"ദി ഗൂസ് ഗേൾ" | |
---|---|
കഥാകൃത്ത് | ഗ്രിം സഹോദരന്മാർ |
Original title | "Die Gänsemagd" |
രാജ്യം | ജർമ്മനി |
ഭാഷ | ജർമ്മൻ |
സാഹിത്യരൂപം | യക്ഷിക്കഥ |
പ്രസിദ്ധീകരിച്ചത് | കിൻഡർ-അൻഡ് ഹൌസ്സ്മാർച്ചൻ (ചിൽഡ്രൺസ് ആന്റ് ഹൌസ്ഹോൾഡ് ടെയിൽസ് — ഗ്രിംസ് ഫെയറി ടെയിൽസ്) |
പ്രസിദ്ധീകരണ തരം | ഫെയറി ടെയിൽ കളക്ഷൻ |
പ്രസിദ്ധീകരിച്ച തിയ്യതി | 1815 |
"ദി ഗൂസ് ഗേൾ" (ജർമ്മൻ: Die Gänsemagd, ബ്രദേഴ്സ് ഗ്രിം സമാഹരിച്ച് 1815 ൽ ഗ്രിംഗ് ഫെയറി ടെയിൽസ് എന്ന പേരിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട (KHM 89) ഒരു ജർമ്മൻ ഭാഷയിലെ കെട്ടുകഥയാണ്. ഇത് ആർനെ-തോംസൺ സൂചിക 533 ആണ്.[1] 1826 ൽ എഡ്ഗർ ടെയ്‌ലർ ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഈ കഥ, പിന്നീട് 1865-ൽ ഒരു അജ്ഞാത പരിഭാഷകനും, 1881-ൽ ലൂസി ക്രെയിൻ, 1884-ൽ ലൂക്ക് മാർഗരറ്റ് ഹണ്ട് എന്നിവരുൾപ്പെടെ മറ്റു പലരും ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തിരുന്നു. ആൻഡ്രൂ ലാംഗ് ഇത് 1889-ൽ ബ്ലൂ ഫെയറി ബുക്കിൽ ഉൾപ്പെടുത്തി.
കിൻഡർ-അൻഡ് ഹൌസ്സ്മാർച്ചന്റെ ആദ്യ പതിപ്പിൽ 1815 ൽ വാല്യം 2 നമ്പർ 3 ആയി ഈ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത് ബ്രദേർസ് ഗ്രിംസ് ആണ്. രണ്ടാം പതിപ്പിന് ശേഷം (1819) ഇത് നമ്പർ 89 ആയി പ്രത്യക്ഷപ്പെട്ടു. ജർമ്മൻ കാഥികൻ ഡൊറോത്തിയ വിഹ്മാൻ (1755–1815) ആയിരുന്നു ഗ്രിമ്മിന്റെ ഈ കഥയുടെ ഉറവിടം.[2]
ഒരു വിധവയായ രാജ്ഞി തന്റെ പുത്രിയെ വിദൂരസ്ഥമായ ഒരു ദേശത്തേക്ക് വിവാഹത്തിനായി അയയ്ക്കുന്നു. രാജകുമാരിയോടൊപ്പം, സംസാരിക്കാൻ കഴിയുന്ന അവളുടെ മാന്ത്രികക്കുതിരയായ ഫലാദയും കൂട്ടിനായി ഒരു വേലക്കാരിയുമുണ്ട്. രാജകുമാരിക്ക് ഒരു പ്രത്യേക മാന്ത്രിക ഏലസ് നൽകിയ രാജ്ഞി, അത് ധരിക്കുന്നിടത്തോളം കാലം അത് അവളെ സംരക്ഷിക്കുമെന്ന് അറിയിക്കുന്നു.
