നാരായൺഹിതി കൊട്ടാരം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നഗരം | കാഠ്മണ്ഡു |
രാജ്യം | നേപ്പാൾ |
നിർമ്മാണം ആരംഭിച്ച ദിവസം | 1963 എ.ഡി. |
ഇടപാടുകാരൻ | Dhokal Singh Basnyat,King Mahendra, Bir Shumsher JBR |
ഉടമസ്ഥത | നേപ്പാൾ ഭരണകൂടം |
സാങ്കേതിക വിവരങ്ങൾ | |
Structural system | ഇഷ്ടികയും കുമ്മായവും |
Size | 38 ഹെക്ടർ (94 ഏക്കർ) or 753 ropanis |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ബഞ്ചമിൻ പോക്ക് |
നേപ്പാൾ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു നാരായൺഹിതി കൊട്ടാരം അഥവാ നാരായൺഹിതി ദർബാർ (നേപ്പാളി : नारायणहिटी दरवार). നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. രാജഭരണകാലത്ത് രാജാവും കുടുംബവും താമസിച്ചിരുന്നതും ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നതും ഈ കൊട്ടാരത്തിൽ വച്ചായിരുന്നു.[1][2][3] 1963-ൽ മഹേന്ദ്ര രാജാവാണ് ഇപ്പോഴുള്ള കൊട്ടാരം പണികഴിപ്പിച്ചത്. രാജഭരണം അവസാനിച്ചതോടെ നേപ്പാൾ ഭരണകൂടം കൊട്ടാരം ഏറ്റെടുക്കുകയും ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. ഇവിടെയുള്ള രാജകീയ വസ്തുക്കളും കെട്ടിടസമുച്ചയങ്ങളും ഉദ്യാനങ്ങളും കാണുവാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നു.[4]
'നാരായൺ' എന്ന വാക്ക് ഹിന്ദു ദൈവമായ മഹാവിഷ്ണുവിന്റെ മറ്റൊരു പേരാണ്. കൊട്ടാരത്തിനു സമീപം ഒരു വിഷ്ണു ക്ഷേത്രവുമുണ്ട്. ജലം പുറത്തേക്കു പോകുന്നതിനുള്ള ഓവുചാലിനെയാണ് നേപ്പാളി ഭാഷയിൽ 'ഹിതി' എന്നുപറയുന്നത്. കൊട്ടാരത്തിന്റെ കിഴക്ക് വശത്തായി ഒരു ഓവുചാലുണ്ട്. നേപ്പാളിന്റെ ഇതിഹാസ കഥകളിൽ ഓവുചാലുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
നാരായൺ ഹിതി കൊട്ടാരം നിലനിൽക്കുന്ന സ്ഥലത്ത് മുമ്പ് മറ്റൊരു കൊട്ടാരമുണ്ടായിരുന്നു. നേപ്പാളിന്റെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന ഫത്തേ ജുങ് ഷാ (Fateh Jung Sha)യും കുടുംബവുമാണ് പഴയ കൊട്ടാരത്തിൽ താമസിച്ചിരുന്നത്.[4] ഷാ ഭരണകാലത്തു തന്നെ കൊട്ടാരം നിലനിൽക്കുന്ന സ്ഥലത്ത് ബസന്യാത് കുടുംബം താമസിച്ചിരുന്നു. കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ദോകാൽ സിങ് ബസന്യാതിന്റെ കൈയിൽ നിന്നാണ് ഈ സ്ഥലം ഫത്തേ ജുംഗ് ഷായ്ക്ക് ലഭിച്ചത്. 1846 സെപ്റ്റംബർ 19-ന് നടന്ന കൂട്ടക്കൊലയിൽ ഫത്തേ ജുംഗ് ഷായും അദ്ദേഹത്തിന്റെ പിതാവ് ചൗധരീയ പ്രാൺ ഷായും കൊല്ലപ്പെട്ടു. സഹോദരന്മാരെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്തു. അതിനുശേഷം രണോഡിപ് സിങ് കുൻവാർ (Ranodip Singh Kunwar) കൊട്ടാരം പിടിച്ചെടുത്തു. അദ്ദേഹം കൊട്ടാരത്തിന്റെ പല ഭാഗങ്ങളും പുനർനിർമ്മിച്ച് മോഡി കൂട്ടി. 1885-ൽ രണോഡിപ് സിങ്ങിന്റെ അനന്തരവൻമാരായ സുംഷെർ സഹോദരന്മാർ (ഖഡ്ഗ സുംഷെർ, ചന്ദ്ര സുംഷെർ, ഡുംബർ സുംഷെർ) അദ്ദേഹത്തെ വധിച്ച് കൊട്ടാരം സ്വന്തമാക്കി.[5] അങ്ങനെ നിരവധി രാജാക്കന്മാർ കൊട്ടാരത്തിന്റെ അവകാശികളായിക്കൊണ്ടിരുന്നു.
