നീല ചോളം ഹോപ്പി ചോളം എന്നും അറിയപ്പെടുന്നു. യെമീ ബ്ലൂ, താരാഹുമാര മൈസ് അസുൽ, റിയോ ഗ്രാൻഡെ ബ്ലൂ എന്നിവ ഇവയുടെ അറിയപ്പെടുന്ന മറ്റു പൊതുനാമങ്ങളാണ്. മെക്സിക്കോ, തെക്കുപടിഞ്ഞാറൻ ഐക്യനാടുകൾ, തെക്കുകിഴക്കൻ അമേരിക്ക എന്നിവിടങ്ങളിൽ ധാരാളമായി വളരുന്ന ഫ്ലിൻറ് കോണിൻറെ വിഭാഗത്തിൽപ്പെടുന്ന ഒരു ധാന്യം ആണ് നീല ചോളം.[1][2][3] റ്റ്ലകോയോ എന്നറിയപ്പെടുന്ന പരമ്പരാഗത തെക്കൻ, സെൻട്രൽ മെക്സിക്കൻ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പ്രധാന ധാന്യങ്ങളിൽ ഒന്നാണ് ഇത്.
ചെറോക്കീ, ഹോപ്പി എന്നീ ഗോത്രവർഗ്ഗക്കാരാണ് ആദ്യം ഇത് വികസിപ്പിച്ചത്[2] പിക്കി റൊട്ടി പോലെയുള്ള ഹോപ്പി വിഭവങ്ങളുടെ പ്രധാന ഭാഗമായി ഇത് അവശേഷിക്കുന്നു. നീല ചോള ധാന്യ ഭക്ഷണമായ ഇത് പൂർണ്ണമായും നീല ചോളത്തിൽ നിന്നുമുള്ളതാണ്. അതിനൊരു സ്വീറ്റ് ഫ്ലേവറുമുണ്ട്. ന്യൂമെക്സിക്കൻ വിഭവങ്ങളുടെ ഒരു പ്രധാന ഘടകമായ ഇത് ടോർട്ടില ഉണ്ടാക്കാൻ സാധാരണ ഉപയോഗിക്കുന്നു.[4]
1950 കളിൽ തിരിച്ചറിഞ്ഞ അഞ്ച് ഹോപി ബ്ലൂ കോൺ കൾട്ടിവറുകൾ സസ്യങ്ങളുടെ ഉയരം, വിത്തിന്റെ ഭാരം, വീതി, കനം എന്നിങ്ങനെ നിരവധി സ്വഭാവവിശേഷങ്ങളിൽ കാര്യമായ വ്യത്യാസങ്ങൾ കാണിച്ചു.[2] വ്യത്യസ്ത ഇനങ്ങൾക്ക് ഏകദേശം കറുപ്പ് മുതൽ നീല-ചാരനിറം വരെയുള്ള വർണ്ണ ശ്രേണികളുണ്ട്. "സ്റ്റാൻഡേർഡ്" നീല ("സക്വാക്കാവോ"), കടും നീല ("ഹുറസ്‌ക്വാപു"), ഗ്രേ-ബ്ലൂ ("മാസികാവോ") എന്നിവ അവയുടെ നിറത്തിൽനിന്ന് പേരു ഉത്ഭവിച്ചതെന്ന് അനുമാനിക്കുന്നു.[5]