![]() Artist's concept of the NASA-ISRO Synthetic Aperture Radar (NISAR) satellite in orbit. | |
ദൗത്യത്തിന്റെ തരം | Radar imaging |
---|---|
ഓപ്പറേറ്റർ | NASA · ISRO |
വെബ്സൈറ്റ് | nisar sac |
ദൗത്യദൈർഘ്യം | Three years[1][2] |
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
ബസ് | I-3K[3] |
നിർമ്മാതാവ് | ISRO |
വിക്ഷേപണസമയത്തെ പിണ്ഡം | 2,800 കി.ഗ്രാം (6,200 lb)[4] |
ഊർജ്ജം | 6,500 W |
ദൗത്യത്തിന്റെ തുടക്കം | |
വിക്ഷേപണത്തിയതി | Planned: 2021 [5] |
റോക്കറ്റ് | Geosynchronous Satellite Launch Vehicle Mark-II (4 meter fairing)[3] |
വിക്ഷേപണത്തറ | Satish Dhawan Space Center |
പരിക്രമണ സവിശേഷതകൾ | |
Reference system | Geocentric[1] |
Regime | Low-Earth, Sun-synchronous[6] |
Inclination | 98.5° [6] |
ട്രാൻസ്പോണ്ടറുകൾ | |
ബാൻഡ് | Ka band |
ഐ.എസ്.ആർ.ഒ (ISRO) യും നാസയും ചേർന്ന് 2021 ൽ ഇന്ത്യൻ റോക്കറ്റായ GSLV Mk IIൽ വിക്ഷേപിക്കുന്ന ലോകത്തിലെ ആദ്യ റഡാർ ഇമേജിംഗ് സാറ്റലൈറ്റാണ് നിസാർ (Nasa‐Isro Synthetic Aperture Radar ‐NISAR). ഇരട്ട ഫ്രീക്വൻസ്വിയിൽ, ഏറ്റവും നവീനമായ റഡാർ സാങ്കേതികവിദ്യയിലാണ് നിസാർ പ്രവർത്തിക്കുന്നത്. ഇരട്ട ആവൃത്തി ഉപയോഗിക്കുന്ന ആദ്യത്തെ റഡാർ ഇമേജിംഗ് ഉപഗ്രഹമായിരിക്കും നിസാർ. വിദൂര സംവേദനം, ഭൗമനിരീക്ഷണം എന്നിവയ്ക്കും ഇത് ഉപയോഗിക്കും. ഭൂവൽക്കം (crust) പരിണമിച്ചുണ്ടായതിനെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ വിവരങ്ങൾ നിസാർ ശേഖരിക്കും. ഭൗമാന്തർഭാഗത്ത് നടക്കുന്ന സംവഹന പ്രവർത്തനങ്ങളെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും കൂടുതൽ വിശ്വസനീയമായ വിവരങ്ങൾ നൽകാൻ നിസാറിന് കഴിയും.
മൊത്തം ചെലവ് 1.5 ബില്യൺ യുഎസ് ഡോളർ ആയി കണക്കാക്കപ്പെടുന്ന നിസാർ ലോകത്തിലെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് ഉപഗ്രഹമായിരിക്കുമെന്ന് കരുതപ്പെടുന്നു.
ലക്ഷ്യസ്ഥാനത്തേക്ക് റേഡിയോ സിഗ്നലുകൾ അയക്കുകയും പ്രതിഫലിച്ചു വരുന്ന തരംഗങ്ങളിലുണ്ടാകുന്ന ആന്ദോളനങ്ങൾ കൃത്യമായി കണക്കുകൂട്ടിയുമാണ് ഭൂപ്രദേശത്തിന്റെ സമഗ്രമായ ചിത്രം നിർമ്മിക്കുന്നത്. ഇങ്ങനെ പ്രതിഫലിച്ചു വരുന്ന അനുപ്രസ്ഥ തരംഗങ്ങൾക്കുണ്ടാകുന്ന അപശ്രുതി അളക്കുന്നതുവഴി ഭൂകമ്പം, സുനാമി, അഗ്നിപർവത സ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ മുൻകൂട്ടി കണ്ടെത്താൻ കഴിയും. മുൻകരുതലുകളെടുക്കാൻ അത് സഹായകരമാവും.
സൂര്യകേന്ദ്രീകൃത ഭ്രമണ പഥത്തിലാണ് (sun synchronous orbit) പേടകത്തെ നിലനിർത്തുന്നത്. മൂന്ന് വർഷമാണ് ദൗത്യകാലാവധി. സ്പേസ് ക്രാഫ്റ്റിന്റെ ഡിസൈനിങ് ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞർ നേരത്തെ തന്നെ നിർവഹിച്ചിരുന്നു. നാസ ഈ ഡിസൈൻ അംഗീകരിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത റഡാർ ഉപയോഗിച്ച് ഭൂമുഖത്തെ ഓരോ സെന്റീമീറ്ററും സ്കാൻ ചെയ്യാൻ കഴിയുന്ന നിസാറിന് അവിടെയുണ്ടാകുന്ന ചെറിയ മാറ്റം പോലും കൃത്യമായി കണ്ടെത്താൻ കഴിയും. വിക്ഷേപിച്ചു കഴിയുമ്പോൾ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായിരിക്കും നിസാർ. നാസയുടെ മേധാവിയായ ചാൾസ് ബോൾഡൻ 2014 ജൂൺ 25 ന് ഐഎസ്ആർഒ യുടെ അഹമ്മദാബാദിലുള്ള സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ (SAC) സന്ദർശനം നടത്തിയപ്പോഴാണ് ഇത്തരമൊരു സംയുക്ത സംരംഭമെന്ന ആശയം മുന്നോട്ടുവെക്കുന്നത്.
