സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതിചെയ്യുന്ന ഒരു രാജ്യമായ നെതർലന്റിലെ വെള്ളപ്പൊക്ക പ്രതിരോധം പ്രധാനമായും സാദ്ധ്യമാക്കുന്നത് സമുദ്രതീരത്തെ കരയുമായി വേർതിരിക്കുന്ന ഭിത്തികൾ, ചീർപ്പ്, ഡാമുകൾ എന്നിങ്ങനെ വിവിധങ്ങളായ ഉപാധികൾ മൂലമാണ്.[1] നെതർലന്റിലെ പ്രധാനനദികളായ റൈൻ, മ്യൂസ് എന്നിവയിലൂടെയുള്ള വെള്ളത്തിന്റെ തള്ളിക്കയറ്റം തടഞ്ഞുനിർത്താൻ ഭിത്തികൾ ഉപയോഗിക്കുന്നു. ചതുപ്പ് പ്രദേശങ്ങളിൽ കൃഷിയ്ക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി നിലമൊരുക്കുന്നതിന് ചാലുകൾ, കനാലുകൾ, കാറ്റാടിയന്ത്രം കൊണ്ട് പ്രവർത്തിക്കുന്ന പമ്പ് എന്നിവയാണ് ഉപയോഗിക്കുന്നത്. വെള്ളപ്പൊക്കക്കെടുതികളിൽ നിന്നും ശാശ്വത പരിഹാരം കാണുന്നതിനായി നെതർലന്റ് സർക്കാർ നദീതീരങ്ങളോട് അനുബന്ധിച്ച് പരിസ്ഥിതിക്ക് അനുകൂലമായ റൂം ഫോർ റിവർ എന്ന പേരിൽ ഒരു പദ്ധതി ആരംഭിക്കുകയും 2006 മുതൽ 2015 വരെ നീണ്ടുനിന്ന ഈ പദ്ധതി പ്രകാരം വെള്ളം ഒഴുകി കടലിൽ ചേരുന്നതിന് സുഗമമായ വഴിയൊരുക്കുകയും അതുവഴി വെള്ളപ്പൊക്കത്തിൽ നിന്നും താഴ്ന്ന പ്രദേശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.[2]