കർത്താവ് | Christy Kunjumon |
---|---|
പരിഭാഷ | kunjumon V cherian |
ചിത്രരചയിതാവ് | noel kunjumon |
പുറംചട്ട സൃഷ്ടാവ് | riny kunjumon |
രാജ്യം | ഇന്ത്യ |
ഭാഷ | ബംഗാളി |
സാഹിത്യവിഭാഗം | നോയൽ |
പ്രസാധകർ | GCS |
പ്രസിദ്ധീകരിച്ച തിയതി | 30 June 1917 |
മാധ്യമം | Print (Hardback & Paperback) |
ISBN | NA |
ശരത്ചന്ദ്ര ചതോപാധ്യായയുടെ വിഖ്യാതമായ ബംഗാളി നോവലാണ് ദേവ്ദാസ്. 1917 ജൂൺ 30-നാണ് 'നഷ്ടപ്രണയത്തിന്റെ നിത്യഹരിതകാവ്യം' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവൽ പ്രസിദ്ധീകൃതമായത്. നോവലിനെ അവലംബിച്ച്, ഇതേ പേരിൽ നിരവധി ചലച്ചിത്രങ്ങൾ വിവിധ കാലയളവുകളിൽ പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്.
അതിനാടകീയതയാർന്ന ഇതിവൃത്തമാണ് ഇതിന്റേത്. എങ്കിലും വൈകാരികതീവ്രതയാൽ ഇത് ജനപ്രിയമായി. ഒരു ധനിക കുടുംബാംഗമായ ദേവദാസ് ആണ് നായകൻ; ദരിദ്രകുടുംബാംഗമായ പാർവതി നായികയും. ബാല്യകാലസഖികളായിരുന്ന അവർ യൗവനത്തിൽ ഗാഢപ്രണയത്തിലാകുന്നു. ജാതിയുടെ അതിരുകൾ പ്രണയത്തിന് പ്രതിബന്ധം തീർക്കുന്നു. വൃദ്ധനും വിഭാര്യനുമായ ഒരാൾക്ക് പാർവതിയെ വീട്ടുകാർ കല്യാണം കഴിച്ചു കൊടുക്കുന്നു. നിരാശനായ ദേവദാസ് നഗരത്തിലെത്തി മദ്യത്തിൽ ആശ്വാസം കണ്ടെത്തുന്നു. പിന്നീട് കൊട്ടാരനർത്തകിയായ ചന്ദ്രമുഖിയെ അയാൾ വരിക്കുന്നു. അമിതമദ്യപാനിയായ അയാളെ ചന്ദ്രമുഖി ഉപേക്ഷിക്കുമ്പോൾ തന്റെ യഥാർഥ കാമുകിയെത്തേടി ദേവദാസ് എത്തുന്നു. പക്ഷേ, പ്രണയിനിയുടെ വീടിന്റെ പടിവാതിൽക്കൽ അയാൾ മരിച്ചുവീഴുന്നു. തീവ്രപ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും ഒരു ഇന്ത്യൻ ബിംബം തന്നെയായി മാറിയ ദേവദാസിന്റെ കഥാസാരം ഇതാണ്.
ദേവദാസ് പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യൻസിനിമയിൽ വൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ നോവലിനെ ആധാരമാക്കിയെടുത്ത ആദ്യ ചലച്ചിത്രം 1928-ലാണ് പുറത്തുവന്നത്. നരേഷ് മിത്ര സംവിധാനം ചെയ്ത ആ ബംഗാളി നിശ്ശബ്ദ ചലച്ചിത്രത്തിന് നോവലിസ്റ്റ് തന്നെയാണ് തിരക്കഥയെഴുതിയത്. എങ്കിലും 1935-ൽ ന്യൂ തിയെറ്റേഴ്സ് ബംഗാളിയിലും ഹിന്ദിയിലുമായി നിർമിച്ച ദേവദാസ് ആണ് ഈ നോവലിനെ ആധാരമാക്കിയെടുത്ത അനശ്വര ചലച്ചിത്രം. പി.സി. ബറുവയാണ് സംവിധായകൻ. ഛായാഗ്രാഹകൻ ബിമൽ റോയ്. ബംഗാളിയിൽ പി.സി. ബറുവയും യമുനയുമായിരുന്നു നായകനും നായികയും. ഹിന്ദിയിൽ അനശ്വരനടനും ഗായകനുമായ കെ.എൽ. സൈഗാളായിരുന്നു ദേവദാസ്; രാജ്കുമാരി പാർവതിയും. സൈഗാളിന്റെ അതുല്യമായ അഭിനയപാടവത്താലും ഹൃദയസ്പർശിയായ ആലാപനമികവിനാലും ദേവദാസ് വൻ ജനപ്രീതി നേടുകയുണ്ടായി. ഒട്ടനവധി ചിത്രങ്ങൾ പില്ക്കാലത്തു വന്നിട്ടുണ്ടെങ്കിലും ഇന്നും ജനഹൃദയങ്ങളിൽ സൈഗാൾതന്നെയാണ് ദേവദാസ്. അത്രയ്ക്കു തന്മയീഭാവമാർന്ന അഭിനയമാണ് അദ്ദേഹം ഇതിൽ കാഴ്ചവച്ചത്. 'ദുഃഖ് കേ ദിൻ അബ് ...' എന്നു തുടങ്ങുന്ന സൈഗാളിന്റെ പ്രശസ്ത ഗാനം ഈ ചിത്രത്തിലേതാണ്.
