ദിനത്തന്തി

ദിനത്തന്തി (Daily Thanthi) தினத்தந்தி
100x
തരംDaily newspaper
FormatBroadsheet
ഉടമസ്ഥ(ർ)Thanthi Trust
സ്ഥാപക(ർ)S. P. Adithanar
സ്ഥാപിതം1942 (1942)
ഭാഷTamil
ഔദ്യോഗിക വെബ്സൈറ്റ്http://www.dailythanthi.com

1942-ൽ മധുരയിൽനിന്നു പ്രസിദ്ധീകരണം ആരംഭിച്ച തമിഴ് ദിനപത്രമാണ് ദിനത്തന്തി. എസ്.പി. ആദിത്തനാർ ആണ് സ്ഥാപക പത്രാധിപർ. 1942-ൽ മധുരയിൽനിന്ന് തമിഴൻ എന്ന വാരികയും തന്തി എന്ന ദിനപത്രവുമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. വിദ്യാസമ്പന്നരുടെ കുത്തകയായിരുന്ന പത്രവായന സാധാരണക്കാരന്റേതായി മാറുക എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രത്യേക ശൈലിതന്നെ ആദിത്തനാർ വാർത്തെടുത്തു. വലിയ ടൈപ്പിലുള്ള അച്ചടി, സാധാരണ സംഭാഷണഭാഷയിലുള്ള അവതരണം, പ്രാദേശികവാർത്തകൾക്കു മുൻതൂക്കം, വാർത്തകൾ കുറച്ചാണെങ്കിലും വ്യക്തതയോടെ ഏവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വിവരണം, വലിയ തലക്കെട്ട്, ഉപശീർഷകങ്ങൾ, വാർത്താഗതിക്കിടയിൽ ഓരോ ഘട്ടത്തിനും പ്രത്യേകമായ കൊച്ചു ശീർഷകങ്ങൾ ഇതൊക്കെയായിരുന്നു തന്തിയുടെ സവിശേഷതകൾ.

സാധാരണക്കാരന്റെ പത്രം

[തിരുത്തുക]

തന്തി എന്ന പദത്തിന് കമ്പി (ടെലിഗ്രാഫ്) എന്നാണ് അർഥം. പേരുപോലെതന്നെ പത്രത്തിലെ വാർത്തകൾ ടെലിഗ്രാഫ് ഭാഷയിൽ ആയിരിക്കണമെന്ന് പത്രാധിപർക്കു നിർബന്ധമുണ്ടായിരുന്നു. അതിനായി പത്രലേഖകർക്ക് പ്രത്യേക പരിശീലനം നൽകുകയും പത്രലേഖകർക്കുവേണ്ടി നാൾ താൾ കൈയേട് എന്ന പേരിൽ ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ആരംഭിച്ച് ഒരു വർഷം കഴിഞ്ഞ് പ്രസിദ്ധീകരണം മധുരയിൽനിന്ന് മദ്രാസിലേക്കു മാറ്റി. തമിഴൻ വാരിക നിറുത്തി. ദിനപത്രത്തിന്റെ പേര് ദിനത്തന്തി എന്നാക്കി. ഇന്ന് തമിഴ്നാട്ടിലെ മിക്കവാറും എല്ലാ ജില്ലകളിൽനിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. സാധാരണക്കാരന്റെ പത്രം എന്ന നിലയിൽ വായനക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനമാണ് ദിനത്തന്തി അവകാശപ്പെടുന്നത്.

സവിശേഷതകൾ

[തിരുത്തുക]

സാധാരണക്കാർ ഇഷ്ടപ്പെടുന്ന ഈ പത്രത്തിന് നിരവധി സവിശേഷതകളുണ്ട്. കരുത്തുപടം എന്ന് തമിഴിൽ പറയുന്ന കാർട്ടൂൺ, വീരസാഹസിക കുറ്റാന്വേഷണ രീതികളിലുള്ള തുടർ ചിത്രകഥ, സാമൂഹ്യവിമർശനം ലക്ഷ്യംവച്ചുള്ള ആണ്ടിപ്പണ്ടാരം പാടുകിറാർ, രാഷ്ട്രീയവിമർശനം ലക്ഷ്യമാക്കിയുള്ള ചാണക്യൻ ചൊൽ കിറാർ എന്നീ സ്ഥിരം കാർട്ടൂൺ പംക്തികൾ ജനശ്രദ്ധ പിടിച്ചുപറ്റിയവയാണ്. ആഴ്ചയിലെ പകുതിയിലേറെ ദിവസങ്ങളിൽ ഞായിർമലർ, കുടുംബമലർ, തങ്കമലർ, വെള്ളിമലർ, ഇളൈഞ്ഞർമലർ, മുത്തുശ്ശരം എന്നിങ്ങനെ പ്രത്യേക പതിപ്പുകൾ ഉണ്ടായിരിക്കും.

1981-ൽ ആദിത്തനാർ അന്തരിച്ചശേഷം അദ്ദേഹത്തിന്റെ മകൻ ശിവന്തി ആദിത്തനാർ ആണ് പത്രത്തിന്റെ സാരഥ്യം വഹിക്കുന്നത്. മാലൈമലർ, നെല്ലൈമാല്ലൈമുരശ്, റാണി, റാണി മുത്തു, റാണി കോമിക്സ് തുടങ്ങിയ അനുബന്ധ പ്രസിദ്ധീകരണങ്ങളുമുണ്ട്.

പ്രചരണം

[തിരുത്തുക]

ദിനത്തന്തിയുടെ പ്രചരണം 2015 ജനുവരി - ജൂൺ 16,79,837 കോപ്പികൾ (ABC Jan to June):

Edition Average
ചെന്നൈ 4,90,662
മധുര 1,25,778
കോയമ്പത്തൂർ 1,18,470
വെല്ലൂർ 67,274
തിരുച്ചിറപള്ളി 1,00,758
തിരുനെൽവേലി 1,28,698
സലീം 1,22,967
കടലൂർ 66,370
ബാംഗലൂർ 63,211
പോണ്ടിച്ചേരി 29,047
ഈറോഡ് 55,914
നാഗർകോവിൽ 1,06,350
തഞ്ചാവൂർ 91,817
ദിണ്ഡുകൽ 51,815
തിരുപ്പൂർ 41,038
മുംബൈ 19,668

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദിനത്തന്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.