സൗരയൂഥേതരഗ്രഹങ്ങളെ പഠിക്കുന്നതിനു വേണ്ടി ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ദൂരദർശിനിയാണ് ന്യൂ മെക്സിക്കോ എക്സോപ്ലാനറ്റ് സ്പെക്ട്രോസ്കോപിക് സർവ്വേ ഇൻസ്ട്രുമെന്റ്(NESSI).[1][2] മൂന്നര ലക്ഷം ഡോളറാണ് ഇതിന്റെ നിർമ്മാണച്ചെലവ്. സൗരയൂഥേതരഗ്രഹങ്ങളെ പഠിക്കുന്നതിനു വേണ്ടി ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ആദ്യത്തെ ഉപകരണമാണിത്.[3] സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിൽ വളരെയേറെ സംഭാവനകൾ നൽകാൻ ഇതിനാകുമെന്ന് പ്രതീക്ഷിക്കുന്നു.[4]
ന്യൂ മെക്സിക്കോ ഇൻസ്റ്റിട്യൂട്ട് ഓഫ് മൈനിങ് ആന്റ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ മൈക്കേൽ ക്രീക്ക് ഈൿമാനാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.[4] അമേരിക്കയിലെ ഒരു പ്രവിശ്യയായ ന്യൂ മെക്സിക്കൊയിലെ സൊക്കോറോ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന മഗ്ദലേന റിഡ്ജ് ഓബ്സർവേറ്ററിയിലാണ് നെസ്സി പ്രവർത്തിക്കുന്നത്.[3] നാസയുടെ എക്സ്പിരിമെന്റൽ പ്രോഗ്രം ടു സ്റ്റിമുലേറ്റ് കോമ്പിറ്റിറ്റീവ് റിസർച്ചും ന്യൂ മെക്സിക്കൊ ഇൻസ്റ്റിട്യൂട്ട് ഓഫ് മൈനിങ് ആന്റ് ടെക്നോളജിയും ചേർന്നാണ് ഇതിന് പണം മുടക്കുന്നത്.[1] 2014 ഏപ്രിൽ മാസം മുതൽ ഇതു പ്രവർത്തിച്ചു തുടങ്ങി.[1]
പ്രകാശസ്പെക്ട്രത്തിലെ ഇൻഫ്രാറെഡ് രശ്മി വരെ വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശരശ്മികളെ ഉപയോഗിക്കാൻ നെസ്സിക്കാവും. നൂറോളം സൗരയൂഥേതരഗ്രഹങ്ങളെ നെസ്സി നിരീക്ഷിക്കുകയും വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ഇതിനു വേണ്ടി ട്രൻസിറ്റ് സ്പെക്ട്രോസ്കോപി സങ്കേതമാണ് ഉപയോഗപ്പെടുത്തുന്നത്. സൗരയൂഥേതരഗ്രഹളുടെ അന്തരീക്ഷഘടനയും രാസഘടനയും പഠിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.[1] ഓരോ വർഷത്തിലും 50 രാത്രികൾ സൗരയൂഥേതരഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനു വേണ്ടി നെസ്സി ഉപയോഗിക്കും.[4]