ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെ പുറത്താക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്ററായ ഷെയ്ൻ വോൺ എറിഞ്ഞ പന്താണ് നൂറ്റാണ്ടിന്റെ പന്ത് (Ball of the Century) എന്ന് അറിയപ്പെടുന്നത്. ഗേറ്റിംഗ് ബോൾ[1] എന്നും ആ പന്ത്[2] എന്നും ഇത് പരാമർശിക്കപ്പെടുന്നു.1993-ലെ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ, ഓൾഡ് ട്രാഫോർഡ് മൈതാനത്തിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് നൂറ്റാണ്ടിന്റെ പന്ത് എന്ന് അറിയപ്പെടുന്ന സംഭവമുണ്ടായത്.[3] എറിഞ്ഞ ആദ്യ പന്തിൽ തന്നെ വോൺ അത്ഭുതാവഹമായി ഗാറ്റിംഗിനെ ബൗൾഡാക്കി. ബ്രിട്ടീഷ് ടെലിവിഷന്റെ 2002-ൽ തെരഞ്ഞടുക്കപ്പെട്ട മികച്ച 100 കായിക നിമിഷങ്ങളിൽ 92-ആമത് സ്ഥാനം നൂറ്റാണ്ടിന്റെ പന്തിനാണ്.
വർണ്ണവിവേചന കാലത്ത് ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ ഇംഗ്ലീഷ് കളിക്കാരെ താൽക്കാലികമായി പുറത്താക്കി. ആ സംഭവത്തിനു ശേഷം ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കളിക്കാരായിരുന്നു 1993 ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനായി കളിച്ചത്. 1989 ലെ ആഷസ് പരമ്പര ഓസ്ട്രേലിയ നേടിയിരുന്നു. മികച്ചതല്ലാതിരുന്ന ഇംഗ്ലണ്ട് ടീമിനെതിരെ 1990-91 ലെ പരമ്പരയും അവർ നിഷ്പ്രയാസം ജയിച്ചു. ധാരാളം മികച്ച കളിക്കാരുടെ തിരിച്ചുവരവോടെ, 1993 ലെ പരമ്പര ഓസ്ട്രേലിയയിൽ നിന്നും തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്.
പരമ്പരാഗതമായി ഓൾഡ് ട്രാഫോർഡിലെ പിച്ച് സ്പിൻ ബൗളിംഗിനെ തുണക്കുന്നതാണ്. അതിനാൽ ഇംഗ്ലണ്ട് ടീമിൽ ഫിൽ ടഫ്നൽ, പുതുമുഖമായ പീറ്റർ സൿ എന്നീ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അതിനു വിപരീതമായി ഓസ്ട്രേലിയ, ടീമിൽ 3 ഫാസ്റ്റ് ബൗളർമാരെ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ പരിചയസമ്പന്നനല്ലാത്ത ഷെയ്ൻ വോണിനെ ഒരേയൊരു സ്പിന്നറായും ഉൾപ്പെടുത്തി. അതു വരെയുള്ള 11 മത്സരങ്ങളിൽ 30.80 ശരാശരിയിൽ 31 വിക്കറ്റുകൾ മാത്രമായിരുന്നു വോണിന്റെ സമ്പാദ്യം. അദ്ദേഹത്തിന്റെ കളിജീവിതത്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല്ല. മാത്രവുമല്ല, അദ്ദേഹത്തിന്റെ ബൗളിംഗ് ശൈലിയെ - ലെഗ് സ്പിന്നിനെ - ആധുനിക ക്രിക്കറ്റ് ലോകം അത്ര മികച്ചതായി കണ്ടിരുന്നില്ല. 1970 ലേയും 80 കളിലേയും വെസ്റ്റ് ഇൻഡ്യൻ ഫാസ്റ്റ് ബൗളർമാരുടെ പ്രഭാവം മൂലം ഫാസ്റ്റ് ബൗളിംഗ് ക്രിക്കറ്റ് ലോകത്തെ കീഴടക്കിയിരുന്നു.
