ദി ഓൾഡ് വിച്ച് 1894-ൽ പുറത്തിറങ്ങിയ മോർ ഇംഗ്ലീഷ് ഫെയറി ടെയിൽസ് എന്ന പുസ്തകത്തിൽ ജോസഫ് ജേക്കബ്സ് ശേഖരിച്ച ഒരു ഇംഗ്ലീഷ് യക്ഷിക്കഥയാണ്.[1] റൂത്ത് മാനിംഗ്-സാൻഡേഴ്സിന്റെ എ ബുക്ക് ഓഫ് വിച്ചസ്, അലൻ ഗാർണറുടെ എ ബുക്ക് ഓഫ് ബ്രിട്ടീഷ് ഫെയറി ടെയിൽസ് എന്നിവയിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കൽ ഒരിടത്ത് ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. അവരുടെ പിതാവിന് ജോലിയില്ലായിരുന്നു. പെൺമക്കൾ അവരുടെ ഭാഗ്യം തേടിപ്പോകാൻ ആഗ്രഹിച്ചു. മൂത്ത പെൺകുട്ടി ജോലയിക്കു പോകാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഒരിടം കണ്ടുപിടിച്ചാൽ പൊയ്ക്കൊള്ളാൻ അമ്മ പറഞ്ഞു.
മൂത്ത മകൾ ജോലി തിരഞ്ഞുവെങ്കിലും ഒന്നും കണ്ടെത്താനാകാതെ ഒടുവിൽ അപ്പം നിറച്ച ഒരു അടുപ്പിനു സമീപം എത്തി. അപ്പം അടുപ്പിൽനിന്ന് അതിനെ പുറത്തെടുക്കാൻ പെൺകുട്ടിയോട് അപേക്ഷിക്കുകയും, അവൾ അത് അനുസരിക്കുകയുംചെയ്തു. ജോലി തിരയുന്നത് തുടർന്ന പെൺകുട്ടി ഒടുവിൽ ഒരു പശുവിന്റെ അടുത്തേക്ക് വന്നതോടെ, അത് പാൽ കറക്കാൻ അവളോട് അപേക്ഷിച്ചു. അവൾ അപ്രകാരം ചെയ്തു. തുടർന്ന് ഒരു ആപ്പിൾ മരം തന്നെ കുലുക്കി ആപ്പിൽ താഴെ വീഴ്ത്താൻ അവളോട് അപേക്ഷിച്ചതും അവൾ ചെയ്തു.
തിരച്ചിൽ തുടർന്ന പെൺകുട്ടി ഒരു വൃദ്ധ മന്ത്രവാദിനിയുടെ വീട്ടിൽ എത്തിച്ചേരുകയും മന്ത്രവാദിനി അവളെ വീട് വൃത്തിയാക്കാൻ നിയോഗിക്കുകയും ചെയ്തുവെങ്കിലും ചിമ്മിനിയിലേക്ക് നോക്കുന്നതിൽനിന്ന് അവളെ വിലക്കി. പക്ഷേ ഒരു ദിവസം, അവൾ അങ്ങനെ ചെയ്തതോടെ പണമടങ്ങിയ ബാഗുകൾ താഴേയ്ക്കു പതിച്ചു. ഉടൻ തന്നെ പെൺകുട്ടി അവയെല്ലാം വാരിക്കൂട്ടിയശേഷം അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.
പെൺകുട്ടി എന്താണ് ചെയ്തതെന്ന് മനസിലാക്കിയ വൃദ്ധ മന്ത്രവാദി അവളെ പിന്തുരുന്നു. ഓരോ തവണയും വൃദ്ധയായ മന്ത്രവാദി അവളെ പിടിക്കാനായി അടുത്തുവരുമ്പോൾ ആപ്പിൾ മരവും പശുവും അവളെ മറച്ചുകൊണ്ടിരുന്നു. പെൺകുട്ടി അടുപ്പിനടുത്തേയ്ക്ക് വന്നപ്പോൾ, അത് അവളെ പിന്നിൽ ഒളിപ്പിക്കുകയും, വൃദ്ധ മന്ത്രവാദിനിയെ കബളിപ്പിച്ച് അടുപ്പിന് അകത്ത് കടത്തിക്കൊണ്ട്, അവരെ വളരെ നേരം അതിനുള്ളിൽ കുടുക്കി. സമ്പാദിച്ച പണമടങ്ങിയ ബാഗ് ഉപയോഗിച്ച് പെൺകുട്ടി ഒരു ധനികനെ വിവാഹം കഴിച്ചു.
അവളുടെ സഹോദരി അതേ കാര്യം തന്നെ പരീക്ഷിക്കാൻ തീരുമാനിച്ചുവെങ്കിലും അവൾ അടുപ്പിനെയും പശുവിനെയും ആപ്പിൾ മരത്തെയും സഹായിക്കാൻ വിസമ്മതിച്ചു. അവൾ സ്വർണ്ണം മോഷ്ടിച്ചപ്പോൾ, ആപ്പിൾ മരം അവളെ മറയ്ക്കാൻ വിസമ്മതിച്ചതോടെ വൃദ്ധയായ മന്ത്രവാദി അവളെ പിടികൂടുകയും അടിക്കുകയും പണമടങ്ങിയ സഞ്ചി തിരികെ വാങ്ങുകയുംചെയ്തു.