ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയിൽ നടന്ന ഒരു സമരമാണ് നീൽ പ്രതിമ സത്യാഗ്രഹം (ഇംഗ്ലീഷ്: Neil statue Satyagraha). മദ്രാസിലെ മൗണ്ട് റോഡിൽ സ്ഥാപിച്ചിരുന്ന കേണൽ ജെയിംസ് നീലിന്റെ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടന്നത്.
മദ്രാസ് റെജിമെന്റിലെ ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് നീൽ 1857-ലെ ഇന്ത്യൻ കലാപം നടക്കുന്ന സമയത്ത് ലക്നൗ പിടിച്ചെടുക്കുന്നതിനുള്ള പോരാട്ടത്തിനിടയിൽ കൊല്ലപ്പെട്ടിരുന്നു. ലഹള അടിമച്ചമർത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ച ഈ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ 'അലഹബാദിലെ കശാപ്പുകാരൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി മദ്രാസിലെ മൗണ്ട് റോഡിൽ (ഇപ്പോഴത്തെ അണ്ണാ ശാലൈയിൽ) ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി. ഈ പ്രതിമ സ്ഥാപിക്കുന്ന സമയത്തു തന്നെ പല ദേശീയവാദികളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ് മഹാജനസഭയും ഇന്ത്യൻ നാഷണൽ കോൺഗ്രസും സമരം ആരംഭിച്ചു. തിരുനെൽവേലിയിലെ എസ്.എൻ. സോമയാജുലു ആണ് സമരത്തിനു നേതൃത്വം നൽകിയത്. സമരം ചെയ്തവരെ പോലീസ് അറസ്റ്റു ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. പലർക്കും ഒരു വർഷത്തെ കഠിന തടവുശിക്ഷ ലഭിച്ചിരുന്നു.
പ്രധാന നേതാക്കളായ സോമയാജലുവും സ്വാമിനാഥ മുതലിയാരും അറസ്റ്റിലായതോടെ 1927 സെപ്റ്റംബർ 27-ന് സമരത്തിന്റെ നേതൃത്വം കെ. കാമരാജ് ഏറ്റെടുത്തു. 1927-ൽ മദ്രാസിലെത്തിയ മഹാത്മാഗാന്ധി ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. നീലിന്റെ പ്രതിമ നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ പാസാക്കി. പക്ഷെ പ്രതിമ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങുന്നതിനു മുമ്പുതന്നെ സമരത്തിന്റെ ശക്തി കുറഞ്ഞുവന്നു. സൈമൺ കമ്മീഷനെതിരെയുള്ള പ്രതിഷേധ പരിപാടികൾ രാജ്യം മുഴുവൻ ആരംഭിച്ചതിനാൽ സമരക്കാരുടെ ശ്രദ്ധ അവിടേക്കു പതിഞ്ഞു. അതോടെ നീൽ പ്രതിമ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരം അവസാനിച്ചു.[1][2][3] നീലിന്റെ പ്രതിമ അവിടെത്തന്നെ നിന്നു.
കുറേക്കാലത്തിനു ശേഷം പ്രതിമ റിപ്പൺ ബിൾഡിംഗ് പരിസരത്തേക്കു മാറ്റി. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് അനുസരിച്ച് നടന്ന തിരഞ്ഞെടുപ്പിനു ശേഷം മദ്രാസിൽ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണസമിതി അധികാരത്തിലെത്തിയപ്പോൾ നീലിന്റെ പ്രതിമ മദ്രാസ് മ്യൂസിയത്തിലേക്കു മാറ്റി. ഈ മ്യൂസിയത്തിൽ ഇപ്പോഴും പ്രതിമ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.[1][4]
{{cite book}}
: Check |url=
value (help)