സിഖ് സാമ്രാജ്യത്തിലെ ഒരു പടനായകനും ഭരണാധികാരിയുമായിരുന്നു രാജാ തേജ് സിങ് എന്നറിയപ്പെടുന്ന തേജ് സിങ് (ജീവിതകാലം: 1799 - 1862). സിഖ് ഭരണത്തിനു കീഴിൽ പെഷവാറിന്റെ പ്രതിനിധിഭരണാധികാരിയായിരുന്നു.[1] ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ സിഖ് സൈന്യത്തിന്റെ പരമസൈന്യാധിപനായും നിയമിക്കപ്പെട്ടു. യുദ്ധാനന്തരം രാജാവ് ദലീപ് സിങ്ങിനു വേണ്ടിയുള്ള റീജൻസി സമിതിയിലെ അംഗവുമായിരുന്നു ഇദ്ദേഹം. രഞ്ജിത് സിങ്ങിന്റെ കാലത്ത് സിഖ് സാമ്രാജ്യം നടത്തിയ നിരവധി യുദ്ധങ്ങളിൽ പങ്കാളിയായിരുന്നിട്ടുണ്ട്. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് സിഖ് സേനയെ വഞ്ചിച്ച് അവരുടെ പരാജയത്തിന് കാരണക്കാരനായതിലൂടെയും പ്രശസ്തനാണ്.[2] പഞ്ചാബിൽ ബ്രിട്ടീഷ് റെസിഡന്റ് ഭരിക്കുന്ന കാലയളവിലാണ് ഇദ്ദേഹത്തിന് സിയാൽകോട്ടിലെ രാജാ എന്ന സ്ഥാനം ലഭിച്ചത്.
1799-ൽ ഇന്നത്തെ ഉത്തർ പ്രദേശിലെ മീറഠ് ജില്ലയിൽ ജനിച്ച ഇദ്ദേഹത്തിന്റെ യഥാർത്ഥപേര് തേജ് രാം എന്നായിരുന്നു. 1812-ൽ രഞ്ജിത് സിങ്ങിനു കീഴിൽ സൈനികജോലിയാരംഭിച്ചു. 1816-ൽ ഖൽസ ആചാരങ്ങൾ സ്വീകരിക്കുകയും പേര് തേജ് സിങ് എന്നു മാറ്റുകയും ചെയ്തു. സൈനികൻ എന്നനിലയിൽ വളരെപ്പെട്ടെന്ന് ഉയർന്ന് 1818-ൽ ജനറൽ സ്ഥാനത്തെത്തി.
സിഖ് സാമ്രാജ്യം നടത്തിയ നിരവധി ആക്രമണങ്ങളിൽ തേജ് സിങ് പങ്കാളിയായി. 1813, 1814, 1819 വർഷങ്ങളിൽ നടന്ന മൂന്നു കശ്മീർ ആക്രമണങ്ങളിൽ പങ്കെടുത്തു. മൻകേര, ലേ, ദേരാജാത് എന്നീ പ്രദേശങ്ങൾ കീഴടക്കുന്നതിനായുള്ള സൈനികനടപടികളിൽ നേതൃസ്ഥാനം വഹിച്ചു. 1823-ലെ പെഷവാർ ആക്രമണത്തിൽ ഡിവിഷണൽ കമാൻഡർ ആയിരുന്നു. അറ്റോക്ക് നദീതീരത്തുനടന്ന തേരി പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. 1831-ൽ തേജ് സിങ്ങിന്റെ കീഴിൽ സ്ഥിരം സിഖ് സൈന്യത്തിന്റെ 22 ബറ്റാലിയനുകൾ ഉണ്ടായിരുന്നു. ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന്റെ തുടക്കത്തിൽ 1839-ൽ പെഷവാറിൽ നിന്നും ഖൈബർ ചുരത്തിലൂടെ കാബൂളിലേക്ക് മുന്നേറുന്നതിനുള്ള സിഖ് സൈനികസംഘത്തിൽ തേജ് സിങ്ങിന്റെ സൈന്യവും ഉണ്ടായിരുന്നു.
മൂന്നാമത്തെ സിഖ് രാജാവായ കൻവർ നാവോ നിഹാൽ സിങ്ങിന്റെ വിശ്വസ്തനായിരുന്നു തേജ് സിങ്. നാവോ നിഹാലിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ അമ്മയായ ചാന്ദ് കൗർ ഭരണത്തിലേറുന്നതിൽ തേജ് സിങ് പിന്തുണനൽകി. ചാന്ദ് കൗർ, റീജന്റ് ഭരണാധികാരിയായി സ്ഥാനമേൽക്കുന്നത് പ്രഖ്യാപിച്ചുകൊണ്ട് 1840 നവംബർ 27-ന് ഉണ്ടാക്കിയ കരാറിൽ ഒപ്പുവച്ചവരിലൊരാൾ തേജ് സിങ് ആയിരുന്നു.
