കർത്താവ് | റോബർട്ട് എ. ഹൈൻലൈൻ |
---|---|
പുറംചട്ട സൃഷ്ടാവ് | ക്ലിഫോർഡ് ഗിയറി |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ഹൈൻലൈൻ ജുവനൈൽസ് |
സാഹിത്യവിഭാഗം | ശാസ്ത്ര ഫിക്ഷൻ നോവൽ |
പ്രസാധകർ | ചാൾസ് സ്ക്രിബ്നേഴ്സ് സൺസ് |
പ്രസിദ്ധീകരിച്ച തിയതി | 1952 |
ISBN | ലഭ്യമല്ല |
മുമ്പത്തെ പുസ്തകം | ബിറ്റ്വീൻ പ്ലാനറ്റ്സ് |
ശേഷമുള്ള പുസ്തകം | സ്റ്റാർമാൻ ജോൺസ് |
റോബർട്ട് എ. ഹൈൻലൈൻ 1952-ൽ രചിച്ച ഒരു ശാസ്ത്ര ഫിക്ഷൻ നോവലാണ് ദ റോളിംഗ് സ്റ്റോൺസ് (സ്പേസ് ഫാമിലി സ്റ്റോൺ എന്ന പേരിലാണ് ഇത് ബ്രിട്ടനിൽ പ്രസിദ്ധീകരിക്കപ്പെട്ടത്).
നോവലിന്റെ ഒരു സംക്ഷിപ്തരൂപം മുന്നേ ബോയ്സ് ലൈഫ് എന്ന മാസികയുടെ സെപ്റ്റംബർ, ഒക്റ്റോബർ, നവംബർ, ഡിസംബർ എന്നീ ലക്കങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. "ട്രാമ്പ് സ്പേസ് ഷിപ്പ്" എന്നായിരുന്നു ഇങ്ങനെ പ്രസിദ്ധീകരിക്കുമ്പോൾ ഈ കൃതിയുടെ പേര്.
സ്റ്റോൺസ് എന്ന കുടുംബം ചന്ദ്രനിൽ വസിക്കുന്നവരാണ്. ഇവർ ഒരു പഴയ ശൂന്യാകാശ പേടകം വാങ്ങി പുതുക്കിപ്പണിത് സൗരയൂഥം ചുറ്റിക്കാണാൻ പുറപ്പെടുന്നു.
കാസ്റ്റർ, പൊള്ളക്സ് എന്ന കൗമാരപ്രായക്കാരായ ഇരട്ടസഹോദരന്മാർ ചൊവ്വയിൽ വിൽക്കുവാനായി മുച്ചക്ര സൈക്കിളുകൾ കൂടെക്കൊണ്ടുപോകുന്നെങ്കിലും ഈ പദ്ധതി പാളിപ്പോകുന്നു. ചൊവ്വയിൽ വച്ച് ഇവർ ഒരു ഫ്ലാറ്റ് ക്യാറ്റ് എന്ന ജീവിയെ വാങ്ങുന്നു.
ഈ സമയത്ത് ആസ്റ്ററോയ്ഡ് ബെൽട്ടിൽ ആണവഅയിരുകൾ ശേഖരിക്കുന്ന ആൾക്കാരുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. ഇവിടെ വിൽക്കാനായി സാധനങ്ങൾ വാങ്ങിക്കൊണ്ട് ഇവർ അങ്ങോട്ടേയ്ക്ക് യാത്ര തിരിക്കുന്നു. വഴിയിൽ വച്ച് ഫ്ലാറ്റ് ക്യാറ്റിന്റെ സന്തതികൾ ബഹിരാകാശവാഹനത്തിൽ നിറയുന്നു. ഇവയെ ഘനനം നടത്തുന്നവർക്ക് വിൽക്കാൻ ഇരട്ട സഹോദരന്മാർക്ക് സാധിച്ചു. ഇതിനുശേഷം ഇവർ വ്യാഴത്തിന്റെ വലയങ്ങൾ കാണാൻ യാത്ര തിരിക്കുന്നു.