രാജകുമാരിയും ദാസിയും ദൂരേയ്ക്ക് യാത്ര ചെയ്യവേ, രാജകുമാരിയ്ക്ക് കടുത്ത ദാഹം അനുഭവപ്പെടുന്നു. അവൾ വേലക്കാരിയോട്, പോയി ദാഹം ശമിപ്പിക്കാൻ കുറച്ച് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുന്നുവെങ്കിലും വേലക്കാരി ഇങ്ങനെ പറയുന്നു: "നിങ്ങൾക്ക് വെള്ളം വേണമെങ്കിൽ അത് സ്വന്തമായി പോയെടുക്കുക. ഇനി മേലിൽ ഞാൻ നിങ്ങളുടെ ദാസിയാകാൻ ആഗ്രഹിക്കുന്നില്ല." അതിനാൽ രാജകുമാരിക്ക് അടുത്തുള്ള അരുവിയിൽ നിന്ന് സ്വയം വെള്ളം എടുക്കേണ്ടതായി വരുന്നു. അവൾ മൃദുവായി വിലപിച്ചുകൊണ്ട് മൊഴിഞ്ഞു "എനിക്ക് എന്ത് സംഭവിക്കും?" ഏലസ് ഉത്തരം നൽകുന്നു: "അയ്യയ്യോ, നിങ്ങളുടെ മാതാവ് ഇത് അറിഞ്ഞിരുന്നെങ്കിൽ, അവരുടെ സ്നേഹനിർഭരമായ ഹൃദയം രണ്ടായി പിളരുമായിരുന്നു." കുറച്ചു കഴിഞ്ഞപ്പോൾ രാജകുമാരിക്ക് വീണ്ടും ദാഹം അനുഭവപ്പെടുന്നു. അതിനാൽ അവൾ ഒരിക്കൽ കൂടി വേലക്കാരിയോട് കുറച്ച് വെള്ളം എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെടുന്നു. എന്നാൽ ദുഷ്ടനായ വേലക്കാരി വീണ്ടും പറഞ്ഞു, "നിങ്ങളോ നിങ്ങളുടെ മാതാവോ എന്തുതന്നെ പറഞ്ഞാലും ഞാൻ ഇനി മേലിൽ നിങ്ങളെ സേവിക്കുകയില്ല." ദാസി പാവപ്പെട്ട രാജകുമാരിയെ അവളുടെ മൃദുലകോമളമായ സ്വന്തം കൈകൊണ്ട് നദിയിൽ നിന്ന് വെള്ളം കോരിക്കുടിക്കാൻ വിടുന്നു. അവൾ വെള്ളത്തിലേക്ക് കുനിയുമ്പോൾ അവളുടെ കഴുത്തിൽ ധരിച്ചിരുന്ന മാന്ത്രിക ഏലസ് വെള്ളത്തിലേയ്ക്ക് വീഴുകയും ഒഴുകിപ്പോകുകയും ചെയ്യുന്നു.
രാജകുമാരിയുടെ നിസ്സഹായത വീട്ടുവേലക്കാരി മുതലെടുക്കുന്നു. താനുമായി വസ്ത്രം പരസ്പരം മാറ്റുവാനും ഒപ്പം കുതിരയെ കൈമാറാനും അവൾ രാജകുമാരിയോട് കൽപ്പിക്കുന്നു. ഒരു ജീവിയോടുപോലും ഈ വേഷപ്പകർച്ചയേക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടുകയില്ലെന്ന് ശപഥം ചെയ്തില്ലെങ്കിൽ രാജകുമാരിയെ കൊല്ലുമെന്ന് അവൾ ഭീഷണിപ്പെടുത്തുന്നു. ഖിന്നയായ രാജകുമാരി ഈ പ്രതിജ്ഞ ചെയ്യുന്നു. വീട്ടുജോലിക്കാരി പിന്നീട് ഫലാഡയുടെ മേൽ സവാരി ചെയ്തു പോകവേ രാജകുമാരി വീട്ടുജോലിക്കാരിയുടെ കുതിര മേൽ യാത്ര ചെയ്തു. കൊട്ടാരത്തിൽ, വേലക്കാരി രാജകുമാരിയായി ഭാവിക്കുകയും "രാജകുമാരിയുടെ ദാസി" കോൺറാഡ് എന്ന കൊച്ചുകുട്ടിയ്ക്കൊപ്പം വാത്തകളെ പരിപാലിക്കാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്തു. രാജാവിന്റെ വ്യാജ വധു, ഫലാദ എന്ന കുതിരയെ, അത് സംസാരിക്കുമെന്ന് ഭയപ്പെടുന്നതിനാൽ കൊല്ലാൻ കൽപ്പിക്കുന്നു. യഥാർത്ഥ രാജകുമാരി ഇത് കേട്ട് കശാപ്പുകാരനോട് ഫലാദയുടെ തല താൻ എല്ലാ പ്രഭാതങ്ങളിലും കടന്നുപോകുന്ന വാതിലിനു മുകളിൽ തറച്ചു വയ്ക്കാൻ അപേക്ഷിക്കുന്നു.
പിറ്റേന്ന് രാവിലെ വാതിൽക്കൽ നിന്ന് ഫാലദയുടെ തലയെ അഭിസംബോധന ചെയ്തുകൊണ്ട് രാജകുമാരി പറഞ്ഞു: "ഫലാദ, ഫലാദ, നീ ചത്തുപോയി, എന്റെ ജീവിതത്തിലെ എല്ലാ സന്തോഷവും അവസാനിച്ചു", ഫലാദയുടെ തല ഉത്തരം നൽകി, "അയ്യയ്യോ, നിങ്ങളുടെ മാതാവ് ഇത് അറിഞ്ഞിരുന്നെങ്കിൽ, അവരുടെ സ്നേഹനിർഭരമായ ഹൃദയം രണ്ടായി പിളരുമായിരുന്നു. വാത്തകളെ പരിപാലിക്കുന്ന പുൽമേടിൽ, രാജകുമാരി അവളുടെ സുന്ദരമായ മുടി ചീകുന്നത് കാണുന്നത് നിരീക്ഷിക്കുന്ന കോൺറാഡിന് അത്യാഗ്രഹം തോന്നുകയും അവളുടെ സ്വർണ്ണ കൊളുത്തുകളിൽ ഒന്നോ രണ്ടോ പറിച്ചെടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഇത് കാണുന്ന പെൺകുട്ടി "കാറ്റേ നീ വീശുക, വീശുക, ഞാൻ പറയുന്നു, കോൺറാഡിന്റെ തൊപ്പി തെറിപ്പിച്ച് കളയുക. ഇന്ന് എന്റെ മുടി ചീകിത്തീരുന്നതുവരെ അവനെ തിരികെ വരാൻ അനുവദിക്കരുത്." എന്ന് പറഞ്ഞ് ഒരു മന്ത്രം ചൊല്ലുന്നു. അതിനാൽ കാറ്റ് വീശി അവന്റെ തൊപ്പി പറത്തിക്കളയുകയും, താറാവുകാരി പെൺകുട്ടി അവളുടെ തലമുടി ചീകുകയും പിന്നുകയും ചെയ്യുന്നതിനുമുമ്പ് കോൺറാഡിന് മടങ്ങാൻ സാധിക്കുന്നില്ല.
വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നതിനാൽ താൻ ഇനി മേലിൽ ഈ പെൺകുട്ടിയുമായി ചേർന്ന് വാത്തകളെ വളർത്തുകയില്ലെന്ന് കോൺറാഡ് ദേഷ്യത്തോടെ രാജാവിന്റെ അടുത്ത് ചെന്ന് പ്രഖ്യാപിക്കുന്നു. ഒരു പ്രാവശ്യം കൂടി ഇത് ചെയ്യാൻ അവനോട് പറയുന്ന രാജാവ്, പിറ്റേന്ന് രാവിലെ ഒളിച്ചിരുന്ന് രണ്ടുപേരേയും നിരീക്ഷിക്കുന്നു. കോൺറാഡ് പറഞ്ഞതെല്ലാം സത്യമാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. അന്ന് വൈകുന്നേരം താറാവുകാരിയോട് അവളുടെ കഥ പറയാൻ രാജാവ് ആവശ്യപ്പെടുന്നു. എന്നാൽ ശപഥം ചെയ്തതിനാൽ അവൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല. ഒരു ഇരുമ്പടുപ്പിനോട് എല്ലാം പറയാൻ രാജാവ് അവളോട് നിർദ്ദേശിക്കുന്നു. അവൾ സമ്മതിക്കുന്നു, അടുപ്പിന് മുകളിൽ കയറി അവൾ തന്റെ കഥ പറയുമ്പോൾ രാജാവ് പുറത്തു നിന്ന് കേൾക്കുന്നു.
അവൾ സത്യം പറഞ്ഞുവെന്ന് രാജാവിന് ബോധ്യപ്പെട്ടതിനാൽ, താറാവുകാരി രാജകീയ വസ്ത്രം ധരിപ്പിക്കപ്പെട്ടു. അദ്ദേഹം വ്യാജ രാജകുമാരിയെ "അവളുടെ സ്വന്തം ശിക്ഷ തിരഞ്ഞെടുക്കുന്നതിന്" ഒരു കൗശലം പ്രയോഗിക്കുന്നു. കഥയുടെ ഓരോ പതിപ്പിലും ശിക്ഷയുടെ തെരഞ്ഞെടുപ്പ് രീതി വ്യത്യസ്തമാണെങ്കിലും, ക്ലാസിക് പതിപ്പിലെ പ്രകാരം ഒരു വ്യാജ ദാസിയെ മുള്ളുകൾ നിറച്ച ഒരു വീപ്പയിൽ നഗ്നയായി പട്ടണത്തിലൂടെ വലിച്ചിഴയ്ക്കണമെന്ന് അവൾ രാജാവിനോട് പറയുന്നു. തൽഫലമായി, ആൾമാറാട്ടക്കാരിയായ വേലക്കാരി മരിക്കുന്നതുവരെ ആ വിധത്തിൽ ശിക്ഷിക്കപ്പെടുന്നു. അതിനുശേഷം, രാജകുമാരനും യഥാർത്ഥ രാജകുമാരിയും വിവാഹിതരായി അവരുടെ രാജ്യത്ത് വർഷങ്ങളോളം വാഴുന്നു.
വ്യാജ വധുവിന്റെ കഥയുടെ സ്ഥാനത്ത്, നല്ല മനസ്സുള്ള രാജകുമാരിയെ അവളുടെ വീട്ടുജോലിക്കാരി പിടികൂടി ഒരു സാധാരണ വാത്ത വളർത്തൽകാരിയായി മാറ്റിയതായുള്ള കഥയും നിലവിലുണ്ട്. അമേരിക്കൻ പതിപ്പായ "ദി ഗോൾഡൻ ബ്രേസ്ലെറ്റ്" പോലുള്ള മറ്റ് AT-533 (ആർനെ-തോംസൺ-ഉതർ ഇൻക്സ്) കഥകൾക്ക് സമാനമാണിത്.[3]