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ തേജ് സിങ്, സിഖ് സേനയുടെ സർവ്വസൈന്യാധിപനായി നിയമിതനായി. ലാൽ സിങ്ങിനെപ്പോലെത്തന്നെ തേജ് സിങ്ങും എതിരാളികളായ ബ്രിട്ടീഷുകാരുമായി രഹസ്യധാരണയിലെത്തുകയും ഇത് സിഖ് സേനയുടെ പരാജയത്തിന് കാരണമാകുകയും ചെയ്തു. 1845 ഡിസംബറിൽ ഫിറോസ്ശഹരിൽ നടന്ന പോരാട്ടത്തിൽ മേൽക്കൈയുണ്ടായിരുന്നിട്ടും ആക്രമണം തുടരാതെ തേജ് സിങ് പിന്തിരിഞ്ഞു പോയി. 1846 ഫെബ്രുവരിയിൽ സൊബ്രാവിൽ നടന്ന അന്തിമപ്പോരാട്ടത്തിൽ യുദ്ധം നടത്തിക്കൊണ്ടിരുന്ന സേനാനായകനായ ശാം സിങ് അട്ടാരിവാലയോട് പിൻവാങ്ങാൻ തേജ് സിങ് നിർദ്ദേശിച്ചു. ശാം സിങ് സൊബ്രാവിൽ മരണം വരെയും പോരാടിയെങ്കിലും തേജ് സിങ്ങും ലാൽ സിങ്ങും സത്ലുജ് കടന്ന് രക്ഷപ്പെട്ടു. യുദ്ധം ബ്രിട്ടീഷുകാരുടെ വരുതിയിലായെന്നു കണ്ടപ്പോൾ സൊബ്രാവിൽ പോരാടുന്നവർക്ക് പിന്തിരിഞ്ഞുപോരാനുള്ള വഴിയടച്ച് അനവധി സിഖ് സൈനികരുടെ മരണത്തിനു കാരണമായത് തേജ് സിങ് ആയിരുന്നെന്നും ആരോപണമുണ്ട്.
യുദ്ധാനന്തരം ഗുലാബ് സിങ്ങിനു നൽകിയപോലെ ഒരു സ്വതന്ത്രരാജ്യം വേണമെന്നാവശ്യപ്പെട്ട് തേജ് സിങ്, ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഹെൻറി ഹാർഡിഞ്ചിന് ഇരുപത്തഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇതുണ്ടായില്ലെങ്കിലും ബ്രിട്ടീഷ് നിയന്ത്രണത്തിനുകീഴിലും അദ്ദേഹം മുമ്പുണ്ടായിരുന്ന സിഖ് സൈന്യത്തിന്റെ സർവ്വസൈന്യാധിപസ്ഥാനം നിലനിർത്തി. ലാൽ സിങ്ങിനെ നാടുകടത്തുകയും റാണി ജിന്ദനെ റീജന്റ് സ്ഥാനത്തുനിന്നും പുറത്താക്കുകയുെ ചെയ്തശേഷം 1846 ഡിസംബറിൽ ബ്രിട്ടീഷി റെസിഡന്റിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച റീജൻസി ഭരണസമിതിയുടെ അദ്ധ്യക്ഷനായിരുന്നു തേജ് സിങ്.[2][3] ഈ കാലയളവിൽ 1847 ഓഗസ്റ്റ് 7-ന് സിയാൽകോട്ടിലെ രാജാ എന്ന സ്ഥാനവും ലഭിച്ചു.[4] 1848-49 കാലഘട്ടത്തിലെ സിഖ് സൈനികകലാപകാലത്ത് തേജ് സിങ് സർക്കാരിനോട് കൂറുപുലർത്തിനിന്നു.[1] 1857-ലെ ലഹളക്കാലത്ത് ബ്രിട്ടീഷുകാരെ സഹായിക്കുന്നതിന് തേജ് സിങ് ഒരു സിഖ് കുതിരപ്പടയെ സംഘടിപ്പിച്ചിരുന്നു. പിന്നീട് ബട്ടാലയിലെ രാജാ എന്ന സ്ഥാനവും ലഭിച്ചു. 1862 ഡിസംബർ 4-ന് തേജ് സിങ് മരണമടഞ്ഞു.[2]
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite book}}
: Check date values in: |accessdate=
and |year=
(help)CS1 maint: year (link)
{{cite book}}
: Check date values in: |accessdate=
and |year=
(help)CS1 maint: year (link)