ഹൈൻലൈനും ഭാര്യ വിർജീനിയയും മണിക്കൂറുകൾ ഈ കൃതിക്കുവേണ്ടി ഗവേഷണം നടത്തുകയുണ്ടായി. വിശദാംശങ്ങളെല്ലാം കൃത്യമായിരിക്കണമെന്ന് ഹൈൻലൈന് നിർബന്ധമുണ്ടായിരുന്നു.[1]
1905-ൽ പ്രസിദ്ധീകരിച്ച എല്ലിസ് പാർക്കർ ബട്ട്ലറിന്റെ ചെറുകഥയായ "പിഗ്സ് ഈസ് പിഗ്സ്" ഫ്ലാറ്റ് പൂച്ചകളെ സംബന്ധിച്ച ഈ കൃതിയിലെ സംഭവത്തിന് ആധാരമായിട്ടുണ്ടാവാമെന്ന് ഹൈൻലൈൻ പിന്നീട് പ്രസ്താവിക്കുകയുണ്ടായി. സ്റ്റാർ ട്രെക് സീരീസിലെ ഒരു എപ്പിസോഡിലെ കഥ ഈ സംഭവവുമായി സാദൃശ്യമുള്ളതായതിനാൽ നിർമാതാക്കൾ ഹൈൻലൈന്റെ അനുവാദം തേടുകയുണ്ടായി.[2] തിരക്കഥയുടെ കൈയ്യൊപ്പിട്ട ഒരു കോപ്പിയാണ് ഹൈൻലൈൻ ഇതിന് പ്രതിഫലമായി ചോദിച്ചത്. ഈ രണ്ടു കഥകളും ബട്ട്ലറിന്റെ കഥയോട് സാദൃശ്യമുള്ളവയാണെന്നും ഒരുപക്ഷേ നോഹയുടെ പെട്ടകത്തിന്റെ കഥയ്ക്കും ഇതിനോട് സാദൃശ്യമുണ്ടാകാമെന്നും ഹൈൻലൈൻ നിരീക്ഷിക്കുകയുണ്ടായി.[3]
ഹേസൽ സ്റ്റോൺ ചന്ദ്രനിൽ നടന്ന വിപ്ലവത്തിലെ ഒരു പ്രധാന കഥാപാത്രമായി വിശേഷിപ്പിക്കപ്പെടുന്നു. പതിനാലു വർഷങ്ങൾക്കുശേഷം ഹൈൻലൈൻ പ്രസിദ്ധീകരിച്ച ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ് എന്ന കൃതിയിൽ ഈ സ്വാതന്ത്ര്യസമരത്തെപ്പറ്റി വിശേഷിപ്പിക്കുന്നുണ്ട്. ഇതിൽ കുട്ടിയായിരുന്ന ഹേസലിന്റെ ചെറുതെങ്കിലും പ്രാധാന്യമുള്ള പങ്കിനെപ്പറ്റിയും പ്രസ്താവിക്കുന്നു. ഹേസൽ, കാസ്റ്റർ, പോളക്സ് എന്നിവർ ദ ക്യാറ്റ് ഹൂ വാക്ക്സ് ത്രൂ വാൾസ് എന്ന കൃതിയിൽ പ്രത്യക്ഷപ്പെടുന്നു. ഹേസൽ മാത്രം റ്റു സെയിൽ ബിയോൺഡ് സൺസെറ്റ് എന്ന കൃതിയിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഡോ ലോവൽ സ്റ്റോൺ ("ബസ്റ്റർ") ദ ക്യാറ്റ് ഹൂ വാക്ക്സ് ത്രൂ വാൾസ് എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്നു. ഇദ്ദേഹം സെറസ് ജനറലിലെ പ്രധാന സർജനായാണ് പരാമർശിക്കപ്പെടുന്നത്. ഈ കൃതിയിൽ തന്നെ റോജറും എഡിത്തും ഫിഡ്ലേഴ്സ് ഗ്രീൻ (ആദ്യം പ്രസ്താവിക്കപ്പെട്ടത് ഫ്രൈഡേ എന്ന കൃതിയിൽ) എന്ന സൗരയൂഥത്തിനു പുറത്തുള്ള കോളനിയിലാണ് താമസിക്കുന്നതെന്ന് പരാമർശിക്കുന്നു.
ലോവൽ കണ്ടുമുട്ടുന്ന ചൊവ്വാഗ്രഹവാസിയുടെ രൂപം സ്ട്രേഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ്, റെഡ് പ്ലാനറ്റ് എന്നീ കൃതികളിലേതിന് സമാനമാണ്.
ഗ്രഫ് കോൺക്ലിൻ ഈ ഗ്രന്ഥത്തെ "പൂർണ്ണമായും ആനന്ദദായകമായത്" എന്നാണ് വിശേഷിപ്പിച്ചത്.[4] ബൗച്ചർ, മക്‌കോമാസ് എന്നിവർ "ഗോളാന്തരയാത്ര നിലവിലുള്ള ഭാവിയെപ്പറ്റി ഈ വർഷം ലഭ്യമായതിൽ ഏറ്റവും സാദ്ധ്യമായതും വളരെ ശ്രദ്ധയോടുകൂടി വിശദാംശങ്ങൾ തയ്യാറാക്കിയതുമായ കൃതി" എന്നാണിതിനെ വിശേഷിപ്പിച്ചത്.[5] ഷൂയ്ലർ മില്ലർ കൃതിയുടെ "പുതുമയും ലാളിത്യവും" എടുത്തുപറഞ്ഞ് പ്രശംസിക്കുകയുണ്ടായി. ഇത് "ഭാവിയിലെ യഥാർത്ഥത്തിലുണ്ടാകാവുന്ന ലോകത്തിലെ യഥാർത്ഥ മനുഷ്യരുടെ ചിത്രശാലയാണെ"ന്നും "ഇതിലെ എല്ലാ വിശദാംശങ്ങളും കൃത്യതയോടെ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടെ"ന്നും നിരീക്ഷിക്കുകയുണ്ടായി.[6]
ജാക്ക് വില്യംസൺ ഹൈൻലൈന്റെ കഥ "വ്യക്തിസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഒരു സ്വപ്ന"മാണെന്ന് വിലയിരുത്തി.[7]
{{cite web}}
: Cite has empty unknown parameter: |coauthors=
(help)