ഇംഗ്ലണ്ട് നായകനായിരുന്ന ഗ്രഹാം ഗൂച്ച് ടോസ് നേടുകയും ബൗളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. പിച്ചിന്റെ ആനുകൂല്യം മുതലാക്കി ഓസ്ട്രേലിയൻ ബാറ്റിംഗിനെ മുട്ടുകുത്തിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഓസ്ട്രേലിയയുടെ മാർക്ക് ടെയ്‌ലർ ശതകം നേടിയെങ്കിലും 289 എന്ന ശരാശരി സ്കോറിന് ഓസ്ട്രേലിയ പുറത്തായി. ഇംഗ്ലണ്ടിന്റെയും തുടക്കം നല്ലതായിരുന്നു. മെർവ് ഹ്യൂസിന്റെ പന്തിൽ മൈക്ക് ആതർട്ടൺ പുറത്താകുന്നതിനിടയിൽ ഇംഗ്ലണ്ട് 71 റണ്ണുകൾ നേടിയിരുന്നു. അടുത്തതായി ബാറ്റ് ചെയ്യാൻ വന്നത് ഗാറ്റിംഗായിരുന്നു. അദ്ദേഹത്തിന്റെ തുടക്കം മികച്ചതായിരുന്നു. അദ്ദേഹം റണ്ണുകൾ നേടുന്നതിൽ സ്ഥിരത കൈവരിച്ചു വരികയായിരുന്നു. ആ സാഹചര്യത്തിൽ ഓസ്ട്രേലിയൻ നായകൻ അല്ലൻ ബോർഡർ തന്റെ ലെഗ് സ്പിന്നറായ വോണിനെ പരീക്ഷിച്ചു. സ്പിൻ ബൗളിംഗിനെ നേരിടുന്നതിൽ അതീവ വൈദഗ്ദ്യമുണ്ടായിരുന്ന ഗാറ്റിംഗ്, പരിചയസമ്പന്നനല്ലാത്ത വോണിന് ഒരു നല്ലതല്ലാത്ത ദിവസം നൽകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
ചെറിയൊരു റണ്ണപ്പിനു ശേഷം ഷെയ്ൻ വോൺ, വലം കൈ ബാറ്റ്സ്മാനായ ഗാറ്റിംഗിനെതിരെ തന്റെ വലതു കൈ ഒന്ന് തിരിച്ച് ഒരു ലെഗ് സ്പിൻ പന്ത് ബൗൾ ചെയ്തു. ആ പന്ത് തുടക്കത്തിൽ ബാറ്റ്സ്മാനു നേരെയാണ് സഞ്ചരിച്ചിരുന്നതെന്ന് സസൂക്ഷ്മം നിരീക്ഷിച്ചാൽ കാണാമായിരുന്നു. അത് ബാറ്റ്സ്മാനെ സമീപിക്കും തോറും മാഗ്‌നസ് പ്രഭാവം മൂലം സ്പിൻ ചെയ്തു കൊണ്ട് വലത്തോട്ട് തിരിഞ്ഞുകൊണ്ടിരുന്നു. ലെഗ് സ്റ്റംപിനു പുറത്ത് കുറച്ച് ഇഞ്ചുകൾ അകലത്തിൽ ആ പന്ത് കുത്തി.
ഗാറ്റിംഗ് തന്റെ ഇടം കാൽ മുന്നോട്ട് കയറ്റി പന്ത് കുത്തുന്ന സ്ഥാനത്ത് വെച്ച് ബാറ്റ് തന്റെ പാഡിനോട് ചേർത്ത് ആ പന്തിനെതിരായി പ്രതികരിച്ചു. പരിചയസമ്പന്നരായ ബാറ്റ്സമാന്മാർ പ്രയോഗിക്കുന്ന നിലവാരമുള്ള ഒരു തന്ത്രമാണിത്. പന്ത് തന്റെ ബാറ്റിലോ പാഡിലോ തട്ടും എന്ന ഉദ്ദ്യേശത്തോടുകൂടിയാണ് ഈ തന്ത്രം പ്രയോഗിക്കുന്നത്. പന്ത് ലെഗ് സ്റ്റംപിനു പുറത്താണ് കുത്തിയത് എന്നതിനാൽ കാലിൽ കൊണ്ടാലും LBW നൽകാനാവില്ല. മാത്രവുമല്ല, പന്ത് കൂടുതലായി തിരിയുകയാണെങ്കിൽ ബാറ്റിൽ കൊണ്ട് സുരക്ഷിതമായി നിലം പതിക്കുകയും ചെയ്യും.
