ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങൾ എന്നറിയപ്പെടുന്നത്. കുട്ടനാട്ടിലെ ചുണ്ടൻവള്ളങ്ങളെ അപേക്ഷിച്ച് ഈ വള്ളങ്ങൾക്ക് 5-6 കോൽ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളുടെ അമരം(പിൻഭാഗം),കൂമ്പ്(മുൻഭാഗം) എന്നിവ വെള്ളത്തിനോട് ചേർന്നു കിടക്കുമ്പോൾ പള്ളിയോടങ്ങളുടെ മൂന്നിൽ രണ്ടു ഭാഗം മാത്രമേ ജലത്തിൽ സ്പർശിക്കുകയുള്ളൂ. അതുപോലെ തന്നെ വള്ളത്തിന്റെ 'ഉടമ'(വീതി) കുട്ടനാടൻ വള്ളങ്ങളെ അപേക്ഷിച്ചു കൂടുതൽ ആയിരിക്കും.
ഒരു വള്ളത്തിൽ 100-110 വരെ ആൾക്കാർ കയറും. 4 അമരകാർ, 10 നിലയാൾ, ബാക്കി തുഴക്കാർ എന്നാണ് കണക്ക്.4 അമരക്കാർ നാലു വേദങ്ങളെയും, കൂമ്പിൽ ഇരിക്കുന്ന 8 തുഴകാർ അഷ്ടദിക്‌ൿപാലകന്മാരേയും, അമരത്തിന്റെ ഇരുവശവും ഉള്ള 2 വെങ്കലകുമിളകൾ സൂര്യനേയും ചന്ദ്രനേയും പ്രധിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.പള്ളിയോടത്തിൽ തിരു ആറന്മുളയപ്പന്റെ(ഭഗവാൻ) സാന്നിദ്ധ്യം ഉണ്ടെന്നാണ് വിശ്വാസം. അതിനാൽ ഭക്ത്യാദരങ്ങളോടെ മാത്രമേ പള്ളിയോടത്തിൽ ആൾക്കാർ കയറുകയുള്ളൂ.
ഒരു വള്ളം നിർമ്മിക്കുന്നതിന് ഏക്ദേശം 40 - 45 ലക്ഷം രൂപ ചെലവാകും. ഇതിന്റെ നിർമ്മാണത്തിനു ഉപയോഗിക്കുന്ന തടി ആഞ്ഞിലിയാണ്. പാലാ-മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളിൽ നിന്നാണ് സാധാരണയായി ഇതിനു വേണ്ടിയുള്ള വലിയ ആഞ്ഞിലിത്തടികൾ ലഭിക്കുന്നത്.
ആറിന്റെ കരയിൽ നിർമ്മിക്കുന്ന മാലിപ്പുരകളിൽ ആണ് വള്ളത്തിന്റെ നിർമ്മാണം നടത്തുന്നത്.'ഏരാവ്-മാതാവ്' എന്ന 2 നീളമുള്ള പലകകൾ ആണ് ഒരു വള്ളത്തിന്റെ നട്ടെല്ല്. ആദ്യം കമഴ്ത്തിയിട്ട് ഈ 2 പലകകൾ ഒരു അച്ചിൽ ഉറപ്പിച്ച് ഒരു വളവ് ഉണ്ടാക്കിയെടുത്തിട്ടാണ് വള്ളംപണി ആരംഭിക്കുന്നത്. ഈ വളവ് ഉണ്ടാക്കിയെടുക്കാൻ സാധാരണ 3-4 മാസം വേണ്ടിവരും.പണിക്ക് ഉപയോഗിക്കുന്ന തടി മുഴുവൻ കൈ കൊണ്ട് അറത്തു എടുക്കുകയാണ്.
വള്ളംപണിക്കായി എഴുതപ്പെട്ട തച്ചുശാസ്ത്രം നിലവില്ല. പ്രധാന ആശാരിയുടെ മനസ്സിൽ രൂപപ്പെടുന്ന കണക്കുകൾ വെച്ചാണ് പണി പുരോഗമിക്കുന്നത്. വള്ളം പണിയാൻ ആവശ്യമായ 'തറകൾ'(അഥവാ ചതുരത്തിൽ ഉള്ള ആണികൾ) നിർമ്മിക്കുന്നത് മാലിപ്പുരയിൽ തന്നെയാണ്. നല്ലൊരു തൂക്കം ഇരുമ്പ് വള്ളംപണിക്ക് ആവശ്യമാണ്.ഇതുകൂടാതെ തടികൾക്കിടയിൽ കൂടി വെള്ളം കയറാതിരിക്കുവാൻ വേണ്ടി 'ചെഞ്ചല്യം' എന്ന ഒരു കൂട്ടുപശയും ഉപയോഗിക്കും.പുറം തടി കുറച്ചു ഉള്ളിലേക്ക് കിഴിച്ചാണ് വള്ളത്തിൽ തറകൾ തറക്കുന്നത് (ഇതിനെ തറക്കുഴി എന്നാണു പറയുക ).തറകുഴികൾക്ക് ഇടയിൽ കൂടി വെള്ളം കയറാതിരിക്കാൻ പണ്ടുകാലങ്ങളിൽ തറക്കുഴികൾകൾ മെഴുകു ഉപയോഗിച്ച് അടച്ചിരുന്നു .എന്നാൽ ഇപ്പോൾ മെഴുകിന് പകരം കൂടിയ ഇനം പുട്ടി ആണ് തറക്കുഴികൾ അടക്കാൻ ഉപയോഗിക്കുന്നത് .
