്ടുന്നത് കണ്ണിലെ വീക്കം കുറയാനും മറ്റു രോഗാണുബാധ ഉണ്ടാകുന്നത് തടയാനും സഹായകമാണ്. കുതിരകൾക്ക് ഫെൻബെൻഡസോൾ അഞ്ചുദിവസം നല്കുന്നത് രോഗശമനത്തിനു പ്രയോജനപ്പെടും. രോഗം പരത്തുന്ന ഈച്ചകളെ നിയന്ത്രിക്കുകയാണ് രോഗനിയന്ത്രണമാർഗങ്ങളിൽ ഏറ്റവും പ്രധാനം.
പട്ടികളെയും പൂച്ചകളെയും തെലേസ്സിയ രോഗം ബാധിക്കാറുണ്ട്. തെലേസ്സിയ കാലിഫോർണിയെൻസിസ്, തെലേസ്സിയ കാല്ലിപ്പോഡ എന്നീ വിരകളാണ് ഇതിനു കാരണം. കന്നുകാലികളിലുണ്ടാകുന്ന അതേ രോഗലക്ഷണങ്ങൾ തന്നെയാണ് പട്ടിയിലും പൂച്ചയിലും പ്രകടമാകുന്നത്. പശ്ചിമ അമേരിക്കയിൽ മനുഷ്യരിലും ഈ രോഗബാധ കാണപ്പെട്ടിട്ടുണ്ട്. രോഗഹേതുവായ വിരയ്ക്ക് 7-19 മില്ലിമീറ്റർ നീളമുള്ളതായി കണ്ടെത്തി. ഇവ വളരെ വേഗത്തിൽ പാമ്പ് ചലിക്കുന്നതുപോലെ കണ്ണിനകത്ത് ചലിക്കുന്നത് കാണാൻ കഴിയും. 100 വിരകളെ വരെ കണ്ടിട്ടുള്ള അവസരങ്ങളുമുണ്ടായിട്ടുണ്ട്. ഈച്ചകൾ തന്നെയാണ് മനുഷ്യരിലും രോഗം പരത്തുന്നത്. അപൂർവമായി കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാൻ ഈ രോഗം ഇടയാക്കാറുണ്ട്.