1885 നവംബർ 22-ന് അധികാരമേറ്റ ബീർ ഷംഷെർ ജുംഗ് ബഹാദൂർ റാണ ഇവിടെ മറ്റൊരു കൊട്ടാരം നിർമ്മിച്ചു. അദ്ദേഹമാണ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി ഹനുമാൻ ധോക്ക ദർബാറിൽ നിന്നും ഈ കൊട്ടാരത്തിലേക്കു മാറ്റിയത്.
1934-ൽ നേപ്പാളിലും ബീഹാറിലും ഉണ്ടായ ഭൂകമ്പത്തിൽ കൊട്ടാരത്തിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ത്രിഭുവൻ രാജകുമാരന്റെ രണ്ടു പുത്രിമാരും ഈ അപകടത്തിൽ കൊല്ലപ്പെട്ടു. വാസ്തുശിൽപിയായ സൂര്യ ജങ് ഥാപ്പ കൊട്ടാരത്തിന്റെ കേടുപാടുകൾ പരിഹരിച്ച് ഒരു നടപ്പന്തലും പടിക്കെട്ടും നിർമ്മിച്ചു.[6]
1963-ൽ മഹേന്ദ്ര രാജാവ് പഴയ കൊട്ടാരം പൊളിച്ചുകളഞ്ഞ് പുതിയതു നിർമ്മിക്കുവാൻ ഉത്തരവിട്ടു. കാലിഫോർണിയൻ വാസ്തുശിൽപി ബഞ്ചമിൻ പോക്ക് (Benjamin Polk) നേപ്പാളി ശൈലിയിൽ രൂപകൽപ്പന ചെയ്ത[7][8] കൊട്ടാരത്തിന്റെ നിർമ്മാണം 1969-ൽ പൂർത്തിയായി. 1970 ഫെബ്രുവരി 27-ന് ബീരേന്ദ്ര രാജകുമാരന്റെ വിവാഹവേളയിലാണ് കൊട്ടാരത്തിന്റെ പ്രവേശന ചടങ്ങു നടന്നത്.[8]
52 മുറികളുള്ള നാരായൺഹിതി കൊട്ടാരം 3794 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. കൊട്ടാരത്തിലെ മുറികളെ 'സദൻ' എന്നാണ് പറയുന്നത്. നേപ്പാളിലെ ജില്ലകളുടെ പേരാണ് മുറികൾക്കു നൽകിയിരിക്കുന്നത്. കൊട്ടാരത്തിന്റെ പ്രധാന ഹാളിന് കസ്കി ജില്ലയുടെ പേരു കൊടുത്തിരിക്കുന്നു. ഇവിടെ രണ്ടു കടുവകളുടെ സമീപം മഹേന്ദ്ര രാജാവും ബീരേന്ദ്ര രാജാവും നിൽക്കുന്ന വിധമുള്ള വലിയ വലിയ പ്രതിമയുണ്ട്. കസ്കി സദന്റെ മുന്നിലുള്ള ഗൗരിശങ്കർ കവാടത്തിൽ വച്ചാണ് മുമ്പ് പ്രധാനമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്നിരുന്നത്. സഭാകാര്യങ്ങൾ ചർച്ച ചെയ്തിരുന്ന ധനുഷ ബൈഠക് ഹാളിലാണ് രാജാവ് ജനങ്ങൾക്കു ദർശനം നൽകിയിരുന്നത്. കൊട്ടാരത്തിനുള്ളിൽ നേപ്പാൾ ഭരണാധികാരികളുടെയും ഹിന്ദു ദൈവങ്ങളുടെയും ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രത്നക്കല്ലുകൾ കൊണ്ട് അലങ്കരിച്ച സിംഹാസനമാണ് ഇവിടുത്തെ പ്രധാന ആകർഷണം.[9]
1972-ൽ മഹേന്ദ്ര രാജാവ് നാരായൺ ഹിതി കൊട്ടാരം 7 കോടി നേപ്പാളി രൂപയ്ക്ക് സർക്കാരിനു വിട്ടുകൊടുത്തു. 2001-ൽ ഈ കൊട്ടാരത്തിൽ വച്ചാണ് നേപ്പാൾ രാജകുടുംബത്തെ കൂട്ടക്കൊല ചെയ്തത്. ഈ കൂട്ടക്കൊലയിൽ ബീരേന്ദ്ര രാജാവും കുടുംബവും കൊല്ലപ്പെട്ടു. 2006-ൽ രാജഭരണം അവസാനിക്കുകയും നേപ്പാൾ ഒരു റിപ്പബ്ലിക് രാജ്യമായി മാറുകയും ചെയ്തു. അവസാനത്തെ ഭരണാധികാരിയായിരുന്ന ഗ്യാനേന്ദ്ര രാജാവിനെ പുറത്താക്കി കൊട്ടാരം സർക്കാർ ഏറ്റെടുത്തു.[10]
{{cite book}}
: Check date values in: |access-date=
(help)CS1 maint: unrecognized language (link)
{{cite book}}
: CS1 maint: unrecognized language (link)