മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനും, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു നാഗ്‌നാഥ് നായിക്‌വാഡി(1922-2012)[1]. "ക്രാന്തിവീർ നാഗ്‌നാഥ് അണ്ണാ" എന്ന പേരിൽ അറിയപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ കാലത്ത് നാനാ പാട്ടീലിന്റെ സഹപ്രവർത്തകനായിരുന്നു. അവർ മഹാരാഷ്ട്രയിലെ സത്താറ-സാംഗ്ലി മേഖലയിൽ ഒരു സമാന്തര സർക്കാർ സ്ഥാപിച്ച് ബ്രിട്ടീഷുകാർക്കെതിരായി സായുധ പോരാട്ടത്തിൽ മുഴുകി[2]. ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം, അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മഹാരാഷ്ട്ര നിയമസഭയിൽ സാംഗ്ലിയെ പ്രതിനിധീകരിച്ചു[3]. രാജ്യത്തിന് നൽകിയ സംഭാവനകൾ മാനിച്ച് 2009 ൽ ഭാരതസർക്കാർ അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു[4].
1922 ജൂലൈ 15 ന് മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ വാൽവ ഗ്രാമത്തിൽ രാമചന്ദ്ര ഗണപതി നായിക്വാഡി, ലക്ഷ്മി ബായി എന്നിവരുടെ മകനായി ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്[5]. വാൽവ, അഷ്ട എന്നിവടങ്ങളിലെ പ്രാദേശിക വിദ്യാലയങ്ങളിലെ പ്രാതമിക വിദ്യാഭ്യാസത്തിന് ശേഷം, കോലാപൂരിലെ രാജാറാം ഹൈസ്കൂളിൽ ചേർന്ന അദ്ദേഹം 1948 ൽ മെട്രിക്കുലേഷൻ പാസ്സായി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനായി തിരിച്ചത് മൂലം പഠനത്തിൽ ഒരു ഇടവേളയും വന്നിരുന്നു. പിന്നീട് അദ്ദേഹം രാജാറാം കോളേജിൽ ഉന്നത പഠനത്തിനായി ചേർന്നു. ഈ കാലയളവിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും, സ്വാതന്ത്ര്യ പ്രവർത്തകരുടെ ഒരു സംഘടനയായ രാഷ്ട്ര സേവാ ദളിൽ ചേർന്ന അദ്ദേഹം നാനാ പാട്ടീലിന്റെ അടുത്ത സഹപ്രവർത്തകനായി മാറുകയും ചെയ്തു[6].
1940 കളുടെ തുടക്കത്തിൽ, അദ്ദേഹവും സഹപ്രവർത്തകരും ബ്രിട്ടീഷ് ഭരണത്തിനെതിരായി സായുധ സമരത്തിലേർപ്പെട്ടിരുന്നു. പ്രസ്ഥാനത്തിന് പണം സ്വരൂപിക്കാനായി അദ്ദേഹത്തിന്റെ സംഘം ധൂലെയിലെ ഒരു ഗവൺമെന്റ് ട്രഷറി കൊള്ളയടിക്കുകയും ഹൈദരാബാദിലെ നൈസാമിനെതിരായ കലാപത്തെ പിന്തുണക്കുകയും ചെയ്തു[3]. ബ്രിട്ടീഷ് പോലീസുമായി നേരിട്ട ഏറ്റുമുട്ടലുകളിൽ ഒന്നിൽ അദ്ദേഹത്തിന് വെടിയേറ്റ് പരിക്കുപറ്റുകയും സത്താറ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. അവിടെനിന്ന് ജയിൽ ചാടി തന്റെ സഹപ്രവർത്തകർക്കൊപ്പം രക്ഷപെട്ടു. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചു എങ്കിലും നാഗ്നാഥ് നാലു വർഷക്കാലം പിടിക്കപ്പെടാതെ ഒളിവിൽ കഴിഞ്ഞു[2] . 1943-ൽ നാനാ പാട്ടീൽ, കിസാൻറാവു ആഹിർ തുടങ്ങിയവർക്കൊപ്പം “പ്രതി-സർക്കാർ” എന്ന സമാന്തര സർക്കാർ പ്രഖ്യാപിച്ചു. ഈ സർക്കാർ സത്താറ, സംഗ്ലി എന്നിവ ഉൾപ്പെടുന്ന പശ്ചിമ മഹാരാഷ്ട്രയിലെ 150 ഗ്രാമങ്ങളിൽ പ്രവർത്തിച്ചു[3].
1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം സാമൂഹ്യപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു[7][8][9]. 1950-ൽ കുസും എന്നു പേരായ യുവതിയെ വിവാഹം ചെയ്തു. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1957 ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. 1962 വരെ നിയമസഭാംഗമായിരുന്നു. അതിന്റെ കാലാവധി കഴിഞ്ഞതോടെ അദ്ദേഹം തന്റെ സാമൂഹിക പ്രവർത്തനത്തിൽ തിരിച്ചെത്തി. ജിജമാതാ വിദ്യാലയവും സാവിത്രിബാ ഫൂലെ ഗേൾസ് ഹോസ്റ്റലും സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ അടുത്ത രണ്ടു ദശാബ്ദങ്ങൾ സഹകരണ പ്രസ്ഥാനവും കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1972 ൽ കിസാൻ ലിഫ്റ്റ് ഇറിഗേഷൻ സ്കീം നടപ്പിലാക്കുകയും, 1984 ൽ ഹുതാത്മ കിസൻ ആഹിർ സഹകാരി സാഖർ കാർഖാനാ (പഞ്ചസാര ഫാക്ടറി) സ്ഥാപിക്കുകയും ചെയ്തു. ഇതിനിടയിൽ അദ്ദേഹം ഒരു അസംബ്ലി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടു[10]. ലാത്തൂർ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വരൾച്ച ബാധിത പ്രദേശങ്ങളിൽ “പാനി പരിഷദ്” സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു.
മുംബൈയിലെ ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലിൽ 22 മാർച്ച് 2012 ന് അദ്ദേഹം അന്തരിച്ചു. വൈഭവ്, കിരൺ എന്നീ രണ്ട് ആൺമക്കളും, വിശാഖ, പ്രഗതി എന്നീ രണ്ട് പെൺമക്കളും ആണുള്ളത്.
2008-ൽ ശിവാജി യൂണിവേഴ്സിറ്റി ഡിലിറ്റ് ബഹുമതി നൽകി ആദരിച്ചു. 2009 ൽ പത്മഭൂഷൺ സിവിലിയൻ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 150 ദശലക്ഷം രൂപ ചെലവിൽ മഹാരാഷ്ട്ര സർക്കാർ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു സ്മാരകം നിർമ്മിച്ചിട്ടുണ്ട്. 18000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കെട്ടിടത്തിൽ ഒരു ഹാളും മ്യൂസിയവും ഉണ്ട്.