2016] സെപ്തംബർ 30ന് ടൊറന്റോയിൽ ഒപ്പുവച്ച കരാർ പ്രകാരമാണ് നിസാറിന്റെ നിർമ്മാണ, നിയന്ത്രണ പ്രവർത്തനങ്ങൾക്കു ഔദ്യോഗിക അംഗീകാരമായത്. ഇതുപ്രകാരം സ്പേസ് ക്രാഫ്റ്റിന്റെ നിർമ്മാണം, വിക്ഷേപണ വാഹനം, ഒരു എസ്‐ബാൻഡ് സിന്തറ്റിക് അപെർചർ റഡാർ എന്നിവയുടെ നിർമ്മാണ ചുമതല ഐ എസ് ആർ ഒ ക്കാണ്. സ്പേസ് ക്രാഫ്റ്റിൽ ഉപയോഗിക്കുന്ന കമ്യൂണിക്കേഷൻ സബ്സിസ്റ്റം, ജിപിഎസ് റിസീവറുകൾ, റെക്കോർഡർ, ഡാറ്റാ സബ്സിസ്റ്റം പെലോഡ്, എൽ‐ബാൻഡ് സിന്തറ്റിക് അപെർചർ റഡാർ എന്നിവ നാസ നിർമിച്ചു നൽകും. ഇന്ത്യയിൽ നിന്നായിരിക്കും പേടകം വിക്ഷേപിക്കുക. പേടകത്തിന്റെ നിയന്ത്രണം ഐ എസ്ആർഒ യും നാസയും സംയുക്തമായി നിർവഹിക്കും.
വിദ്യുത് കാന്തിക വർണരാജിയിലെ നാല് വ്യത്യസ്ത വേവ് ബാൻഡുകളെയാണ് എൽ‐ബാൻഡ് എന്നതുകൊണ്ട് വ്യക്തമാക്കുന്നത്. 40 മുതൽ 60 ജിഗാ ഹെർട്സ് വരെ (NATO), 1 മുതൽ 2 ജിഗാ ഹെർട്സ് വരെ (IEEE), 1565 മുതൽ 1625 നാനോമീറ്റർവരെ (Optical), 3.5 മൈക്രോമീറ്റർ (Microwave) എന്നിവയാണവ.
വിദ്യുത്കാന്തിക സ്പെക്ട്രത്തിൽ മൈക്രോവേവ് ബാൻഡിന്റെ ഒരു ഭാഗമാണ് എസ്‐ബാൻഡ്. 2 മുതൽ 4 ജിഗാഹെർട്സ് വരെ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങളാണ് ഇതിൽ ഉൾക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥ പ്രവചനം, ജലഗതാഗതം എന്നിവയ്ക്കുപയോഗിക്കുന്ന റഡാർ ഫ്രീക്വൻസിക്ക് തുല്യമാണിത്. ഇത് കൂടാതെ വാർത്താവിനിമയ ഉപഗ്രഹങ്ങൾ, സ്പേസ് ഷട്ടിലുകൾ, ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ എന്നിവയിലും ഇതേ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്.
ഒരു ഭൂപ്രദേശത്തിന്റെ ചിത്രമെടുക്കാൻ ഉപയോഗിക്കുന്ന റഡാർ വകഭേദമാണ് സിന്തറ്റിക് അപെർചർ റഡാർ. വലിയൊരു ആന്റിനയുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. പരമ്പരാഗത ബീം‐സ്കാനിങ് റഡാർ സംവിധാനത്തിൽനിന്നും വ്യത്യസ്തമായി ഒരു വസ്തുവിന്റെയോ ഭൂപ്രദേശത്തിന്റേയോ വളരെ വ്യക്തമായ ചിത്രങ്ങൾ നിർമ്മിക്കാൻ ഈ സങ്കേതമുപയോഗിച്ച് സാധിക്കും. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതലത്തിലാണ് സാധാരണയായി ഇത്തരം റഡാറുകൾ സ്ഥാപിക്കുന്നത്. വിമാനമോ കൃത്രിമ ഉപഗ്രഹമോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാർശ്വവീക്ഷണ റഡാറിന്റെ (Side Looking Airborne Radar‐SLAR) നവീന രൂപമാണ് സിന്തറ്റിക് അപെർചർ റഡാർ.