അതിമനോഹരമായ ഛായാഗ്രഹണമായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗ്രീൻ ഫിൽറ്ററുകൾ ഉപയോഗിച്ചും സവിശേഷ ദീപവിതാനരീതി സ്വീകരിച്ചും ചലനാത്മകമായ ഒരു ഛായാഗ്രഹണശൈലി ഇതിലൂടെ അവതരിപ്പിക്കപ്പെട്ടു. സിനിമാറ്റോഗ്രഫിയെക്കുറിച്ചുള്ള ക്ളാസ്സുകളെടുക്കാൻ ഋത്വിക് ഘട്ടക്ക് പലപ്പോഴും ഉപജീവിച്ചിട്ടുള്ളത് ഈ ചിത്രത്തെയാണ്.
1936-ൽ പി.വി. റാവു ഇത് തമിഴ് ചലച്ചിത്രമാക്കി. തെലുഗുവിൽ വേദാന്തം രാഘവയ്യയും നാഗേശ്വര റാവുവും ചേർന്ന് 1953-ൽ ദേവദാസ് അവതരിപ്പിച്ചു. പില്ക്കാല ഹിന്ദിസിനിമയിൽ രണ്ടുവട്ടംകൂടി ദേവദാസ് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. പി.സി. ബറുവയുടെ സ്മരണയ്ക്കായി ബിമൽ റോയി 1955-ൽ വീണ്ടും ദേവദാസ് സംവിധാനം ചെയ്തതാണ് ഇതിൽ ആദ്യത്തേത്. ദിലീപ് കുമാറിന്റെ നായകവേഷമായിരുന്നു ഇതിന്റെ മുഖ്യ സവിശേഷത. 1974-ൽ ദിലീപ് റോയിയും ഹിന്ദിയിൽ ദേവദാസ് നിർമിച്ചിട്ടുണ്ട്. 1974-ൽ വിജയനിർമ്മലയും ഇതേ പേരിൽ തെലുഗുവിൽ ചിത്രം നിർമ്മിക്കുകയുണ്ടായി. 1989-ൽ ക്രോസ്ബെൽറ്റ് മണിയാണ് മലയാളസിനിമയിൽ ദേവദാസ് അവതരിപ്പിച്ചത്.
സഞ്ജയ് ലീല ഭൻസാലിയുടെ 2002-ലെ സൃഷ്ടിയാണ് മറ്റൊരു നാഴികക്കല്ല്. ഷാരൂഖ് ഖാനും ഐശ്വര്യ റായിയും മാധുരി ദീക്ഷിതും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അന്നുവരെയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവുമധികം തുക മുടക്കി നിർമിച്ചതായിരുന്നു. 50 കോടിയായിരുന്നു അതിന്റെ നിർമ്മാണച്ചെലവ്. കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരേതരവിഭാഗത്തിൽ ഇത് പ്രദർശിപ്പിക്കുകയുണ്ടായി.
പ്യാസ, ഫിർ സുബഹ് ഹോഗി, കാഗസ് കീ ഫൂൽ തുടങ്ങിയ ജനപ്രിയചിത്രങ്ങളുടെ പ്രചോദനവും ദേവദാസ് ആയിരുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദേവദാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |