നാരായൺ ദേശായി | |
---|---|
![]() നാരായൺ ദേശായി | |
ജനനം | |
മരണം | സൂറത്ത്, ഗുജറാത്ത് | മാർച്ച് 15, 2015
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | ഗാന്ധിയൻ, എഴുത്തുകാരൻ |
ജീവിതപങ്കാളി | ഉത്തര ചൗധരി |
കുട്ടികൾ | നചികേത സംഘമിത്ര അഫ്ലൂതൂൺ |
ഗാന്ധിജിയുടെ സെക്രട്ടറിയും എഴുത്തുകാരനുമായിരുന്നു നാരായൺ ദേശായി. ഗുജറാത്ത് വിദ്യാപീഠത്തിന്റെ മുൻ ചാൻസലറായിരുന്നു. രാജ്യമെമ്പാടും സഞ്ചരിച്ച് 'ഗാന്ധികഥ' പറച്ചിൽ വഴി ഗാന്ധിജിയെ പുതിയതലമുറയ്ക്ക് കൂടുതൽ പരിചിതനാക്കി. യുദ്ധവിരുദ്ധപ്രസ്ഥാനമായ വാർ റെസിസ്റ്റേഴ്‌സ് ഇന്റർനാഷണലിന്റെ അധ്യക്ഷനായിരുന്നു. ഗാന്ധിജിയുടെ ജീവിതവും തത്ത്വചിന്തയും കൃതികളും ആധാരമാക്കി രചിച്ച കൃതിക്ക് ഭാരതീയ ജ്ഞാനപീഠസമിതി നൽകുന്ന മൂർത്തിദേവി പുരസ്‌കാരം 2004 ൽ ലഭിച്ചു.[1]
1924 ഡിസംബർ 24-ന് ഗുജറാത്തിലെ വൽസാഡിൽ ജനിച്ചു. മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും ജീവചരിത്രകാരനുമായ മഹാദേവ് ദേശായിയുടെ മകനാണ്. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിലും വാർധയിലെ സേവാഗ്രാമിലുമായിരുന്നു ബാല്യം. 1942 ആഗസ്ത് 15-ന് മഹാദേവ് ദേശായി അന്തരിച്ചപ്പോൾ ഗാന്ധിജിയുടെ സെക്രട്ടറിയായി. വിനോബഭാവെയുടെ ഭൂദാനപ്രസ്ഥാനത്തിനു വേണ്ടി ഗുജറാത്തിലങ്ങോളമിങ്ങോളം കാൽനടയായി സഞ്ചരിച്ചു. ഭൂദാനപ്രസ്ഥാനത്തിന്റെ മുഖപത്രമായ 'ഭൂമിപുത്ര' സ്ഥാപിച്ചു. 1959 വരെ അതിന്റെ പത്രാധിപരുമായിരുന്നു. വിനോബഭാവെ സ്ഥാപിക്കുകയും ജയപ്രകാശ് നാരായൺ നയിക്കുകയുംചെയ്ത അഖിലഭാരതീയ ശാന്തിസേനാമണ്ഡലിന്റെ പ്രവർത്തകനായിരുന്നു. ജയപ്രകാശ് നാരായണനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ദേശായി, അടിയന്തരാവസ്ഥക്കെതിരെയുള്ള കാമ്പയിനുകളിൽ സജീവമായി. സംഘർഷങ്ങൾക്ക് അഹിംസാമാർഗ്ഗത്തിലൂടെ പരിഹാരംകാണാൻ ശ്രമിക്കുന്ന അന്താരാഷ്ട്രപ്രസ്ഥാനമായ പീസ് ബ്രിഗേഡ്‌സ് ഇന്റർനാഷണലിന്റെ സ്ഥാപനത്തിൽ പങ്കുവഹിച്ചു.