ദുശ്ശള


കൗരവരുടെ ഒരേയൊരു സഹോദരിയായിരുന്നു ദുശ്ശള. നൂറു സഹോദരന്മാരുടെ ഒരേ ഒരു പെങ്ങൾ. സുശള എന്നാണ് യഥാർത്ഥ നാമം. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും മകൾ. ദുശ്ശളയെ വിവാഹം കഴിച്ചത് സിന്ധുരാജാവായ ജയദ്രഥനാണ്. ജയദ്രഥൻ പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിയെ അപഹരിക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതുകൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271-ാം അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചുകാണുന്നുണ്ട്.

മരണവേളയിൽ ദുര്യോധനൻ വിലപിച്ചതും ദുശ്ശളയെ കുറിച്ചായിരുന്നു.

യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിനായി അർജുനൻ അശ്വത്തെ നയിച്ച് വിദർഭ ദേശത്തെത്തിയപ്പോൾ, ദുശ്ശളയുടെ പുത്രനായ സുരഥനും മറ്റു ചില യോദ്ധാക്കളും അശ്വത്തെ തടഞ്ഞു. അർജുനൻ അവരെ വധിച്ചു. വിവരമറിഞ്ഞ് ദുഃഖിതയായ ദുശ്ശള സുരഥന്റെ പിഞ്ചുകുഞ്ഞുമായി അർജുനന്റെ അടുത്തെത്തി. അവരുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ അർജുനൻ യുദ്ധം അവസാനിപ്പിക്കുകയും സുരഥന്റെ പുത്രനെ സിന്ധുരാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു എന്ന് മഹാഭാരതം അശ്വമേധപർവം 78-ഉം 89-ഉം അധ്യായങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.