വള്ളത്തിന്റെ അവസാന അലങ്കാരപ്പണികൾ പ്രധാന ആശാരിയാണ് ചെയ്യുന്നത്. പണ്ടുകാലത്ത് പള്ളിയോടങ്ങൾ നിർമ്മിച്ചിരുന്നത് റാന്നി മുണ്ടപ്പുഴ തച്ചന്മാർ ആയിരുന്നു. ഇന്ന് ഈ ശാഖയിൽ നിന്ന് ആരും തന്നെ പള്ളിയോടനിർമ്മാണത്തിൽ ഏർപ്പെടുന്നില്ല. ഇപ്പോഴുള്ള പ്രധാന ശിൽപ്പി ചങ്ങങ്കരി വേണു ആചാരിയും അയിരൂർ ചെല്ലപ്പൻ ആചാരിയും ആണ്. ഇതിനു മുൻപ് കോഴിമുക്ക് നാരായണൻ ആശാരിയും ചങ്ങങ്കരി തങ്കപ്പൻ ആശാരിയും ആയിരുന്നു വള്ളങ്ങൾ നിർമ്മിച്ചിരുന്നത്. കോഴഞ്ചേരി, കീഴുകര, നെല്ലിക്കൽ,കാട്ടൂർ എന്നീ പള്ളിയോടങ്ങൾ കോഴിമുക്ക് നാരായണൻ ആശാരി നിർമ്മിച്ചതാണ്. പൂവത്തൂർ പടിഞ്ഞാറ്, മാലക്കര, ഇടനാട്, പ്രയാർ എന്നിവ തങ്കപ്പൻ ആചാരി നിർമ്മിച്ചതാണ്. ചെന്നിത്തല, കീഴുവന്മഴി, വന്മഴി, കിഴക്കനോതറ - കുന്നെക്കാട്, ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക ഇടയാറന്മുള, ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക്,പുന്നംതോട്ടം ,തെക്കേമുറി, അയിരൂർ, ഇടപ്പാവൂർ-പേരൂർ എന്നീ വള്ളങ്ങൾ നിർമ്മിച്ചത് വേണു ആശാരി ആണ്. കീഴ്ചെരിമേൽ, തെക്കേമുറി കിഴക്ക്, മേലുകര, കീഴുകര, നെടുമ്പ്രയാർ, ഇടപ്പാവൂർ എന്നീ പള്ളിയോടങ്ങൾ അയിരൂർ ചെല്ലപ്പൻ ആചാരി നിർമിച്ചതാണ്. ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന കോറ്റാത്തൂർ- കൈതക്കോടി, ഇടക്കുളം, റാന്നി പുല്ലുപ്രം എന്നീ പള്ളിയോടങ്ങളും ചെല്ലപ്പൻ ആചാരിയുടെ മേൽനോട്ടത്തിൽ ആണ് നിർമ്മിക്കുന്നത്.
പണ്ട് മദ്ധ്യതിരുവിതാംകൂറിൽ പടിഞ്ഞാറു പള്ളിപ്പാട് മുതൽ കിഴക്ക് വടശ്ശേരിക്കര വരെയായി 48 കരകളിൽ പള്ളിയോടങ്ങൾ ഉണ്ടായിരുന്നു. കാലം കടന്നുപോയപ്പോൾ പലവള്ളങ്ങളും ജീർണ്ണാവസ്ഥയിലും പിന്നെ കരകാരുടെ വഴക്കിലും പെട്ടു നശിച്ചു പോയി. പരുമല, ഇരമല്ലിക്കര, ഇരുവെള്ളിപ്ര, പള്ളിപ്പാട്, മേപ്രം, വാഴാർമങ്കലം, പാണ്ടനാട്, ഐത്തല, വടശ്ശേരിക്കര എന്നിങ്ങനെ പഴയ പല വള്ളങ്ങളും ഇപ്പോൾ പഴമക്കാരുടെ ഓർമ്മകളിലെ ഉള്ളു. 90കളുടെ മദ്ധ്യത്തിൽ എണ്ണം കുറഞ്ഞുകുറഞ്ഞു 27ൽ എത്തി നിന്നു. പിന്നീട് പലകരക്കാരും വളരെ ഉത്സാഹത്തോടെ വള്ളം നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു.
93 മുതൽ മിക്കവാറും എല്ലാവർഷവും ഒരു പുതിയ വള്ളം എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. ചെറുകോൽ, കുറിയന്നൂർ,കോറ്റാത്തൂർ,ഇടപ്പാവൂർ, മാലക്കര, കാട്ടൂർ, ഇടനാട്,ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക ഇടയാറന്മുള, ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക്,പുന്നംതോട്ടം, ഇടപ്പാവൂർ, കീഴുകര, നെടുമ്പ്രയാർ, ചെന്നിത്തല, കീഴ്ചെരിമേൽ, അയിരൂർ, തെക്കേമുറി, തെക്കേമുറി കിഴക്ക്, കിഴക്കനോതര, മേലുകര എന്നിങ്ങനെ പോയി അതിന്റെ കണക്ക്.
മദ്ധ്യതിരുവിതാംകൂറിൽ പടിഞ്ഞാറു ചെന്നിത്തല മുതൽ കിഴക്ക് ഇടക്കുളം വരെയുള്ള 52 പള്ളിയോടങ്ങളാണ് ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്നത്.