ബ്രിട്ടീഷ് അധീന പലസ്തീനിലെപലസ്തീൻ സർവേ വകുപ്പ് ഉപയോഗിച്ചുവന്ന ഭൂമിശാസ്ത്രപരമായ കോർഡിനേറ്റ് സംവിധാനമായിരുന്നു ബ്രിട്ടീഷ് മാൻഡേറ്റ് പലസ്തീൻ ഗ്രിഡ് (അറബിക് : لتربيع الفلسطيني ) എന്ന പലസ്തീൻ ഗ്രിഡ് . 1922 ൽ പലസ്തീൻ സർക്കാരിന്റെ സർവേ വകുപ്പാണ് ഈ സംവിധാനം തിരഞ്ഞെടുത്തത്. [1] കാസിനി-സോൾഡ്‌നർ പ്രൊജക്ഷൻ ആയിരുന്നു ഇതിനായി ഉപയോഗിച്ചത്. കിലോമീറ്ററാണ് ഗ്രിഡിന്റെ അടിസ്ഥാനമാക്കിയത്. ആദ്യത്തിൽ നെഗേവ് മരുഭൂമിയെ ഗ്രിഡിന്റെ പരിധിയിൽ പരിഗണിച്ചില്ലെങ്കിലും അതിനെ നെഗറ്റീവ് കോർഡിനേറ്റ് ആയി കണക്കാക്കിയത് ആശയക്കുഴപ്പത്തിനിടയാക്കി. അതൊഴിവാക്കാനായി ഗ്രിഡിനോട് ആയിരം കൂട്ടിച്ചേർക്കുകയായിരുന്നു. ഇതോടെ തെക്ക് 900 മുതൽ വടക്ക് 1300 വരെയായി ഗ്രിഡിന്റെ കോർഡിനേറ്റുകൾ.
രണ്ടാം ലോകമഹായുദ്ധസമയത്ത്, പലസ്തീൻ ഗ്രിഡിന് സമാനമായ ഒരു മിലിട്ടറി പലസ്തീൻ ഗ്രിഡ് ഉപയോഗിച്ചിരുന്നുവെങ്കിലും ട്രാൻസ്‌വേഴ്സ് മെർക്കേറ്റർ പ്രൊജക്ഷൻ ആണ് അതിനായി ഉപയോഗിച്ചത്. [2]
ഇസ്രായേൽ സ്റ്റേറ്റ് സ്ഥാപിതമായതിനുശേഷം, ഇസ്രായേൽ ഗ്രിഡ് അല്ലെങ്കിൽ ഇസ്രായേലി കാസിനി സോൾഡ്‌നർ (ഐസിഎസ്) ഗ്രിഡ് എന്ന പേരിൽ തുടർന്നും ഉപയോഗിച്ചു, ഇപ്പോൾ "ഓൾഡ് ഇസ്രായേലി ഗ്രിഡ്" എന്ന് വിളിക്കപ്പെടുന്നു, 1994 ൽ ഇസ്രായേലി ട്രാൻവേഴ്‌സ് മെർക്കേറ്റർ ഗ്രിഡ് സ്ഥാപിച്ചു. ചരിത്രപരവും പുരാവസ്തുപരവുമായ രചനകളിൽ സ്ഥലങ്ങൾ വ്യക്തമാക്കാൻ പലസ്തീൻ ഗ്രിഡ് ഇപ്പോഴും ഉപയോഗിക്കുന്നു.
പലസ്തീൻ ഗ്രിഡിൽ ഒരു സ്ഥലം വ്യക്തമാക്കുന്നതിനുള്ള അടിസ്ഥാന മാർഗം കിഴക്ക്-പടിഞ്ഞാറ് കോർഡിനേറ്റ്, തുടർന്ന് വടക്ക്-തെക്ക് കോർഡിനേറ്റ് 3 അക്കങ്ങൾ വീതം ഉപയോഗിക്കലാണ്. ഉദാഹരണത്തിന്, ഡോം ഓഫ് ദി റോക്ക് 172132 ആണ്. ഇതിന്റെ കൃത്യത ഒരു കിലോമീറ്ററാണ്. നാലക്കം വീതം ഉപയോഗിക്കുമ്പോൾ 100 മീറ്റർ കൃത്യതയിലും അഞ്ചക്കമുപയോഗിക്കുമ്പോൾ 10 മീറ്റർ കൃത്യതയിലും ആണ് ലഭിക്കുക. പല രചയിതാക്കളും രണ്ട് കോർഡിനേറ്റുകളെ വായനാ സൗകര്യത്തിനായി ചിഹ്നം ഉപയോഗിച്ച് 172-132 അല്ലെങ്കിൽ 172/132 എന്നിങ്ങനെ വേർതിരിക്കുന്നു[3].