കുത്തി ഉയർന്ന ആ പന്ത്, ഗാറ്റിംഗ് വിചാരിച്ചതിലും കൂടുതൽ തിരിഞ്ഞു. ആ പന്ത് അദ്ദേഹത്തിന്റെ ബാറ്റിനേയും കടന്നുപോയി ഓഫ് സ്റ്റംപിലെ ബൈലിനെ താഴെയിട്ടു. ഗാറ്റിംഗ് ഒരു നിമിഷം പിച്ചിലേക്ക് സൂക്ഷിച്ചു നോക്കി നിന്നു പോയി. അതിനുശേഷം തന്റെ വിധിയെ അംഗീകരിച്ച് അദ്ദേഹം പവലിയനിലേക്ക് മടങ്ങി. ഗാറ്റിംഗ് തരിച്ചു നിന്ന ആ നിമിഷം സ്റ്റീവ് ലിൻഡ്‌സെൽ ക്യാമറയിൽ പകർത്തി. ഇയാൻ ഹീലി തന്റെ കൈകൾ മുകളിലേക്കുയർത്തി ആഘോഷിക്കുന്നതും തെറിച്ചു പോയ ബൈൽ അദ്ദേഹത്തിന്റെ തലക്കു മുകളിൽ നിൽക്കുന്നതും ആ ചിത്രത്തിൽ കാണാമായിരുന്നു.[4]
ഗാറ്റിംഗ് പുറത്താകുമ്പോൾ 80 റണ്ണുകൾക്ക് 2 വിക്കറ്റുകൾ എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ആ അവസ്ഥയിൽ നിന്നും അവർ ഒരിക്കലും കരകയറിയില്ല. സ്കോർബോർഡിൽ നാല് റണ്ണുകൾ കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ റോബിൻ സ്മിത്തിനേയും വോൺ പുറത്താക്കി. അതിനു ശേഷം ഗ്രഹാം ഗൂച്ചിന്റേയും ആൻഡി കാഡിക്കിന്റേയും വിക്കറ്റുകൾ കൂടി വോൺ സ്വന്തമാക്കി. അങ്ങനെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 210 റണ്ണുകളോടെ അവസാനിച്ചു. ബൗളിംഗിന്റെ ഊർജ്ജം ഉൾക്കൊണ്ട് ഓസ്ട്രേലിയ ബാറ്റ് ചെയ്തു. അവരുടെ രണ്ടാം ഇന്നിംഗ്സ് 432 റണ്ണുകൾക്ക് 5 വിക്കറ്റ് എന്ന നിലയിൽ അവർ അവസാനിപ്പിച്ചു. രണ്ടാം ഇന്നിംഗിലെ ബൗളിംഗിൽ ഷെയ്ൻ വോൺ നാലു വിക്കറ്റുകൾ കൂടി നേടി. ഓസ്ട്രേലിയ, മത്സരം 179 റണ്ണുകൾക്ക് വിജയിച്ചു. കളിയിൽ പ്രകടിപ്പിച്ച മികവുകൾക്ക് വോൺ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യ മത്സരം പരമ്പരയിലെ മറ്റു മത്സരങ്ങളുടെ ഒരു ചിത്രമായിരുന്നു. ഓസ്ട്രേലിയ പരമ്പര 4-1 ന് നേടി. 25.79 ശരാശരിയിൽ 34 വിക്കറ്റുകൾ ഷെയ്ൻ വോൺ ആ പരമ്പരയിൽ നേടി. ഓസ്ട്രേലിയയുടെ, പരമ്പരയിലെ കേമനായി ഷെയ്ൻ വോൺ തിരഞ്ഞെടുക്കപ്പെട്ടു. (ഓരോ ടീമിനും ഓരോ പരമ്പരയിലെ കേമൻ എന്ന രീതി ആഷസ് പരമ്പരയിൽ നിലവിലുണ്ട്.)
ലോകക്രിക്കറ്റിനെ അടക്കി വാണ ഓസ്ട്രേലിയൻ ടീമിന്റേയും കൂടാതെ വിജയകരമായ ഷെയ്ൻ വോണിന്റെ കളിജീവിതത്തിന്റേയും തുടക്കമായി ഈ പരമ്പര വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രശസ്തി സ്പിൻ ബൗളിംഗിനെ പ്രധാനമായും ലെഗ് സ്പിൻ ബൗളിംഗിനെ ക്രിക്കറ്റ് ലോകത്തെ പ്രശസ്തമായ കലയാക്കി മാറ്റി.
ഗാറ്റിംഗിനെ പുറത്താക്കിയ വോണിന്റെ ആ പന്ത് നൂറ്റാണ്ടിന്റെ പന്ത് എന്ന് അറിയപ്പെടാൻ തുടങ്ങി.[5] ആ സംഭവത്തിനു ശേഷം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളായി അദ്ദേഹത്തെ കണക്കാക്കാൻ തുടങ്ങി.
2005 ലെ ആഷസ് പരമ്പരയിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിനിടെ, ലെഗ് സ്പിൻ പന്തുകളെറിയുന്ന ഒരു യന്ത്രമുപയോഗിച്ച് ഗാറ്റിംഗ് നൂറ്റാണ്ടിന്റെ പന്ത് പുനർനിർമ്മിച്ചു.
2009 ൽ അയർലണ്ടിലെ ഒരു പോപ് ഗ്രൂപ്പ്, ഡക്ക് വർത്ത് ല്യൂയിസ് മെത്തേഡ് എന്നൊരു ആൽബം നിർമ്മിച്ചു. അതിലെ ജിഗ്ഗറി പോക്കറി എന്ന ഗാനം ഈ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.